ലണ്ടൻ- ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ദിവസം പിടിമുറുക്കിയ ഇന്ത്യയുടെ പിടി രണ്ടാം ദിവസം അയഞ്ഞു. രാവിലെ ഇന്ത്യൻ ബൗളർമാരെ സമർഥമായി നേരിട്ട് ഒന്നാമിന്നിംഗ്‌സിൽ 332 റൺസ് അടിച്ച ഇംഗ്ലണ്ട്, പിന്നീട് ഇന്ത്യയുടെ മുൻനിര ബാറ്റ്‌സ്മാൻമാരെയെല്ലാം പവലിയനിലേക്ക് അയക്കുകയും ചെയ്തു. രണ്ടാം ദിവസം കളി നിർത്തുമ്പോൾ ആറ് വിക്കറ്റിന് 174 എന്ന സ്‌കോറിൽ പതറുകയാണ് സന്ദർശകർ. നാല് വിക്കറ്റ് മാത്രം കയ്യിലിരിക്കെ 158 റൺസ് പിന്നിൽ. പുതുമുഖം ഹനുമ വിഹാരിയും (25), രവീന്ദ്ര ജദേജയുമാണ് (8) ക്രീസിൽ. ക്യാപ്റ്റൻ വിരാട് കോഹ്‌ലി (49) അടക്കം കൂടാരം കയറിയതോടെ വൻ ലീഡ് വഴങ്ങേണ്ടിവരുമോ എന്ന ആശങ്കയിലാണ് ഇന്ത്യ.
ആദ്യദിവസം ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ പൂട്ടിട്ട് നിർത്തിയ ഇന്ത്യൻ ബൗളർമാരെ കരുതലോടെ നേരിട്ട ജോസ് ബട്‌ലറും (89), സ്റ്റുവർട്ട് ബ്രോഡുമാണ് (38) ആതിഥേയരുടെ രക്ഷകരായത്. ഒമ്പതാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയ 98 റൺസ് കളിയുടെ ഗതി മാറ്റുകയായിരുന്നു. 133 പന്ത് നേരിട്ട ബട്‌ലർ ആറ് ബൗണ്ടറിയും രണ്ട് സിക്‌സറും അടിച്ചു. 59 പന്ത് നേരിട്ട ബ്രോഡ് മൂന്ന് ബൗണ്ടറികളടിച്ചു. ഇരുവരെയും പുറത്താക്കിയ രവീന്ദ്ര ജദേജ മൊത്തം നാല് വിക്കറ്റ് വീഴ്ത്തി. അവസാന വിക്കറ്റായി ബട്‌ലർ പുറത്താവുമ്പോഴേക്കും ഇംഗ്ലണ്ട് സുരക്ഷിത നിലയിലെത്തിയിരുന്നു.
മറുപടി ബാറ്റിംഗിൽ ഇന്ത്യക്ക് തുടക്കത്തിൽതന്നെ തിരിച്ചടി കിട്ടി. രണ്ടാം ഓവറിൽ ശിഖർ ധവാനെ (3) ബ്രോഡ് പുറത്താക്കി. കെ.എൽ രാഹുലും (37), ചേതേശ്വർ പൂജാരയും (37) ചേർന്ന് ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും ജെയിംസ് ആൻഡേഴ്‌സൺ കൂട്ടുകെട്ട് പൊളിച്ചു. അധികം വൈകാതെ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും (0) ആൻഡേഴ്‌സണ് ഇരയായി. പിന്നീട് കോഹ്‌ലിയും വിഹാരിയും ചേർന്ന് ടീമിനെ കരകയറ്റുമെന്ന് തോന്നിച്ചെങ്കിൽ അർധസെഞ്ചുറിക്ക് ഒരു റൺ മാത്രമുള്ളപ്പോൾ കോഹ്‌ലിയെ ബെൻ സ്റ്റോക്‌സ് പുറത്താക്കി. അതുണ്ടാക്കിയ സമ്മർദത്തിൽനിന്ന് സ്റ്റംപെടുക്കുംവരെയും ഇന്ത്യ മുക്തമായിട്ടില്ല. ഇതിനിടെ ഋഷഭ് പന്തിനെ (5) സ്റ്റോക്‌സ്, അലസ്റ്റയർ കുക്കിന്റെ കൈകളിലെത്തിച്ചു.