Sorry, you need to enable JavaScript to visit this website.

അഭിമന്യുവിനെ കൊലപ്പെടുത്തിയ എട്ട്  പ്രതികളെയും സാക്ഷികൾ തിരിച്ചറിഞ്ഞു

കൊച്ചി- മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ  കൊലപ്പെടുത്തിയ കേസിലെ എട്ട് പ്രതികളെയും സാക്ഷികൾ തിരിച്ചറിഞ്ഞു. കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി  ഉൾപ്പെടെ കേസിൽ നേരിട്ട് പങ്കാളികളായ പ്രതികളെയാണ് തിരിച്ചറിഞ്ഞത്. അതേസമയം കേസിന്റെ കുറ്റപത്രം രണ്ടാഴ്ചക്കകം കോടതിയിൽ ഹാജരാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ, മഹാരാജാസ് കോളേജ് യൂണിറ്റ് സെക്രട്ടറി ജെ.ഐ മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗം ആദിൽ, പള്ളുരുത്തിയിലെ കില്ലർ ഗ്രൂപ്പ് അംഗം സനീഷ്, നെട്ടൂർ സ്വദേശി റെജീബ്, പത്തനംതിട്ട സ്വദേശിയും കോളേജിൽ ഒന്നാം വർഷം പ്രവേശനം നേടിയ ഫറൂഖ് എന്നിവരെയാണ് സാക്ഷികൾ തിരിച്ചറിഞ്ഞത്. ഇതിനിടെ വെള്ളിയാഴ്ച അറസ്റ്റിലായ നെട്ടൂർ സ്വദേശിയും പോപ്പുലർ ഫ്രണ്ട് പ്രവർത്തകനുമായ അബ്ദുൾ നാസറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നെട്ടൂർ സംഘാംഗവും കാമ്പസ് ഫ്രണ്ട് കൊച്ചി മേഖല ട്രഷററുമായ റെജീബിനെ നേരത്തെ അറസ്റ്റ്് ചെയ്തിരുന്നു.
30 പ്രതികളുള്ള കേസിൽ നിലവിൽ പിടിയിലായവരെ ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയത്. കേസിലെ ബാക്കി പ്രതികളെ പിടികൂടുന്ന മുറക്ക് അതുംകൂടി ഉൾപ്പെടുത്തി അനുബന്ധ കുറ്റപത്രവും നൽകും.  പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകരായ 15 പേർ കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായിട്ടുണ്ട്. ബാക്കിയുള്ളവർ അക്രമികൾക്ക് സഹായം നൽകിയവരാണ്. സംഭവം നടന്ന് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകണമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പിടിയിലാവരെ ഉൾപ്പെടുത്തി കുറ്റപത്രം നൽകുന്നത്.
മഹാരാജാസിൽ കലാപമുണ്ടാക്കി ഭീകരത സൃഷ്ടിക്കുന്നതിന് നടത്തിയ കൊലപാതകത്തിൽ പിടിയാലായ ഓരോ പ്രതികളുടെയും പങ്കാളിത്തം കുറ്റപത്രത്തിൽ അക്കമിട്ട് വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ രണ്ടിന് രാത്രി 12.45നാണ് മഹാരാജാസ് കോളേജിൽ കാമ്പസ് ഫ്രണ്ട് ക്രിമിനലുകൾ അഭിമന്യുവിനെ കുത്തി വീഴ്ത്തിയത്. എസ്.എഫ്.ഐ പ്രവർത്തകരായ അർജുൻ, വിനീത് എന്നിവർക്കും കുത്തേറ്റു. വയറിനും കരളിനും കുത്തേറ്റ അർജുൻ ശസ്ത്രക്രിക്ക് ശേഷം വിശ്രമത്തിലാണ്.

Latest News