തിരുവനന്തപുരം- അഴിമതിക്കാരായ ചിലരെ മാത്രം സംരക്ഷിക്കാനാണോ അഴിമതി നിരോധന നിയമം ജൂലൈ 26 ന് ഭേദഗതി ചെയ്തതെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി. മാണിക്കെതിരെ തുടരന്വേഷണത്തിന് ഗവർണറുടെ മുൻകൂർ പ്രോസിക്യൂഷൻ അനുമതി വേണമോയെന്നത് സംബന്ധിച്ച് സെപ്റ്റംബർ 18ന് കോടതി ഉത്തരവ് പുറപ്പെടുവിക്കും. നിയമ മന്ത്രാലയം പ്രസിദ്ധപ്പെടുത്തിയ ഔദ്യോഗിക വിജ്ഞാപനത്തിൽ ഭേദഗതി വരുത്തിയ വകുപ്പ് 17 എ ബാർകോഴ കേസിൽ നിലനിൽക്കുമോ എന്നത് സംബന്ധിച്ചാണ് ഉത്തരവ് പറയുകയെന്ന് വിജിലൻസ് ജഡ്ജി ഡി.അജിത്കുമാർ അറിയിച്ചു.
പൊതുസേവകൻ കൈക്കൂലിയായി പണമോ പാരിതോഷികമോ കൈപ്പറ്റിയ ശേഷം പണം നൽകിയവർക്കോ അവർ നിർദേശിക്കുന്നവർക്കോ വേണ്ടി തന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ എന്തെങ്കിലും ശുപാർശയോ തീരുമാനമോ കൈക്കൊണ്ടാൽ മാത്രമേ അന്വേഷണ ഉദ്യോഗസ്ഥന് തുടരന്വേഷണത്തിന് ഭേദഗതി വകുപ്പ് 17 എ പ്രകാരം മുൻകൂർ പ്രോസിക്യൂഷൻ അനുമതി വാങ്ങേണ്ട ആവശ്യമുള്ളു. എന്നാലിവിടെ കെ.എം.മാണി മൂന്നു തവണയായി ഒരു കോടി രൂപ കൈപ്പറ്റിയെങ്കിലും പൂട്ടിയ 418 ബാറുകളുടെ ലൈസൻസ് പുതുക്കി നൽകാൻ കാബിനറ്റിൽ യാതൊരു ശുപാർശയോ തീരുമാനമോ അറിയിച്ചില്ല. മറിച്ച് ആദ്യ ഇൻസ്റ്റാൾമെന്റായ 15 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം ബാക്കി പണം ലഭിക്കാത്തതിനാൽ ഫയൽ പഠിക്കാൻ രണ്ടു ദിവസം ക്യാബിനറ്റിൽ സമയം ആവശ്യപ്പെട്ട് മാറ്റിവയ്പ്പിക്കുകയായിരുന്നു. അതിനാൽ മാണിക്കെതിരെ തുടരന്വേഷണത്തിന് വിജിലൻസിന് വകുപ്പ് 17 എ പ്രകാരമുള്ള മുൻകൂർ അനുമതി ആവശ്യമില്ലെന്ന് വി.എസ്. അച്യുതാനന്ദന്റെ അഭിഭാഷകൻ വാദിച്ചു. അതിനാൽ തുടരന്വേഷണം നടത്താൻ കോടതി ഉത്തരവ് നൽകണമെന്നും അഭ്യർഥിച്ചു.
എന്നാൽ റൂൾസ് ഓഫ് ബിസിനസ് പ്രകാരം കാബിനറ്റിൽ സമയം തേടാൻ മന്ത്രിക്ക് അവകാശമുണ്ടെന്നും സർക്കാർ അഭിഭാഷകൻ മറുവാദം ഉന്നയിച്ചു. മൂന്നു അന്വേഷണം നടത്തിയിട്ടും റഫർ ചാർജാണ് വിജിലൻസ് സമർപ്പിച്ചതെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. തുടർന്ന് കോടതി ബാർകോഴ കേസിൽ വകുപ്പ് 17-എയുടെ നിലനിൽപ്പ് സംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിക്കാനായി 18 ലേക്ക് മാറ്റി.