Sorry, you need to enable JavaScript to visit this website.

മുത്തശ്ശി നഗരമേ വിട...;പ്രിയ കഥാകാരന്‍ അബു ഇരിങ്ങാട്ടിരിയുടെ യാത്രാമൊഴി

കാല്‍നൂറ്റാണ്ടു കാലത്തെ സൗദി ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഈ മുത്തശ്ശി നഗരത്തോടുള്ള സ്‌നേഹവാല്‍സല്യങ്ങള്‍ വല്ലാത്തൊരിഷ്ടത്തിലേക്ക് മുങ്ങിത്താണു പോകുന്നതുപോലെ. ഹൃദ്യവും മനോഹരവുമായ കുറേ വര്‍ഷങ്ങള്‍. ഹൃദയത്തോട് ചേര്‍ത്തുവെക്കാന്‍ പറ്റിയ ഒട്ടേറെ സൗഹൃദങ്ങള്‍. ആനന്ദവും ആദരവും ഒരുപോലെ കോരിക്കുടിച്ചു തിമര്‍ത്ത ദിനരാത്രങ്ങള്‍. ഒരു  എഴുത്തുകാരന്‍ എന്ന നിലയില്‍ മാത്രം ജിദ്ദാനഗരം   എന്നെ നെഞ്ചേറ്റിയ സന്തോഷം. ഒരു പക്ഷെ, മറ്റൊരിടത്തുനിന്നും കിട്ടാത്ത, വേറെയൊരു എഴുത്തുകാരനോടും കാണിക്കാത്ത പരിഗണനയും സ്‌നേഹാദരങ്ങളുമാണ് ഈ മുത്തശ്ശിനഗരവും ഇവിടുത്തെ മലയാളി സമൂഹവും എനിക്കു തന്നത്.  തീര്‍ച്ചയായും  അബു ഇരിങ്ങാട്ടിരി എന്ന മനുഷ്യനുള്ളതല്ല, മറിച്ച് അക്ഷരങ്ങളെ പ്രണയിക്കുകയും അതിലൂടെ ലോകത്തെക്കാണാന്‍ ശ്രമിക്കുകയും  ചെയ്ത ഒരു ചെറിയ എഴുത്തുകാരനോടുള്ള സ്‌നേഹമായിരുന്നു അതെല്ലാം എന്നെനിക്കറിയാം. എന്തായാലും ഭൗതികമായും സര്‍ഗാത്മകമായും ഒരുപാടൊരുപാട് കാര്യങ്ങള്‍ ഈ നഗരവും ഈ രാജ്യവും എനിക്ക് തന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ നഷ്ടങ്ങളുടെ കണക്കെടുക്കുന്നതില്‍ യാതൊരു അര്‍ഥവുമില്ല. ജിദ്ദ നഗരത്തിലെ ബലദിലിരുന്നാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് ചേറുമ്പിന്റെ കഥ പറയുന്ന  'ദൃഷ്ടാന്തങ്ങള്‍' എഴുതുന്നത്. തമ്പ്രാന്‍ ഖലീഫയും മറ്റു പത്തുപന്ത്രണ്ടു പുസ്തകങ്ങളും ഇവിടെ ഇരുന്നാണ് എഴുതിയത്. ഇനി, ചേറുമ്പിലിരുന്നു ജിദ്ദയുടെ കിസ്സ എഴുതണം എന്നൊരു മോഹമുണ്ട്.

