Sorry, you need to enable JavaScript to visit this website.

മുസ്‌ലിം ജമാഅത്തും എസ്.വൈ.എസും ആയിരം വീടുകൾ നവീകരിക്കും -കാന്തപുരം

എസ്.വൈ.എസ് സാന്ത്വനം വളണ്ടിയർമാരെ അനുമോദിക്കുന്നതിനു കൽപറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനം കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യുന്നു. 

കൽപറ്റ- സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിൽ വാസയോഗ്യമല്ലാതായതിൽ ആയിരം വീടുകൾ  മുസ്‌ലിം ജമാഅത്തും എസ്.വൈ.എസും നവീകരിക്കുമെന്നു അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി  കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ.  വയനാട്ടിലെ  ദുരിതബാധിത പ്രദേശങ്ങളിൽ സേവനം ചെയ്ത 680 എസ്.വൈ.എസ് സാന്ത്വനം വളണ്ടിയർമാരെ അനുമോദിക്കുന്നതിനു ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 
പ്രളയക്കെടുതിയിൽ ദുരിതമനുഭവിച്ചവരെ ജാതി-മത-രാഷ്ട്രീയ പരിഗണനകൾക്കപ്പുറം ചേർത്തുപിടിച്ച മലയാളികൾ  രാജ്യത്തിനു  മാതൃകയാണ്. മഹാദുരന്തത്തിൽ മലയാളികൾ   ഒന്നിച്ചുനിന്നു ദുരിതബാധിതരെ സഹായിച്ചു. പ്രളയക്കെടുതികളെ  വിജയകരമായി അതിജീവിക്കാൻ കഴിയണം. അനാവശ്യ ആക്ഷേപങ്ങളും സങ്കുചിതതാത്പര്യങ്ങളും ഉണ്ടാകരുത്. ലോകത്തുള്ള മുഴുവൻ മലയാളികളും കേരളത്തെ സ്‌നേഹിക്കുന്ന മറ്റുള്ളവരും പുനർനിർമാണ പ്രക്രിയയിൽ  സഹായത്തിനുണ്ട്. കെടുതിയിൽ വീടു നഷ്ടപ്പെട്ട ഒരു മനുഷ്യനും തണലില്ലാതെ പോകരുതെന്നും  കാന്തപുരം പറഞ്ഞു.  
ഏതു പ്രതിസന്ധി ഘട്ടങ്ങളിലും ജാതി-മത-രാഷ്ട്രീയ ചിന്തകൾക്കതീതമായി സേവനം ചെയ്യാൻ സന്നദ്ധരാണെന്ന പ്രതിജ്ഞ വളണ്ടിയർമാർക്കു കാന്തപുരം ചൊല്ലിക്കൊടുത്തു. ദുരിതബാധിത മേഖലകളിൽ സന്ദർശനം നടത്തിയശേഷമാണ് അദ്ദേഹം സമ്മേളനത്തിനെത്തിയത്. 
പി. ഹസൻ മൗലവി ബാഖവി അധ്യക്ഷത വഹിച്ചു. എം. അബ്ദുറഹ്മാൻ മുസ്‌ലിയാർ പ്രാർത്ഥന നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരൻ, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അബ്ദുൽ ലത്തീഫ് സഅദി പഴശി, പി.കെ.എം. സഖാഫി ഇരിങ്ങല്ലൂർ, സംസ്ഥാന സെക്രട്ടറി എസ്. ഷറഫുദ്ദീൻ, കെ.ഒ. അഹമ്മദുകുട്ടി ബാഖവി, കെ.എസ്. മുഹമ്മദ് സഖാഫി, എം. മുഹമ്മദലി, കെ.കെ. മുഹമ്മദലി ഫൈസി, ഷമീർ ബാഖവി, അബ്ദുൽ ഗഫൂർ സഖാഫി, മുഹമ്മദ് സഖാഫി ചെറുവേരി, അലവി സഅദി, നൗഷാദ് കണ്ണോത്തുമല, സുലൈമാൻ സഅദി വെള്ളമുണ്ട  എന്നിവർ പ്രസംഗിച്ചു.

Latest News