തേഞ്ഞിപ്പലം- പാണമ്പ്ര ദേശീയപാതയോരത്തെ പെൺവാണിഭ, കഞ്ചാവ് വിൽപന കേന്ദ്രത്തിൽ എക്‌സൈസ് റെയ്ഡ്. പരിശോധനയിൽ മൂന്നു കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിലായി. തേഞ്ഞിപ്പലം ദേശീയപാതയോരത്തെ വാടക കെട്ടിടം പെൺവാണിഭ, കഞ്ചാവ് മാഫിയകൾ താവളമാക്കിയ വിവരത്തെ തുടർന്ന് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. കാടു മൂടിയ പാണമ്പ്ര ദേശീയ പാതയോരത്തെ വാടക കെട്ടിടങ്ങളിൽ പെൺവാണിഭ, കഞ്ചാവ് മാഫിയകൾ പ്രവർത്തിക്കുന്നുവെന്ന വിവരത്തെ തുടർന്ന് പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.ഒ വിനോദിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. സംഘത്തിലെ പ്രധാനിയെയും സഹായിയെയുമാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് വിൽപനക്ക് നേതൃത്വം നൽകുന്ന വയനാട് മേപ്പാടി സ്വദേശി തച്ചക്കോടൻ മുസ്തഫ, തമിഴ്‌നാട് പെന്നക്കോണം സ്വദേശി രാജ എന്നിവരാണ് അറസ്റ്റിലായത്. കെട്ടിടങ്ങളിലും പരിസത്തും നടത്തിയ പരിശോധനയിൽ മൂന്നു കിലോ കഞ്ചാവും മദ്യക്കുപ്പികളും കണ്ടെടുത്തു. കെട്ടിടത്തിനു ചേർന്നുള്ള കാടുമൂടിയ സ്ഥലത്ത് നിന്നു പൈപ്പിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. സ്ഥലത്ത് പെൺവാണിഭം നടക്കുന്നതായ തെളിവും എക്‌സൈസിനു ലഭിച്ചിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നിരവധി ലഹരി കടത്ത് കേസിലെ പ്രതിയാണ് പിടിയിലായ മുസ്തഫയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. അന്യസംസ്ഥാനങ്ങളിൽ നിന്ന് മൊത്തമായി കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തുകയാണ് ഇയാളുടെ രീതി. അറസ്റ്റ് ചെയ്ത രണ്ടു പ്രതികളെയും പരപ്പനങ്ങാടി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയതിന് ശേഷം വടകര എൻ.ഡി.പി.എസ് കോടതി റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ പി.ബിജു, പ്രജോഷ്‌കുമാർ, അഭിലാഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രദീപ്കുമാർ, ശിഹാബുദ്ദീൻ, മായാദേവി, ലിഷ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
---