ജിദ്ദ- അവധിയിൽ നാട്ടിലായിരിക്കെ പാസ്‌പോർട്ട് നഷ്ടപ്പെടുന്നവർക്ക് ആശ്വാസ വാർത്ത. പുതിയ പാസ്‌പോർട്ടും പോലീസ് റിപ്പോർട്ടുമായി സൗദിയിലെ വിമാനത്താവളങ്ങളിലിറങ്ങിയാൽ ഇമിഗ്രേഷൻ പൂർത്തീകരിച്ച് രാജ്യത്ത് പ്രവേശിക്കാം. പിന്നീട് ജവാസാത്തിനെ സമീപിച്ച് പുതിയ പാസ്‌പോർട്ടിൽ വിസ ചേർത്താൽ മതിയാകും. പ്രളയത്തിൽ പാസ്‌പോർട്ട് നഷ്ടമായവർക്ക് ഇത് അനുഗ്രഹമാകും.
നാട്ടിൽ പോകുമ്പോൾ പാസ്‌പോർട്ട് നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്താൽ സുദീർഘമായ നടപടിക്രമങ്ങൾക്ക് ശേഷം മാത്രമേ മടങ്ങി വരാനാകുമായിരുന്നുള്ളു. ഇതിനാണ് പുതിയ സംവിധാനത്തിലൂടെ പരിഹാരമാകുന്നത്. പാസ്‌പോർട്ട് നഷ്ടപ്പെട്ടാൽ ആദ്യം ചെയ്യേണ്ടത് പോലീസിൽ പരാതി നൽകലാണ്. പോലീസ് റിപ്പോർട്ട് ലഭ്യമാക്കി പാസ്‌പോർട്ട് ഓഫീസിനെ സമീപിച്ചാൽ വേഗം പാസ്‌പോർട്ടുമെടുക്കാം. ഈ രണ്ട് രേഖകളുമായി സൗദി വിമാനത്താവളങ്ങളിലിറങ്ങിയാൽ ഇമിഗ്രേഷൻ വകുപ്പ് പ്രവേശന അനുമതി നൽകും.
പഴയ പാസ്‌പോർട്ടിന്റെ കോപ്പിയും വിരലടയാളവും നൽകിയാൽ, ഇമിഗ്രേഷൻ വകുപ്പിന്റെ കംപ്യൂട്ടറിൽ യഥാർഥ പാസ്‌പോർട്ട് ഉടമയാണോ വന്നതെന്ന് സ്ഥിരീകരിക്കാൻ സാധിക്കും. ഇക്കാര്യം ഉറപ്പായാൽ, പോലീസ് റിപ്പോർട്ട് പരിശോധിച്ചശേഷം അവർ രാജ്യത്തേക്ക് റീ എൻട്രി അനുവദിക്കും. റിപ്പോർട്ടിന്റെ അറബി തർജമ ഉണ്ടെങ്കിൽ കാര്യം എളുപ്പമാണ്. പിന്നീട് ജവാസാത്ത് വകുപ്പിനെ സമീപിച്ച് പുതിയ പാസ്‌പോർട്ടിൽ വിസ ചേർക്കുന്നതോടെ ഇമിഗ്രേഷൻ സിസ്റ്റത്തിൽ പുതിയ പാസ്‌പോർട്ട് ഉൾപ്പെടുത്തും.
പുതിയ പാസ്‌പോർട്ട് ബന്ധപ്പെട്ട രാജ്യത്തെ സൗദി കോൺസുലേറ്റിൽ ഹാജരാക്കി വിസ പതിപ്പിച്ച് റീ എൻട്രി വിസ നേടിയശേഷം മാത്രമായിരുന്നു ഇതുവരെ പാസ്‌പോർട്ട് നഷ്ടമായവർക്ക് പുനഃപ്രവേശനം അനുവദിച്ചിരുന്നത്. ഈ രീതിക്കാണ് മാറ്റം വരുന്നത്. രാജ്യത്ത് താമസിക്കുന്നവരുടെയെല്ലാം ബയോമെട്രിക് വിവരങ്ങൾ ഓൺലൈനിൽ ലഭ്യമായതോടെയാണ് ഈ മാറ്റം കൊണ്ടുവരുന്നതെന്ന് മലയാളം ന്യൂസ് ട്വിറ്ററിൽ നടത്തിയ അന്വേഷണത്തിൽ ജവാസാത്ത് അധികൃതർ അറിയിച്ചു.