കൽപറ്റ- കളഞ്ഞുകിട്ടിയ പണം പിതാവ് മുഖേന ഉടമക്കു ലഭ്യമാക്കി വിദ്യാർഥിനി മാതൃകയായി. കൽപറ്റ എസ്.കെ.എം.ജെ സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനി അമീന ഗഫൂറാണ് വഴിയിൽനിന്നു ലഭിച്ച 45,000 രൂപ ഉടമക്കു ലഭ്യമാക്കി സത്യസന്ധത കാട്ടിയത്. കോട്ടത്തറയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി വിതരണത്തിന് 25 ആടുകളെയും പത്തു പശുക്കളെയും എത്തിച്ച അഴിയൂർ സി.എച്ച് സെന്ററിന്റെ വാഹനത്തിന്റെ ഡ്രൈവർ റിയാസിന്റേതായിരുന്നു പണം. ലോഡ് ഇറക്കിയ ശേഷം പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടത് റിയാസ് അറിഞ്ഞത്. തുടർന്നു സി.എച്ച്. സെന്റർ പ്രവർത്തകരും തദ്ദേശ വാസികളും സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പണം കണ്ടെത്താനായില്ല. മൈക്ക് അനൗൺസ്‌മെന്റ് നടത്തിയതും ഫലം ചെയ്തില്ല.
വൈകുന്നേരം സ്‌കൂൾ വിട്ട് കോട്ടത്തറയിലെത്തിയ അമീന വീട്ടിലേക്കു നടക്കുന്നതിനിടെയാണ് ഹോമിയോ ആശുപത്രിക്കു സമീപം വഴിയിൽ കടലാസു പൊതി കണ്ടത്. ഇതിൽ പണമാണെന്നു കണ്ട വിദ്യാർഥിനി വിവരം വാട്‌സ്ആപ്പിലൂടെ പിതാവിനെ അറിയിക്കുകയായിരുന്നു. വയനാട് കാർഷിക പുരോഗമന സമിതി കൺവീനറായ കോട്ടത്തറ തുരുത്തിയിൽ ഗഫൂറിന്റെയും (ഗഫൂർ വെണ്ണിയോട്) സൗദയുടെയം മകളാണ് അമീന. റിയാസിനു കൈമാറുന്നതിനായി പണം കോട്ടത്തറയിലുണ്ടായിരുന്ന അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയ്യൂബിനെയാണ് ഏൽപിച്ചത്.