റിയാദ് - പന്ത്രണ്ട് മേഖലകളിലെ സ്വദേശിവത്കരണത്തിന്റെ ആദ്യഘട്ടം ഇന്ന് രാവിലെ മുതൽ നടപ്പിലായി. വസ്ത്രങ്ങൾ, വാഹന ഷോറൂമുകൾ, ഫർണീച്ചറുകൾ, പാത്രങ്ങൾ എന്നിങ്ങനെ നാലു മേഖലകളിലായി മുപ്പതോളം ഇനങ്ങളാണ് ഇന്ന് (സെപ്തംബർ 11 ,മുഹറം ഒന്ന്) മുതൽ ആരംഭിച്ച ആദ്യഘട്ട സ്വദേശിവത്കരണത്തിന്റെ പരിധിയിൽ വരുന്നത്. അതേസമയം, ബഖാലകളിൽ സൗദിവത്കരണം തുടങ്ങിയെന്ന തരത്തിലുള്ള പ്രചാരണം ശരിയല്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ബഖാലകളിലെ കൗണ്ടറുകളിൽ സ്വദേശിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയെന്നായിരുന്നു വാട്‌സാപ്പ് വഴി പ്രചരിച്ചിരുന്നത്. എന്നാൽ, ബഖാലകളിൽ ഇതിന്റെ ആവശ്യമില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കാനും കൂടുതൽ തൊഴിലവസരം ഉണ്ടാക്കാനുമാണ് കഴിഞ്ഞ ജനുവരി 28 ന് തൊഴിൽമന്ത്രി 12 സാമ്പത്തിക മേഖലയിലെ സെയിൽസ് ഔട്ട്‌ലെറ്റുകളിൽ സ്വദേശിവത്കരണം പ്രഖ്യാപിച്ചത്. ഏറെ പഠനങ്ങൾക്ക് ശേഷം ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിക്‌സ് ആണ് സ്വദേശിവത്കരണം നടപ്പാക്കേണ്ട ഈ 12 സാമ്പത്തിക മേഖലകളെ വേർതിരിച്ചത്. സമ്പൂർണ സ്വദേശിവത്കരണ പദ്ധതിയാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും വ്യാപാരികളിൽ നിന്നുള്ള ആവശ്യത്തെ തുടർന്ന് 70 ശതമാനമാക്കി പിന്നീട് ഭേദഗതി വരുത്തുകയായിരുന്നു. മൊത്തമായും ചില്ലറയായും സാധനങ്ങൾ വിൽക്കുന്ന കടകളും ഷോറൂമുകളും സൂഖുകളും സ്റ്റാളുകളും സെയിൽസ് ഔട്ട്‌ലെറ്റുകളുടെ പരിധിയിൽ വരുമെന്നാണ് തൊഴിൽമന്ത്രാലയം അറിയിച്ചിരിക്കുന്നത്.
പുരുഷൻമാരുടെയും കുട്ടികളുടെയും തുണിത്തരങ്ങൾ, സ്‌പോർട്‌സ് വസ്ത്രം, സൈനിക യൂണിഫോമുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, മശാലിഹ്, ലേഡീസ് അബായ, ബ്രാ, ടൈ, സോക്‌സ്, തസ്ബീഹ് മാലകൾ, രോമ വസ്ത്രങ്ങൾ, കുടകൾ, ബെൽറ്റ്, പാദരക്ഷകൾ, സ്‌പോർട് ഷൂ, സുഗന്ധ ദ്രവ്യങ്ങൾ, സോപ്പ്, സൗന്ദര്യവർധക വസ്തുക്കൾ, ശിമാഗ്, ഒമാനി തൊപ്പി, വലിയ കടകളിലായി ഒരു കുടക്കീഴിൽ ചില്ലറ വിൽപന നടത്തുന്ന വസ്ത്രങ്ങളും പാദരക്ഷകളും തുകൽ ഉൽപന്നങ്ങളും സുഗന്ധദ്രവ്യങ്ങളും, പെട്ടികൾ എന്നിവയാണ് വസ്ത്രങ്ങളുടെ ഇനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ആംബുലൻസ്, ബസ്, നാലു ചക്രവാഹനങ്ങൾ, ട്രെയ്‌ലർ, മോട്ടോർ ബൈക്കുകൾ, ആവി എഞ്ചിനുകളുള്ള ചെറിയ വാഹനങ്ങൾ എന്നിവയുടെ വിൽപന, കമ്മീഷൻ അടിസ്ഥാനത്തിൽ വാഹന വിൽപന, ഹറാജുകളിലെ കാർ ലേലം എന്നിവയാണ് വാഹന ഷോറൂമുകളുടെ പരിധിയിൽ വരുന്നത്. വീടുകളിലേക്കും ഓഫീസുകളിലേക്കും ആവശ്യമായ ഫർണീച്ചറുകൾ, ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവയാണ് ഫർണീച്ചറുകളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അടുക്കളയിലുപയോഗിക്കുന്ന എല്ലാവിധ പാത്രങ്ങളും, കത്തികൾ, സ്പൂൺ അടക്കമുള്ള അനുബന്ധ ഉപകരണങ്ങൾ, കരകൗശല വസ്തുക്കൾ, സെറാമിക്, ഗ്ലാസ് പാത്രങ്ങൾ ഇവയെല്ലാം പാത്രങ്ങളുടെ ഇനങ്ങളിലാണ് ഉൾപ്പെടുന്നത്. ഇവക്കുള്ള കോഡ് നമ്പറുകളും മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതേസമയം ഈ ഇനങ്ങളിൽ പെടുന്ന സ്ഥാപനങ്ങളുടെയും കടകളുടെയും ഉടമകൾ അവരുടെ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ പരിശോധിച്ചുറപ്പുവരുത്തണമെന്നും രജിസ്‌ട്രേഷനിൽ പരമാർശിക്കാത്ത ബിസിനസ് ചെയ്താൽ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
വാച്ച്, കണ്ണട, ഇലക്ട്രോണിക്- ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവയുടെ സെയിൽസ് ഔട്ട്‌ലെറ്റുകൾ നവംബർ പത്തി(റബീഉൽ അവ്വൽ ഒന്ന്)നും മെഡിക്കൽ ഉപകരണങ്ങൾ, ബേക്കറികൾ, വാഹനങ്ങളുടെ സ്‌പെയർപാർട്‌സ്, കെട്ടിട നിർമാണ സാമഗ്രികൾ, കാർപറ്റ് എന്നിവയുടെ ഔട്ട്‌ലെറ്റുകൾ ജനുവരി എട്ടി(ജുമാദൽ ഊല ഒന്ന്)നുമാണ് സ്വദേശിവത്കരണ വ്യവസ്ഥയുടെ പരിധിയിൽ വരുന്നത്.
