ന്യൂദല്‍ഹി- സംഭാവന സ്വീകരിച്ച കണക്കുകളിലെ വൈരുധ്യം ചൂണ്ടിക്കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ ആം ആദ്മി പാര്‍ട്ടിക്ക് നോട്ടീസയച്ചു. 2014-15 കാലയളവില്‍ സ്വീകരിച്ച സംഭാവനകളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രസ്തുക കാലയളവില്‍ പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടില്‍ 67.67 കോടി രൂപ എത്തിയിട്ടുണ്ട്. എന്നാല്‍, ആ കാലയളിലെ വരുമാനം വെളിപ്പെടുത്തിയിരിക്കുന്നത് 54.15 കോടി രൂപ മാത്രമാണ്. ഇത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്ന് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാലയളവില്‍ പാര്‍ട്ടി ഹവാല ഇടപാടുകാരില്‍നിന്നു പോലും സംഭാവന കൈപ്പറ്റിയതിന് തെളിവുണ്ടെന്നും തെരഞ്ഞെടുപ്പു കമ്മീഷന്റെ നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രഥമൃഷ്ട്യാ ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പു കമ്മീഷന്റെ ചട്ടങ്ങള്‍ ലംഘിച്ചിരിക്കുകയാണെന്നും 20 ദിവസത്തിനുള്ളില്‍ ഹാജരായി വിശദീകരണം നല്‍ണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ആം ആദ്മി പാര്‍ട്ടിയുടെ സംഭാവന, വരുമാന കണക്കുകളിലെ വൈരുധ്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ജനുവരിയില്‍ കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ് ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര അന്നത്തെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായ എ.കെ ജ്യോതിക്ക് കത്തു നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 27ന് ആദായനികുതി വകുപ്പ് നോട്ടീസയച്ചെങ്കിലും ഇത് കേന്ദ്ര സര്‍ക്കാരിന്റെ പകപോക്കലാണെന്ന് പറഞ്ഞ് ആപ്പ് തള്ളിക്കളയുകയായിരുന്നു.