കൊല്ലം- പത്തനാപുരം മൗണ്ട് താബോര്‍ കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീയുടെ മുടിയും കൈത്തണ്ടയിലെ ഞരമ്പും മുറിച്ച നിലയില്‍. ഞായറാഴ്ച രാവിലെ പത്തു മണിയോടെയാണ് സിസ്റ്റര്‍ സി.ഇ. സൂസമ്മ (54)യുടെ മൃതദേഹം കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ കണ്ടത്. ഉച്ചയോടെ പുറത്തെടുത്ത് പരിശോധിച്ചപ്പോഴാണ് ശരീരത്തിലെ മുറിവുകള്‍ കണ്ടത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പത്തനാപുരം പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുനലൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. രണ്ടു കൈത്തണ്ടകളും മുറിച്ച നിലയിലാണ്. മുറിച്ച മാറ്റിയ മുടികള്‍ ഇവരുടെ മുറിയില്‍ നിന്നും പോലീസ് കണ്ടെടുത്തു. മുറിയിലും കിണറിനടുത്തേക്കുള്ള വഴിയിലും കിണറിന്റെ പടികളിലും രക്തക്കറകളുണ്ട്. പുറത്തെടുത്ത മൃതദേഹം കൊല്ലം എഡിഎം ശശികുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.
മലങ്കര സിറിയന്‍ ഒര്‍ത്തഡോക്‌സ് സഭയുടെ നേതൃത്വത്തിലുള്ള കന്യാസ്ത്രീ മഠമാണ് മൗണ്ട് താബോര്‍ കോണ്‍വെന്റ്. സഭയുടെ തന്നെ സെന്റ് സ്റ്റീഫന്‍സ് സ്‌കൂളില്‍ 12 വര്‍ഷമായി അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു സിസ്റ്റര്‍ സൂസമ്മ.