ന്യൂയോര്‍ക്ക്- ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദ ഗ്രാന്റ്സ്ലാം ഫൈനലുകളിലൊന്നായി മാറിയ യു.എസ് ഓപണ്‍ ടെന്നിസിന്റെ വനിതാ സിംഗിള്‍സ് കലാശപ്പോരാട്ടത്തില്‍ നൊവോമി ഒസാക്കക്ക് ഉജ്വല ജയം. 23 ഗ്രാന്റ്സ്ലാം കിരീടങ്ങളുടെ അതുല്യമായ പരിചയസമ്പത്തുമായി വന്ന സെറീന വില്യംസിനെ ഏകപക്ഷീയമായ ഫൈനലില്‍ 6-2, 6-4 ന് തകര്‍ത്ത നൊവോമി ഒസാക്ക യു.എസ് ഓപണ്‍ ടെന്നിസില്‍ വനിതാ ചാമ്പ്യനായി. ഗ്രാന്റ്സ്ലാം നേടുന്ന ചരിത്രത്തിലെ ആദ്യത്തെ ജപ്പാന്‍ താരമാണ് നവോമി.
എന്നാല്‍ ഗാലറിയുടെ പൂര്‍ണമായ കൂവി വിളിക്കിടയിലാണ് മത്സരം അവസാനിച്ചതും ഒസാക്ക കിരീടവും 38 ലക്ഷം ഡോളര്‍ സമ്മാനവും ഏറ്റുവാങ്ങിയതും. അവസാന നിമിഷങ്ങളില്‍ സെറീനയുടെ രോഷപ്രകടനം കളിയെ അലങ്കോലമാക്കി. സെറീനക്ക് കോച്ച് പ്ലയേഴ്‌സ് ബോക്‌സില്‍ നിന്ന് നിര്‍ദേശം നല്‍കുന്നത് വീക്ഷിച്ച ചെയര്‍ അമ്പയര്‍ കാര്‍ലോസ് റാമോസ് ചട്ടലംഘനത്തിന് ശിക്ഷ നല്‍കിയതാണ് കുഴപ്പങ്ങളുടെ തുടക്കം. അതോടെ സെറീന ദേഷ്യം കൊണ്ട് ഇളകിമറിഞ്ഞു. റാക്കറ്റ് തകര്‍ത്തതിന് ഒരു ഗെയിം ശിക്ഷ നല്‍കിയതോടെ ഒസാക്ക 5-3 ന് മുന്നിലെത്തി. ഈ കോലാഹലങ്ങളൊന്നുമേശാതെ ഇരുപതുകാരി ജയിച്ചുകയറുകയും ചെയ്തു. സെറീനക്ക് 1.75 ലക്ഷം ഡോളര്‍ പിഴയിട്ടു.