തിരുവനന്തപുരം- അഡീഷണൽ ചീഫ് സെക്രട്ടറിയും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുമായ പി.എച്ച്. കുര്യനെതിരെ രൂക്ഷ വിമർശനവുമായി കൃഷി ഓഫീസർമാരുടെ സംഘടന രംഗത്തെത്തി. കുട്ടനാട്ടിൽ നെൽകൃഷി പ്രോൽസാഹിപ്പിക്കുന്നത് കൃഷി വകുപ്പ് മന്ത്രിക്കും വകുപ്പിനും മോക്ഷപ്രാപ്തി കിട്ടുന്നതിന് വേണ്ടിയാണെ ന്ന് കുര്യൻ പരിഹസിച്ചിരുന്നു. നെൽകൃഷി വ്യാപിപ്പിക്കുന്നത് കൃഷി വകുപ്പ് മന്ത്രിക്കും വകുപ്പിനും കേരള ജനതയുടെയും മോക്ഷപ്രാപ്തിക്കു വേണ്ടിത്തന്നെയാണെന്നും സ്വന്തം സുഖസൗകര്യങ്ങളെ കുറിച്ച് മാത്രം ചിന്തിക്കുന്ന മനുഷ്യർക്ക് ഇതിന്റെ മൂല്യം മനസ്സിലാകില്ലെന്നും കൃഷി ഓഫീസർമാരുടെ സംഘടനയായ അസോസിയേഷൻ ഓഫ് അഗ്രിക്കൾച്ചറൽ ഓഫീസേഴ്‌സ് കേരള (എ.ഒ.എ.ഒ.കെ) അഭിപ്രായപ്പെട്ടു.
അഡീഷനൽ ചീഫ് സെക്രട്ടറിയുടെ അഭിപ്രായം നിരുത്തരവാദപരവും പ്രതിഷേധാർഹവുമാണ്. അത് നെൽകൃഷി പ്രോൽസാഹിപ്പിക്കുക എന്ന സർക്കാറിന്റെ പ്രഖ്യാപിത നയത്തിനെതിരും കുട്ടനാടിലെ അദ്ധ്വാനശീലരായ കർഷകരെ അപമാനിക്കലുമാണ്. അതിനാൽ അദ്ദേഹം ഈ പ്രസ്താവനയിൽനിന്ന് പിൻമാറണമെന്ന് സംസ്ഥാന പ്രസിഡന്റ് ഷാജൻ മാത്യുവും സെക്രട്ടറി സുരേഷ് കെ.പിയും ആവശ്യപ്പെട്ടു.
ലോക ഭൂപടത്തിൽ തന്നെ സ്ഥാനം പിടിച്ചിട്ടുള്ള ഒന്നാണ് കുട്ടനാട്ടിലെ നെൽകൃഷി. സമുദ്രനിരപ്പിൽ നിന്ന് 2-3 മീറ്റർ താഴ്ചയിൽചെയ്യുന്ന കുട്ടനാടൻ നെൽകൃഷിയെ ലോകഭക്ഷ്യ കാർഷിക സംഘടന ലോകത്തിലെ പ്രധാന കാർഷിക പൈതൃക സമ്പ്രദായം ആയി അടയാളപ്പെടുത്തിയിട്ടുമുണ്ട്. ഏതാണ്ട് രണ്ട് നൂറ്റാണ്ട് പഴക്കമുണ്ട് കുട്ടനാട്ടിലെ നെൽകൃഷിക്ക്. ഹെക്ടറിൽ നിന്ന് ശരാശരി 6 ടൺ വരെ വിളവ് ലഭിക്കുന്നു. കുട്ടനാടിന്റെ വിനോദസഞ്ചാര സാധ്യത പൂർണതയിലെത്തുന്നതും നെൽകൃഷി കൂടി ചേരുമ്പോഴാണ്. കുട്ടനാടിലെ കർഷകർ പരിസ്ഥിതി സംരക്ഷണത്തിന്റെയും ദുരന്ത തയ്യാറെടുപ്പിന്റെയും കാര്യത്തിൽ അക്കാദമിക്ക് തലത്തിനപ്പുറമുള്ള ജ്ഞാനമുള്ളവരുമാണ്. വർഷത്തിൽ രണ്ട് ലക്ഷം മെട്രിക്ക് ടൺ നെല്ലുൽപാദിപ്പിക്കുന്ന കുട്ടനാടൻ കർഷകരോടുള്ള അവഹേളനമായി മാത്രമേ അഡീ. ചീഫ് സെക്രട്ടറിയുടെ വാക്കുകളെ കരുതാനാകൂ. മന്ത്രിയെയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരെയും അടച്ചാക്ഷേപിക്കുന്ന ഒരു പ്രസ്താവനയാണ് പി.എച്ച് കുര്യന്റേതെന്ന് സംഘടന ചൂണ്ടിക്കാട്ടി.
റവന്യു വകുപ്പ് മന്ത്രിക്ക് അപ്രിയനായ കുര്യൻ മുഖ്യമന്ത്രിയുടെ പ്രത്യേകതാൽപര്യപ്രകാരമാണ് വകുപ്പിൽ തുടരുന്നത്. കുര്യനെ മാറ്റണമെന്ന് റവന്യുമന്ത്രി ആവശ്യപ്പെട്ടുവെങ്കിലും പ്രയോജനമൊന്നുമുണ്ടായില്ല. അതിനിടെയാണ് കൃഷി മന്ത്രിയെ പരസ്യമായി ആക്ഷേപിച്ച് കുര്യൻ രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെയും സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെയും പിന്തുണയുള്ളതുകൊണ്ടാണ് സിപിഐ മന്ത്രിമാരെ ഒരു സർക്കാർ ഉദ്യോഗസ്ഥൻ അവഗണിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതെന്നാണ് സിപിഐ നേതാക്കൾ പറയുന്നത്. കുര്യന്റെ നിലപാടിനെതിരെയുള്ള പ്രതിഷേധം സിപിഐ സംസ്ഥാന നേതൃത്വം സിപിഎമ്മിനെ അറിയിക്കണമെന്ന ആവശ്യവുമായി സിപിഐ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.