കോട്ടയം - കന്യാസ്ത്രീയെ അപമാനിച്ചു പ്രസ്താവന നടത്തിയ മുന്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് എം.എല്‍.എക്ക് ദേശീയ വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചു. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ വേശ്യ എന്ന് വിളിച്ചതില്‍ വിശദീകരണം നല്‍കാനാണ് നിര്‍ദേശം. ഈ മാസം 20 കമ്മീഷന് മുമ്പാകെ നേരിട്ട് ഹാജരായി വേണം വിശദീകരണം നല്‍കാന്‍. ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ ആണ് നോട്ടീസ് അയച്ചത്. അന്ന് രാവിലെ 11.30 ന് ദല്‍ഹിയിലെ ഓഫീസില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. അതിനിടെ, കന്യാസ്ത്രീയുടെ ആരോപണങ്ങള്‍ അവര്‍ ഉള്‍പ്പെട്ട മിഷനറീസ് ഓഫ് ജീസസ് സഭ തള്ളി. ബാഹ്യപ്രേരണയാണ് കന്യാസ്ത്രീ സമരത്തിന് പിന്നിലെന്നും സഭ പറഞ്ഞു.
പി.സി ജോര്‍ജ് ഇന്നലെയും ദേശീയ വനിതാ കമ്മീഷനെയും കന്യാസ്ത്രീയെയും പരിഹസിച്ചു. ഹര്‍ത്താല്‍ ദിനമായ ഇന്നലെ പൂഞ്ഞാറിലെ വസതിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പി.സി ജോര്‍ജ് തന്റെ വാദഗതി ആവര്‍ത്തിച്ചത്.
ഈ വിഷയത്തില്‍ ഇര കന്യാസ്ത്രീയാണോ അതോ ബിഷപ്പാണോയെന്ന് സംശയമുണ്ടെന്ന് ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചില അപഥ സഞ്ചാരിണികളായ സ്ത്രീകള്‍ക്ക് അനുകൂലമായി നിയമങ്ങളെ മുതലെടുക്കാന്‍ ശ്രമം നടക്കുകയാണ്. ഇതിനെതിരെ പ്രതികരിക്കേണ്ടത് പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ തന്റെ ഉത്തരവാദിത്തമാണ്. കന്യാസ്ത്രീകള്‍ക്ക് പരാതിയുണ്ടെങ്കില്‍ സമരം നടത്താതെ ഹൈക്കോടതിയില്‍ ഹരജി നല്‍കുകയാണ് ചെയ്യേണ്ടിയിരുന്നത്.
സഭയെ അവഹേളിക്കുന്നവരുടെ പിന്തുണയോടെയാണ് ഇപ്പോഴത്തെ അവരുടെ സമരം. കന്യാസ്ത്രീയുടെ കുടുംബത്തിന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയുണ്ടായ സാമ്പത്തിക ഉയര്‍ച്ചയെക്കുറിച്ച് അന്വേഷിക്കണം. കന്യാസ്ത്രീയുടെ കുടുംബം സ്വന്തം നാട്ടില്‍ വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇതിന് എവിടെ നിന്നാണ് പണം ലഭിച്ചതെന്നും ജോര്‍ജ് ചോദിച്ചു. കന്യാസ്ത്രീ നിയമപരിരക്ഷയാണ് തേടുന്നതെങ്കില്‍ താന്‍ പിന്തുണയ്ക്കും.
എന്നാല്‍ മാന്യമായി ജീവിക്കുന്ന വൈദിക സമൂഹത്തെ അപമാനിക്കാന്‍ അനുവദിക്കില്ല. ക്രൈസ്തവ സമൂഹത്തെ അപമാനിക്കണം എന്ന ലക്ഷ്യത്തോടെ ലോകവ്യാപകമായി സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ബിഷപ്പ് തെറ്റ് ചെയ്യാനുള്ള സാധ്യത ഉണ്ടെന്ന് തന്നെ കരുതുന്നു. താനിതുവരെ ബിഷപ്പിനെ കണ്ടിട്ടില്ല. അദ്ദേഹത്തെ പരിചയവുമില്ലെന്നും ജോര്‍ജ് പറഞ്ഞു. തന്നെ മര്യാദ പഠിപ്പിക്കാന്‍ ആരും വരണ്ട. ദേശീയ വനിതാ കമ്മീഷന്‍ തന്റെ മൂക്ക് ചെത്തുമോയെന്നും ജോര്‍ജ് എം.എല്‍.എ പരിഹസിച്ചു.