ഇത്തരം സ്ഥാപനങ്ങളിൽ ഷോറൂം മാനേജർ, സെയിൽസ് റെപ്രസന്റേറ്റീവ്, പർച്ചേസ് മാനേജർ, മാർക്കറ്റിംഗ് മാനേജർ, സൂപർവൈസർ, സെയിൽസ്മാൻ, എകൗണ്ടന്റ്, കസ്റ്റമർ സർവീസ് തുടങ്ങി ഡ്യൂട്ടി സമയങ്ങളിലെ മുഴുവൻ ജോലികളിലും സ്വദേശികളെ മാത്രമേ നിയമിക്കാനാകൂ. എന്നാൽ കടയടച്ച ശേഷം കടയുമായി ബന്ധപ്പെട്ട മറ്റു ജോലികൾ ചെയ്യാൻ വിദേശികളെ നിയമിക്കാവുന്നതാണ്. ഒരു ഷിഫ്റ്റിൽ 10 സ്വദേശി ജീവനക്കാരുണ്ടെങ്കിൽ ഷോറൂമിന്റെയോ കടയുടെയോ മാനേജറായി ഒരു വിദേശിയെ ഒരു വർഷത്തേക്ക് ജോലിക്ക് നിയമിക്കാം. പക്ഷേ അസിസ്റ്റ്ന്റ് മാനേജറായി ഒരു സൗദി പൗരനെ നിയമിക്കുകയും ഒരു വർഷം കഴിഞ്ഞ് വിദേശി മാനേജറെ മാറ്റി സ്വദേശി പൗരനെ മാനേജറായി നിയമിക്കേണ്ടതുമാണ്. കണ്ണട ഷോറൂമുകളിൽ ആരോഗ്യമന്ത്രാലയത്തിന്റെ ലൈസൻസുള്ള വിദേശികളായ ടെക്‌നീഷ്യൻമാർക്കും സ്‌പെഷ്യലിസ്റ്റുകൾക്കും ജോലി ചെയ്യുന്നതിന് തടസ്സമുണ്ടാകില്ല. കാർ മെക്കാനിക്, വാച്ച് മെക്കാനിക്, ഇലക്ട്രിക് ഉപകരണങ്ങൾ സർവീസ് ചെയ്യുന്ന ടെക്‌നീഷ്യൻ, ടൈലർ, ബേക്കറി സാധനങ്ങൾ നിർമിക്കുന്നവർ എന്നീ ജോലിയിലും വിദേശികളെ നിയമിക്കാവുന്നതാണ്.
അഞ്ച് ജീവനക്കാരുള്ള സ്ഥാപനത്തിന് ക്ലീനിംഗ്, ലോഡിംഗ് ചെയ്യാനായി ഒരു വിദേശിയെ ജോലിക്ക് വെക്കാം. അഞ്ചിലധികം ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ 20 ശതമാനത്തിലധികം ക്ലീനിംഗ്, ലോഡിംഗ് തൊഴിലാളികളെ അനുവദിക്കുകയുമില്ല. അതേസമയം ഈ മേഖലയിലെ സ്ഥാപനങ്ങളുടെ ഹെഡ് ഓഫീസിൽ രാവിലെ ഓഫീസ് തുറന്ന് വൈകീട്ട് അടക്കുന്നത് വരെ വിദേശികളെ ജോലിക്ക് വെക്കാൻ അനുവാദമില്ല. വൈകീട്ട് അടച്ചതിന് ശേഷം ഓഫീസുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും ജോലികൾ ചെയ്യാൻ വിദേശികൾക്ക് അനുവാദമുണ്ട്. ഒരു സ്വദേശി സ്റ്റാഫിന്റെയെങ്കിലും സാന്നിധ്യമില്ലാതെ ഈ സെയിൽസ് ഔട്ട്‌ലെറ്റുകൾ തുറക്കാനും പാടില്ല. കടകളിൽ വിദേശികൾക്ക് അനുവദിച്ച ജോലി ചെയ്യണമെങ്കിൽ അവരുടെ ഇഖാമയിലെ പ്രൊഫഷൻ വ്യത്യാസപ്പെടാൻ പാടില്ല. സെയിൽസ് ജോലികൾ ചെയ്യാൻ അനുവാദമില്ല എന്ന് രേഖപ്പെടുത്തിയ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും യൂണിഫോമും വിദേശികൾ ധരിച്ചിരിക്കണമെന്നും മന്ത്രാലയം പറയുന്നു.