ന്യൂയോര്‍ക്ക്- ഇത്തവണത്തെ യുഎസ് ഓപണ്‍ വനിതാ സിംഗിള്‍സ് ഫൈനലിന്റെ രാത്രി ടെന്നിസ് ആരാധകര്‍ ഒരിക്കലും മറക്കാനിടയില്ല. ജപാന്‍കാരി നവോമി ഒസാക എന്ന പുതിയൊരു ടെന്നീസ് താരത്തിന്റെ ഉദയത്തിന് സാക്ഷ്യം വഹിച്ച ഇതെ രാത്രി തന്നെയാണ് ഗ്രാം സ്ലാം നേട്ടങ്ങളുടെ നെറുകയില്‍ നില്‍ക്കുന്ന സെറീന വില്യംസ് കോര്‍ട്ടില്‍ ഇന്നുവരെ കാണാത്ത തന്റെ മറ്റൊരു മുഖം പുറത്തെടുത്തത്. നവോമിയുടെ കരിയറിലെ വെട്ടിത്തിളങ്ങുന്ന ആ നേട്ടത്തിന്റെ പൊലിമ സെറീനയുടെ രോഷപ്രകടനത്തെ തുടര്‍ന്നുള്ള ആരാധകരുടെ അലറി വിളികളിലും ബഹളത്തിലും മുങ്ങി. നവോമിക്കിത് കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം ആണ്. ഒരു ജപാന്‍കാരിയുടെയും ആദ്യ നേട്ടം. ഈ 20കാരിയുടെ നെടുങ്കന്‍ നേട്ടം പക്ഷെ ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദമായി ഒരു ഫൈനലില്‍ ആയിപ്പോയി.
അമേരിക്കയുടെ ടെന്നീസ് ഐക്കണ്‍ മാര്‍ഗരറ്റ് കോര്‍ട്ടിന്റെ 24 ഗ്രാന്‍ഡ് സ്ലാം നേട്ടമെന്ന റെക്കോര്‍ഡിനൊപ്പം മറ്റൊരു അമേരിക്കന്‍ താരം സെറീനയും എത്തുന്ന കാഴ്ച പ്രതീക്ഷിച്ച് എത്തിയവരായിരുന്നു ആര്‍തര്‍ ആഷ് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ടെന്നീസ് ആരാധകരില്‍ ഭൂരിപക്ഷവും. എന്നാല്‍ അന്തിമ വിജയം ഇവരുടെ പ്രതീക്ഷകളെ തകിടം മറിക്കുന്നതായിരുന്നു.
ആദ്യ സെറ്റ് 6-2ന് നവോമി നേടിയതിനു ശേഷം രണ്ടാം സെറ്റിലാണ് കലപില തുടങ്ങിയത്. പ്ലയേഴ്‌സ് ബോക്‌സിലിരുന്ന് സെറീനയുടെ കോച്ച് കൈകള്‍ കൊണ്ട് ആംഗ്യങ്ങള്‍ കാണിച്ചതാണ് പ്രശ്‌നമായത്. ഇതു കണ്ട ചെയര്‍ അമ്പയര്‍ സെറീനയ്ക്ക് വാണിങ് നല്‍കി. ഇതോടെ സെറീന അമ്പയര്‍ക്കു നേരെ കയര്‍ത്തു മുന്നോട്ടു വന്നു. കളിക്കിടെ തനിക്ക് കോച്ചിങ് ലഭിച്ചിട്ടില്ലെന്നും താനൊരിക്കലും വഞ്ചന കാട്ടിയിട്ടില്ലെന്നും സെറീന അമ്പയര്‍ കാര്‍ലോസ് റാമോസിനോട് പറഞ്ഞു. ജയിക്കാന്‍ വഞ്ചന കാട്ടുന്നതിലേറെ തോല്‍വിയാണ് നല്ലതെന്നും സെറീന പറഞ്ഞു. ഇവിടെയാണ് തുടക്കം. ഇതിനിടെ നവോമിയും തന്റെ മികച്ച പ്രകടനം പുറത്തെടുത്ത് സെറീനയ്ക്കു മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി. പിന്നീട് കോര്‍ട്ടില്‍ കണ്ടത് സെറീനയുടെ മോശം പെരുമാറ്റങ്ങളായിരുന്നു. രണ്ടാം സെറ്റില്‍ കുഴപ്പമില്ലാതെ തുടങ്ങിയ സെറീനയ്ക്ക് പിന്നീട് പിഴച്ചതോടെ നവോമി 3-1ന്റെ ലീഡ് സ്വന്തമാക്കി. പിന്നീട് സെര്‍വ് നഷ്ടമായ സെറീന രോഷം തീര്‍ക്കാന്‍ തന്റെ റാക്കറ്റ് കോര്‍ട്ടിലെറിഞ്ഞ് നശിപ്പിച്ചു. ഇതിനിടെ നവോമി കളിയില്‍ ആധിപത്യം സ്ഥാപിച്ചതോടെ സെറീനയുടെ നില കൂടുതല്‍ പരുങ്ങലിലാകുകയായിരുന്നു.
തന്റെ 24ാം ഗ്രാന്‍ഡ് സ്ലാം കൈവിട്ടുപോയെന്നുറപ്പായ സെറീന അമ്പയര്‍ മാപ്പപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കിയെങ്കിലും റാമോസ് അനങ്ങിയില്ല. ഇത് സെറീനയെ കൂടുതല്‍ ചൊടിപ്പിച്ചു. റാമോസിനെ കള്ളനെന്നും നുണയനെന്നും വിളിച്ച് സെറീന കോര്‍ട്ടില്‍ തുള്ളി. 'താങ്കള്‍ നുണയനാണ്. ജീവിച്ചിരിക്കുന്ന കാലം ഇനിയൊരിക്കലും താങ്കള്‍ എന്റെ കോര്‍ട്ടില്‍ കളിനിയന്ത്രിക്കാനുണ്ടാവില്ല. താങ്കള്‍ എന്നോട് ക്ഷമാപണം നടത്തം. സോറി എന്നു പയൂ,' സെറീയ അലറിവിളിച്ചു.