ഷാര്‍ജ-കൂടോത്രത്തിലൂടെ ഏത്ര തുകയും ഇരട്ടിപ്പിക്കാന്‍ തനിക്കു കഴിയുമെന്ന അവകാശവാദവുമായി തട്ടിപ്പു നടത്തിയ ആഫ്രിക്കന്‍ പൗരനെ ഷാര്‍ജ പോലീസ് കയ്യോടെ പിടികൂടി അറസ്റ്റ് ചെയ്തു. ഇയാളുടെ തട്ടിപ്പിനെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷാര്‍ജ സി.ഐ.ഡി ഇയാളെ പൊക്കിയത്. തനിക്ക് പണം ഇരട്ടിപ്പിക്കാനുള്ള സിദ്ധിയുണ്ടെന്ന് ഇരകളെ പറഞ്ഞു വിശ്വസിപ്പിക്കുകയാണ് ഇയാള്‍ ചെയ്തിരുന്നത്. വ്യാജ നോട്ടുകള്‍ ഉപയോഗിച്ചായിരുന്നു ഇയാളുടെ തട്ടിപ്പെന്ന് ഷാര്‍ജ സി.ഐ.ഡി മേധാവി മേജര്‍ അബ്ദുല്ല അല്‍ മലിഹ് പറഞ്ഞു. ഇയാളുടെ പക്കല്‍ നിന്ന് വ്യാജ നോട്ടുകളും പോലീസ് പിടികൂടി.
വ്യാജ നോട്ടുകളടങ്ങിയ ബാഗുമായി തന്റെ കാറില്‍ നിന്നിറങ്ങി മറ്റൊരു കാറില്‍ കയറുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. കൂടോത്രത്തിന് ഉപയോഗിച്ചിരുന്നു ഉപകരണങ്ങലും പൊലീസ് കണ്ടെടുത്തു. പ്രതിയേയും ഇയാളുടെ തട്ടിപ്പിനിരയായ ആളേയും പോലീസ് അല്‍ ദൈദ് പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. താന്‍ പലരേയും ഇതിനകം തട്ടിപ്പിലൂടെ പറ്റിച്ചതായി പ്രതി കുറ്റം സമ്മതിച്ചു. വ്യാജ നോട്ടുകള്‍ നല്‍കിയാണ് ഇവരെ കബളിപ്പിച്ചത്. എന്നാല്‍ പണം നഷ്ടപ്പെട്ടുവെന്നറിഞ്ഞിട്ടും ഇരകളാരും ഇതുവരെ പോലീസില്‍ പരാതിപ്പെട്ടിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
ഇത്തരത്തില്‍ കൂടോത്രത്തിലൂടെ പണം ഇരട്ടിപ്പിക്കല്‍, രോഗം സുഖപ്പെടുത്തല്‍ തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കി വരുന്നവരുടെ കണിയില്‍ വീഴരുതെന്നും പോലീസിനെ വിവരമറിയിക്കണമെന്നും പൊതുജനങ്ങള്‍ക്ക് ഷാര്‍ജ പോലീസ് മുന്നറിയിപ്പ് നല്‍കി.