കോഴിക്കോട്- സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ പാർട്ടി സ്ത്രീകൾക്കൊപ്പമായിരിക്കുമെന്ന് പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ
പാർട്ടിക്കകത്ത് നിന്നുള്ള പരാതിയായാലും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു.
പിണറായി വിജയന്റെ നേതൃത്വത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണ് കേരളം പ്രളയത്തെ അതിജീവിച്ചത്. പ്രളയജലം താഴ്ന്നുവെങ്കിലും പ്രശ്‌നങ്ങൾ തീർന്നിട്ടില്ല. വയനാട്ടിലെ ആദിവാസി കേന്ദ്രങ്ങൾ സന്ദർശിച്ചപ്പോൾ അവിടെ സർവതും നഷ്ടപ്പെട്ടവർ ഏറെയാണ്. അവർക്ക് അടുക്കള ഉപകരണങ്ങൾ കണ്ണൂർ ജില്ലയിലെ ജനാധിപത്യ മഹിളാ അസോസിയേഷൻ നൽകി.
കേരളം എങ്ങനെ പ്രളയ സമയത്ത് പ്രവർത്തിച്ചുവെന്ന് അമിത്ഷായും നരേന്ദ്രമോഡിയും കണ്ടു പഠിക്കേണ്ടതാണ്. ജാതി മത ചിന്തകൾക്കതീതമായാണ് ജനം പരസ്പരം സഹായിച്ചത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുമ്പോൾ ആരും ജാതിയും മതവും നോക്കിയില്ല. മത്സ്യതൊഴിലാളികൾ സ്വന്തം ബോട്ട് കൊണ്ടുവന്ന് ജനങ്ങളെ രക്ഷപ്പെടുത്തി. എന്നാൽ ദുരിതത്തിൽനിന്ന് രക്ഷപ്പെടുന്ന കേരള സർക്കാരിനെ സഹായിക്കരുതെന്നാണ് ആർ.എസ്.എസിന്റെ പ്രചാരണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയാൽ പ്രത്യേക വിഭാഗത്തിനാണ് ലഭിക്കുകയെന്നായിരുന്നു പ്രചാരണം.
ആർ.എസ്.എസിന്റെയും കേന്ദ്രസർക്കാരിന്റെയും ഫാസിസ്റ്റ് നിലപാടിനെ എതിർക്കുമ്പോൾ തന്നെ മുസ്‌ലിം-ക്രിസ്ത്യൻ മതമൗലികവാദ നിലപാടുകളെയും എതിർക്കണമെന്ന് ബൃന്ദ പറഞ്ഞു.
ജനത്തിന്റെ മേൽ വലിയ ഭാരം അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക നയമാണ് കേന്ദ്ര സർക്കാരിന്റേത്. പാവപ്പെട്ടവർക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് ആശ്വാസമായിരുന്ന തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്ര സർക്കാർ തകർക്കുകയാണ്. വിലക്കയറ്റം അതിരൂക്ഷമാണ്. ജി.എസ്.ടിയും നോട്ട് നിരോധവും സാധാരണക്കാരന്റെ നട്ടെല്ലൊടിച്ചു. ഇന്ധന വിലക്കയറ്റം അതിരൂക്ഷമായി മുന്നോട്ടു പോകുകയാണ്. ജനത്തിന്റെ പോക്കറ്റടിക്കുന്ന സർക്കാറാണ് നരന്ദ്രമോഡിയുടേത്.
രാജ്യത്തെങ്ങും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്നു. ലൈംഗിക പീഡനങ്ങൾ പെരുകുക മാത്രമല്ല ഇത്തരം കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം ചുരുങ്ങുകയും ചെയ്തു. ലൈംഗിക പീഡനക്കാരെ സംരക്ഷിക്കുകയാണ് ബി.ജെ.പി നേതൃത്വം. പീഡകരെ പിന്തുണച്ച് നേതാക്കൾ രംഗത്തു വരുന്നു. ജമ്മുവിലെ കത്‌വയിലെ പെൺകുട്ടിയെ പ്രത്യേക സമുദായക്കാരായതു കൊണ്ട് മാത്രം പിടിച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും കൊല ചെയ്യുകയും ചെയ്തു. ഇതിലെ പ്രതികൾക്ക് വേണ്ടി പരസ്യമായി രംഗത്തു വരാൻ ബി.ജെ.പിക്ക് മടിയുണ്ടായിട്ടില്ല.
ജനാധിപത്യ ധ്വംസനം രാജ്യത്ത് വർധിച്ചിരിക്കുകയാണ്. മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെ സുപ്രീംകോടതി വരെ വിമർശിച്ചു. എന്നിട്ടും അറസ്റ്റിനെ ന്യായീകരിക്കുകയും പിന്തുണക്കുകയുമാണ് ബി.ജെ.പി നേതാക്കൾ. കേരളത്തിലെ കോൺഗ്രസ് നേതൃത്വം ബി.ജെ.പിയുടെ നയങ്ങൾ പിന്തുണക്കുകയാണെന്ന് ബൃന്ദ കുറ്റപ്പെടുത്തി.
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമ പരാതിയിൽ ശക്തമായ നിലപാട് പാർട്ടിക്കുണ്ട്. അതിൽ വിട്ടുവീഴ്ചയില്ല. അതിനാൽ പാർട്ടിക്കെതിരായ കുപ്രചാരണങ്ങളിൽ വഞ്ചിതരാകരുത്- ബൃന്ദ പറഞ്ഞു. അഡ്വ. പി. സതീദേവി, കാനത്തിൽ ജമീല, ജാനമ്മ കുഞ്ഞുണ്ണി, ലതിക പ്രസംഗിച്ചു.