റിയാദ്- ജോലി ചെയ്യുന്ന കമ്പനിയില്‍ കോടികളുടെ സാമ്പത്തിക തിരിമറി നടത്തി തിരുവനന്തപുരം സ്വദേശി ഒളിവില്‍. നാല് വര്‍ഷത്തോളമായി റിയാദിലെ മുറബ്ബ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സൂപ്പര്‍ മാര്‍ക്കറ്റ് മാനേജറായിരുന്ന കഴക്കൂട്ടം ശാന്തിനഗര്‍ സാഫല്യത്തിലെ ജോസഫ് തോമസിന്റെ മകന്‍ ഷിജു ജോസഫാണ് (42) കമ്പനിയെ കബളിപ്പിച്ച് നാട്ടിലേക്ക് മുങ്ങിയത്. 2.23 മില്യണ്‍ റിയാലിന്റെ (4.24 കോടി രൂപ) തട്ടിപ്പാണ് ഷിജു ജോലിയിലിരിക്കെ നടത്തിയത്. ഇതു സംബന്ധിച്ച പരാതി ലുലു അധികൃതര്‍ സൗദിയിലെ ഇന്ത്യന്‍ എംബസിക്കും കേരള പോലീസ് ഡി.ജി.പി, തിരുവനന്തപുരം ജില്ല കലക്ടര്‍, സിറ്റി പോലീസ് കമ്മീഷണര്‍ തുടങ്ങിയവര്‍ക്കും നല്‍കിയിട്ടുണ്ട്.
ജോലി ചെയ്യുന്ന സ്ഥാപനമറിയാതെ വിതരണക്കാരില്‍നിന്ന് വന്‍തോതില്‍ സാധനങ്ങള്‍ നേരിട്ട് ഓര്‍ഡര്‍ ചെയ്ത് മറിച്ച് വില്‍ക്കുന്ന രീതിയാണ്
ഷിജു അവലംബിച്ചിരുന്നത്. സ്ഥാപനത്തിന്റെ പേരില്‍ വ്യാജരേഖകളും സീലും മറ്റും തയ്യാറാക്കിയായിരുന്നു തട്ടിപ്പ്. ഇങ്ങനെ ഓര്‍ഡര്‍ ചെയ്ത് വാങ്ങിയ സാധനങ്ങള്‍ പുറത്ത് മറിച്ച് വിറ്റ് ധനാപഹരണം നടത്തുകയായിരുന്നു.
സാധനങ്ങള്‍ വാങ്ങിയ വകയില്‍ ബില്ലുകള്‍ അക്കൗണ്ട്‌സില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് വിവരം പുറത്താകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതിന്റെ സൂത്രധാരന്‍ ഷിജുവാണെന്ന് മനസ്സിലായത്. തട്ടിപ്പു വിവരം പുറത്തു വരുന്നതിനു മുമ്പ് തന്നെ എമര്‍ജന്‍സി ലീവില്‍ ഷിജു നാട്ടിലേക്ക് മുങ്ങിയിരുന്നു. വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോള്‍ ഷിജു അവിടെ എത്തിയിട്ടില്ല എന്നാണറിഞ്ഞത്. തുടര്‍ന്ന് കമ്പനി അധികൃതര്‍ പരാതി നല്‍കുകയായിരുന്നു. ഷിജുവിനെ കണ്ടെത്താനുള്ള അന്വേഷണം കഴക്കൂട്ടം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.