ആയുസിന്റെ പുസ്തകത്തില്‍ സര്‍വശക്തന്‍ കനിഞ്ഞനുഗ്രഹിച്ച താളുകള്‍ ബാക്കിയുണ്ടെങ്കില്‍ ജനിച്ചു വളര്‍ന്ന ചേറുമ്പിന്റെ മണ്ണിലിരുന്നു തീര്‍ച്ചയായും  ജീവിതം തന്ന ജിദ്ദയുടെ കിസ്സ എഴുതണം.
പ്രവാസ ജീവിതം എന്നെ  പഠിപ്പിച്ചത് അതിജീവനവും സഹിഷ്ണുതയുമാണ്. വിവിധ രാജ്യങ്ങളിലെ വ്യത്യസ്തരായ മനുഷ്യരോടും കാലാവസ്ഥകളോടും നിരന്തരം പോരാടി വിജയിച്ചവരാണ് പ്രവാസികള്‍. ദേശം വിട്ട് ജീവിക്കുന്നവന്റെ സഹനത്തേക്കാള്‍ വലിയ സഹനം വേറെയില്ല എന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല. കാരണം ഞാനതനുഭവിച്ചറിഞ്ഞവനാണ്.  അതുപോലെത്തന്നെ പ്രവാസിയേക്കാള്‍ മനുഷ്യപ്പറ്റുള്ള മനുഷ്യരും. ഓരോ പ്രവാസിയുടെ ഉള്ളിലും അലിവിന്റെ വലിയൊരു പൂമരം എപ്പോഴും സുഗന്ധം പരത്തിക്കൊണ്ടേയിരിക്കും. ആ മണം ആസ്വദിക്കാനും  മരത്തെ പുകഴ്ത്താനും ആളുകളുമുണ്ടാവും. എന്നാല്‍, അതിന്റെ സുഗന്ധം ഒരു കാലത്തും ഒരു പ്രവാസിക്കും നുകരാന്‍ കഴിഞ്ഞെന്നുവരില്ല. ഉള്ളില്‍ വളരുന്ന സുഗന്ധം അവനവന്‍ കൂടി ആസ്വദിക്കുമ്പോഴേ ജീവിതം സാര്‍ഥകമാവൂ. അല്ലെങ്കില്‍ കാലമേറെച്ചെല്ലുമ്പോള്‍ കരിഞ്ഞുണങ്ങി വെറും ഉണക്ക മരമായിത്തീരും.
പ്രവാസ ജീവിതത്തെ കുറിച്ച് പറയുന്നവരും എഴുതുന്നവരും ആടു ജീവിതങ്ങളും ഗദ്ദാമ കഥകളും മാത്രം കണ്ടാല്‍ പോര. ഈ മണ്ണിലെ ന്മയുടെ വെളിച്ചങ്ങള്‍ കൂടി രേഖപ്പെടുത്തണം. പ്രവാസത്തെ കുറിച്ച് പറയാന്‍ ധാരാളമുണ്ട്. അത് മലയാളിയെ ഗ്ലോബല്‍ മലയാളിയാക്കിയ ചരിത്രം കൂടിയാണ്.  എഴുതിയതിനേക്കാള്‍ കൂടുതല്‍ ഇനിയും എഴുതാനുണ്ട്.  ഇവിടെ നന്മ എമ്പാടുമുണ്ട്. അത് കാണാതെ പോകുന്നിടത്താണ് പ്രവാസ എഴുത്തിന്റെ വലിയ പോരായ്മ. ഗള്‍ഫില്‍ ജനിച്ചു വളര്‍ന്ന്, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന പുതിയ തലമുറയില്‍ നിന്നാണ് ഇനി മികച്ച  കൃതികള്‍ ഉണ്ടാവുക. പിറക്കാനിരിക്കുന്ന അത്തരം രചനകളാവും മലയാള സാഹിത്യത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുക എന്നുറപ്പ്. ജീവിതം ബലി കൊടുത്ത് മറ്റൊരു തലമുറയെയും സ്വന്തം നാടിനെയും വളര്‍ത്തിയ നവ പോരാളികളുടെ ജീവിതം. മാത്രവുമല്ല, കുടുംബവുമായി അകന്ന് കഴിയുന്ന ഓരോ പ്രവാസിയും ലൈംഗിക പട്ടിണിയിലൂടെ നീന്തിയാണ് നാടിന്റെ പട്ടിണി മാറ്റിയത്. ഇതും എഴുതപ്പെടാത്ത കിടക്കുകയാണല്ലോ? അവരുടെ അക്കരെയിക്കരെയുള്ള ജീവിതമാണ് നാമിനി വായിക്കാനിരിക്കുന്നത്.
