മക്ക- മദീനയിലെയും മക്കയിലെയും ഹറമുകളിലെ പ്രധാനപ്പെട്ട തസ്തികകളിൽ 41 വനിതകളെ നിയമിച്ച് ഉത്തരവായി. ഇരുഹറം കാര്യവകുപ്പ് മേധാവി ഡോ. അബ്ദുറഹ്മാൻ അൽ സുദൈസാണ് വനിതകളെ നിയമിച്ചത്. വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണ് വനിതകളുടെ നിയമനമെന്ന് ഉത്തരവിലുണ്ട്. ഹറമുകളിൽ തീർത്ഥാടനത്തിനും പ്രാർത്ഥനക്കുമെത്തുന്ന സ്ത്രീകൾക്ക് തുടർന്നും മികച്ച സേവനം നൽകാൻ പ്രധാനപ്പെട്ട തസ്തികകളിൽ വനിതകളെ കൂടി നിയമിക്കുന്നതോടെ സാധ്യമാകുമെന്നാണ് കണക്ക്കൂട്ടുന്നത്. ഇരുഹറമുകളിലെയും സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് വനിതകൾക്ക് ക്രിയാത്മകമായ പങ്ക് വഹിക്കാനുണ്ടെന്നും അബ്ദുറഹ്മാൻ അൽ സുദൈസ് പറഞ്ഞു.