കണ്ണൂർ- കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനു അന്തിമാനുമതി നൽകുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര സിവിൽ ഏവിയേഷൻ സംഘത്തിന്റ പരിശോധന അടുത്ത ആഴ്ച നടക്കും. വിമാനത്താവളത്തിൽ കാലാവസ്ഥാ പരിശോധന ഉപകരണങ്ങൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. നവംബർ ആദ്യവാരം വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടക്കുമെന്നാണ് സൂചന.
ഡയറക്‌ട്രേറ്റ് ഓഫ് സിവിൽ ഏവിയേഷൻ സംഘത്തിന്റെ (ഡി.ജി.സി.എ)യുടെ അവസാന വട്ട പരിശോധന ഈ മാസം 17 മുതൽ 19 വരെ നടക്കുമെന്നാണ് സൂചന. ഈ പരിശോധന മാത്രമാണ് ഇനി ബാക്കിയുള്ളത്. കാലിബ്രേഷൻ പരിശോധനകളടക്കം കഴിഞ്ഞാഴ്ച പൂർത്തിയായിരുന്നു. എയർപോർട്ട് അതോറ്റിയുടെയും ഡി.സി.എയുടെയും അന്തിമ പരിശോധനകളും ലൈസൻസ് അനുവദിക്കാനുള്ള നടപടി ക്രമങ്ങളും മാത്രമാണ് ഇനി പൂർത്തിയാവാനുള്ളത്. കാലിബ്രേഷൻ ടെസ്റ്റിന്റെ റിപ്പോർട്ട് ലഭിച്ച സാഹചര്യത്തിലാണ് മറ്റു നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ തീരുമാനിച്ചത്. ഇൻസ്ട്രുമെന്റ് അപ്രോച്ച് പ്രോട്ടോകോൾ തയ്യാറാക്കലും അതനുസരിച്ച് 200 യാത്രക്കാർ കയറാവുന്ന വലിയ വിമാനം റൺവേയിൽ ഇറക്കി പരിശോധന നടത്തലും മാത്രമാണ് ബാക്കിയുള്ളത്.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) യുടെ നേതൃത്വത്തിൽ കാലാവസ്ഥാ പരിശോധന ഉപകരണങ്ങൾ കണ്ണൂർ വിമാനത്താവളത്തിൽ സ്ഥാപിക്കുന്ന പ്രവർത്തി അവസാന ഘട്ടത്തിലാണ്. പൂനെയിൽ നിന്നും ബംഗലൂരുവിൽ നിന്നുമുള്ള ഉദ്യോഗസ്ഥരാണ് ഇത് സ്ഥാപിക്കുന്നത്. അന്തരീക്ഷ ഊഷ്മാവ്, മഴ തുടങ്ങിയവ അളക്കാനുള്ള ഉപകരണങ്ങളാണ് സ്ഥാപിക്കുന്നത്. വിമാനത്താവളം പ്രവർത്തനം തുടങ്ങിയാൽ അര മണിക്കൂർ ഇടവിട്ട് കാലാവസ്ഥാ റിപ്പോർട്ട് മെറ്റ് ബ്രീഫിംഗ് റൂം വഴി എയർ ട്രാഫിക് കൺട്രോളിലേക്കു നൽകും. എ.ടി.സി വഴി പൈലറ്റുമാർക്കു ഈ വിവരം ലഭ്യമാവുകയും ചെയ്യും. സുരക്ഷിത ലാൻഡിംഗ് മുന്നിൽ കണ്ടാണ് ഈ സംവിധാനം.