പ്രവാസികള്‍ പുറപ്പെട്ടു പോന്നിടം സ്വര്‍ഗമാക്കാന്‍ ശ്രമിക്കുന്നവരാണ്. അതുകൊണ്ടു തന്നെ അരനൂറ്റാണ്ടുകാലത്തെ പ്രവാസം കൊണ്ട് നാടു നന്നായി. പക്ഷേ, ഇന്നിപ്പോള്‍ മൊത്തം ഗള്‍ഫ് രാജ്യങ്ങളിലും  തിരിച്ചു പോക്കിന്റെ കാലമാണ്.  ഇത്തരമൊരു  തിരിച്ചുവരവിനെക്കുറിച്ച് നാട്ടിലുള്ളവരോ നാമോ ഒരിക്കലും ചിന്തിച്ചില്ല എന്നു മാത്രമല്ല, പ്രവാസിക്ക് ജീവിതോപാധി കണ്ടെത്താന്‍ ഉതകുന്ന ഒരു പദ്ധതിയും ഉണ്ടാക്കിയതുമില്ല. കുറ്റക്കാര്‍ നമ്മള്‍ തന്നെ. നാട്ടുകാരെ സേവിക്കുന്ന തിരക്കില്‍ നാം സ്വന്തം കാര്യം മറക്കുകയാണ് ചെയ്തത്.
തിരിച്ചു പോകാന്‍ തീരുമാനിക്കുമ്പോള്‍ ആദ്യം അവനവനെയും സ്വന്തം കുടുംബത്തെയും യാഥാര്‍ഥ്യം ബോധ്യപ്പെടുത്തേണ്ടതുണ്ട്. അങ്ങനെയേ തിരിച്ചു പോക്കിന്റെയും നാട്ടില്‍ വേര് പിടിപ്പിക്കുന്നതിന്റെയും ആഘാതത്തെ തടുത്തു നിര്‍ത്താനാവൂ. എന്തായാലും  തിരിച്ചു പോക്ക് തന്റെ രചനകളെയും സര്‍ഗാത്മക ജീവിതത്തെയും സ്വാധീനിക്കുകയും സക്രിയമായി നില നിര്‍ത്തുകയും ചെയ്ത സ്വന്തം ദേശത്തേക്കാണല്ലോ എന്ന സമാധാനം. അവിടെ കഥകളുടെ ലോകത്ത് ഒരു തമ്പ്രാന്‍ ഖലീഫയായി ശിഷ്ടകാലം ജീവിക്കാനാണ് താല്‍പര്യം.  പൊള്ളുന്ന മണല്‍ത്തരികള്‍ ചവിട്ടി അന്നം തേടി വന്നവരുടെ കാല്‍പ്പാടുകള്‍ താണ്ടി വന്നവന്‍ തിരിച്ചു പോയവരുടെയും പോകുന്നവരുടെയും പിറകെ ഇതാ. വഴി തിരിച്ചു നടക്കുന്നു. എന്തെങ്കിലും സര്‍ഗാത്മകാടയാളങ്ങള്‍ ഇവിടെ ബാക്കിവെച്ചു പോകുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും എനിക്ക് പിറകെ വന്നവര്‍ അത് പൂരിപ്പിക്കുകയും എന്നെ ഓര്‍ക്കുകയും ചെയ്‌തേക്കാം...

ഓര്‍ക്കാനും നന്ദി പറയാനും ഒരുപാട് പേരുണ്ട്..എല്ലാവരും ഹൃദയത്തില്‍ അലിഞ്ഞു ചേര്‍ന്നവര്‍. അതുകൊണ്ടു തന്നെ എന്നെ അറിഞ്ഞ എന്റെ എല്ലാ പ്രിയങ്കരര്‍ക്കും നന്ദി നന്ദി നന്ദി...ഒപ്പം വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിത വിജയം തേടി വന്ന ഒരു യുവാവിനെ സ്‌നേഹാലിംഗനത്താല്‍ പുണര്‍ന്ന്, ഒട്ടേറേ അനുഗ്രഹങ്ങള്‍ ചൊരിഞ്ഞ,  ജീവിതം നിറമുറ്റതാക്കിത്തന്ന  പ്രിയപ്പെട്ട മുത്തശ്ശിക്കും.  

പ്രിയപ്പെട്ട മഹാ നഗരമേ നഗരമേ വിട...വിട..വിട..

 

Latest News