മോഡി സർക്കാർ ഇന്ത്യയെ ദുർബലമാക്കുന്നു-പ്രൊഫ.ഖാദർ മൊയ്തീൻ
മലപ്പുറം- ഭാരതത്തെ ദുർബമാക്കുന്ന നടപടികളാണ് നാലര വർഷം കൊണ്ട് നരേന്ദ്രമോഡി സർക്കാർ കൈകൊണ്ടതെന്ന് മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ അഭിപ്രായപ്പെട്ടു. ഇതിനെ അതിജയിക്കാൻ 2019 ൽ കോൺഗ്രസ് നേതൃത്വം നൽകുന്ന മതേതര സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലേറുമെന്നും മുസ്‌ലിം ലീഗ് അതിന്റെ മുൻനിരയിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിക്ക് ദുരിതാശ്വാസ ഫണ്ട് കൈമാറിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഖാദർ മൊയ്തീൻ.
നോട്ട് നിരോധനം രാജ്യത്തെ പിറകോട്ട് വലിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. വിലക്കയറ്റത്തിന്റെ ദുരിതമെത്താത്ത ഒരു വീടും ഇന്ന് രാജ്യത്തില്ല. തകർച്ചയുടെ കാര്യത്തിൽ രൂപ ഓരോ ദിവസവും റെക്കോർഡ് തിരുത്തുകയാണ്. രൂപയുടെ തകർച്ച പറഞ്ഞ് യു.പി.എ സർക്കാരിനെ വിമർശിച്ചവർ അധികാരത്തിലെത്തിയപ്പോൾ സ്ഥിതിഗതികൾ വഷളാവുന്നതാണ് കണ്ടത്. പെട്രോൾ വില വർധനയിലും കാര്യങ്ങൾ മറിച്ചല്ല. പട്ടേൽ പ്രതിമിക്ക് 6000 കോടി രൂപ ചെലവഴിച്ചവർ പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തെ അവഗണിക്കുകയായിരുന്നു. ബി.ജെ.പിയെ ഇനി ജയിക്കാൻ ജനങ്ങൾ അനുവദിക്കില്ല. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി നേരിട്ട തോൽവിയെല്ലാം വരാൻ പോവുന്ന മാറ്റത്തിന്റെ സൂചനകളാണ്. മുസ്‌ലിം ലീഗിന്റെ സമുന്നതനായ നേതാവായിരുന്ന ഇ. അഹമ്മദിന്റ കാലം ആവർത്തിക്കും. പുതിയ മന്ത്രിസഭയിൽ മുസ്‌ലിം ലീഗിന്റെ പ്രാതിനിധ്യമുണ്ടാവും. പാർട്ടി ശക്തമായ കേരളത്തിലും തമിഴ്‌നാട്ടിലും കോൺഗ്രസും ഡി.എം.കെയും നയിക്കുന്ന മുന്നണികളിൽ മുസ്്‌ലിം ലീഗ് ഉറച്ചു നിൽക്കും. മതേതര മുന്നേറ്റത്തിന് ശക്തിപകരുകയാണ് മുസ്‌ലിം ലീഗുൾപ്പെടുയുള്ള സംഘടനകളുടെ ദൗത്യം. ഇതിനായി മഴുവൻ പിന്നാക്ക ന്യൂനപക്ഷ സംഘടനകളെയും സഹായം തേടും. ഇതിനായി ദൽഹിയിൽ പ്രത്യേക യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയ ബാധിത പ്രദേശങ്ങൾക്ക് ആശ്വാസം പകർന്ന് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുസ്‌ലിം ലീഗ് തമിഴ്‌നാട് സംസ്ഥാന കമ്മിറ്റിയുടെ ധനസഹായം ചടങ്ങിൽ കൈമാറി. വിവിധ സമാഹരണ പദ്ധതികളിലൂടെ സ്വരൂപിച്ച ആദ്യ ഘഡുവായ 55 ലക്ഷം രൂപ മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം. ഖാദർമൊയ്തീൻ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് കൈമാറി. നേരത്തെ വിവിധ ദുരിതാശ്വാസ കാമ്പുകളിലേക്കായി പോഷക സംഘടനകളുടേതുൾപ്പെടെ 78 ലക്ഷം രൂപയുടെ ധനസഹായം തമിഴ്‌നാട് ഘടകം നൽകിയിരുന്നു.
കേരളത്തിന്റെ ദുഃഖം തമിഴ് മക്കളുടേതു കൂടിയാണ്. അത്‌കൊണ്ട് തന്നെയാണ് പ്രളയം ദിവസങ്ങളിൽ അവശ്യ സാധനങ്ങൾ കേരളത്തിലേക്ക് കയറ്റിഅയച്ചത്. പുനരധിവാസ പ്രവർത്തനങ്ങൾ കൂടുതൽ പണം ആവശ്യമാണെന്ന് മനസ്സിലാക്കി ഫണ്ട് സമാഹരണ പ്രവർത്തനങ്ങൾക്ക് മുസ്‌ലിം ലീഗ് നേതൃത്വം നൽകി. തമിഴ് ജനതയുടെ വലിയ പിന്തുണയാണ് ഇതിനുണ്ടായത്. തുടർ പ്രവർത്തനങ്ങളിൽ മുസ്‌ലിം ലീഗ് ഘടകത്തിന്റേയും പോഷക സംഘടനകളുടെയും പൂർണ പിന്തുണയും സഹായവുമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തോട് അയൽ സംസ്ഥാനങ്ങൾ കാണിക്കുന്ന സനേഹവും കരുതലും നന്ദിപൂർവ്വം സ്മരിക്കുന്നതായി ഹൈദരലി തങ്ങൾ പറഞ്ഞു. തമിഴ്‌നാട് ജനതയുടെ കാരുണ്യ ഹസ്തം കേരള ജനതക്ക് ആശ്വാസം പകരുന്നതാണ്. തങ്ങൾ പറഞ്ഞു.
മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി എം.പി, ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, എം.പി അബ്ദുസമദ് സമദാനി, അഡ്വ. നാലകത്ത് സൂപ്പി, മുസ്‌ലിം ലീഗ് തമിഴ്‌നാട് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.എം മുഹമ്മദ് അബൂബക്കർ എം.എൽ.എ, ട്രഷറർ എം.എസ്.എ ഷാജഹാൻ, മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ സുബൈർ, എൻ.എ കരീം, എസ്.എച്ച് മുഹമ്മദ് അർഷാദ്, കെ.എം നിസാമുദ്ദീൻ, എസ്.എ മുഹമ്മദ് ഇബ്രാഹീം മക്കി, കുഞ്ഞുമോൻ ഹാജി, മൻദുൽ ഹസൻ പങ്കെടുത്തു,