തിരുവനന്തപുരം- ഇന്ധനവില വർധനവിനെതിരേയും പെട്രോളിയം ഉത്പ്പന്നങ്ങൾ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടും തിങ്കളാഴ്ച്ച ഐ.ഐ.സി.സി ആഹ്വാനം ചെയ്ത ബന്ദിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഹർത്താൽ നടത്തും.
രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് വരെ ആയിരിക്കും ഹർത്താൽ. പ്രളയ ബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ സാധാരണ ജീവിതത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും തടസം ഉണ്ടാകരുത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന വാഹനങ്ങളേയും, വിവാഹം, ആശുപത്രി, എയർ പോർട്ട്, വിദേശ ടൂറിസ്റ്റുകൾ, പാൽ, പത്രം തുടങ്ങിയവയേയും ഹർത്താലിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. എ.ഐ.സി.സി. രാവിലെ ഒൻപത് മുതൽ വൈകിട്ട് മൂന്ന് വരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നത്.
പെട്രോളിനും ഡീസലിനും വിലയിൽ സർവ്വകാല റിക്കാർഡിട്ട സാഹചര്യത്തിൽ എ.ഐ.സി.സി പ്രഖ്യാപിച്ച ദേശീയ ബന്ദിൽ നിന്നും കേരളത്തിന് ഒഴിഞ്ഞ് മാറിനിൽക്കാനാവാത്തതിനാലാണ് യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഹർത്താൽ നടത്തുന്നത്. എല്ലാ ജനാധിപത്യ വിശ്വാസികളും ഹർത്താലുമായി സഹകരിക്കണമെന്നും കെ.പി.സി.സി നേതൃത്വം അഭ്യർത്ഥിച്ചു. യു.ഡി.എഫിന്റെ നേതൃത്വത്തിൽ നടത്തുന്ന ഹർത്താൽ തികച്ചും സമാധാനപരമായിട്ടായിരിക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി പറഞ്ഞു.
ഹർത്താലുമായി സഹകരിക്കും -മുസ്‌ലിം ലീഗ്
കോഴിക്കോട്- പെട്രോൾ, ഡീസൽ, പാചക ഗ്യാസ് വില വർധനയിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്നതിനെതിരെ തിങ്കളാഴ്ച്ച നടക്കുന്ന ഹർത്താലുമായി മുസ്്‌ലിം ലീഗ് സഹകരിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പ്രസ്താവനയിൽ അറിയിച്ചു. ക്രൂഡോയിൽ വില ഗണ്യമായി കുറഞ്ഞിട്ടും പെട്രോളിയം വില കൂട്ടുന്ന ലോകത്തെ ഒരേയൊരു രാജ്യമാണ് നമ്മുടേത്. കോർപ്പറേറ്റ് കമ്പനികളുടെ ലാഭം ഇരട്ടിപ്പിക്കാൻ ജനങ്ങളെ കബളിപ്പിച്ച് ഇനിയും മുന്നോട്ടു പോകാൻ ഭരണകൂടങ്ങൾക്കാവില്ല.
ഇന്ധന വില പ്രതിദിനം വർധിച്ചതോടെ അവശ്യ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായതോടെ ജീവിക്കാൻ ഗതിയില്ലാതെ ജനങ്ങൾ അന്തിച്ചു നിൽക്കുകയാണ്. പെട്രോൾ വില നിശ്ചയിക്കാനുളള അധികാരം കമ്പനികൾക്ക് നിയന്ത്രിതമായി നൽകിയപ്പോൾ ഫലം ചെയ്തില്ലെങ്കിൽ തിരിച്ചെടുക്കുമെന്നായിരുന്നു യു.പി.എ സർക്കാർ അറിയിച്ചിരുന്നത്. അവശ്യ സർവ്വീസുകളിൽ എൺപത് ശതമാനവും ആശ്രയിക്കുന്ന ഡീസലിന്റെ വില നിർണ്ണയാധികാരവും പ്രതിദിന വില വർധനക്ക് അവകാശവും നൽകിയ എൻ.ഡി.എ ഭരണകൂടം ജനങ്ങളെ ബന്ധിയാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
ഒഴിച്ചുകൂടാനാവാത്ത നിർബന്ധിത സാഹചര്യങ്ങൽ ഹർത്താൽ പോലുള്ള സമര മുറകൾ അവസാനത്തേതു മാത്രമായി മാത്രം ഉപയോഗപ്പെടുത്തണമെന്നാണ് മുസ്്‌ലിം ലീഗ് നിലപാട്. രാജ്യത്തെ അപ്പാടെ പ്രതിസന്ധിയിലാക്കുന്ന പെട്രോളിയം വില വർധനക്കെതിരെ അന്തിമ സമരത്തിന് സമയമായിരിക്കുന്നു. ദരിദ്രരെ കൂടുതൽ ദരിദ്രരും പണക്കാരെ കൂടുതൽ സമ്പന്നരുമാക്കുന്ന ഒത്തുകളി അവസാനിപ്പിക്കാൻ ബഹുജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.
ഭാരത് ബന്ദിന് വെൽഫെയർ പാർട്ടി പിന്തുണ
തിരുവനന്തപുരം- ഇന്ധന വിലവർധനവിനെതിരെ രാജ്യവ്യാപകമായി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ തിങ്കളാഴ്ച്ച നടത്തുന്ന ഭാരത് ബന്ദിനെ വെൽഫെയർ പാർട്ടി പിന്തുണക്കും. കേരളത്തിൽ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രാദേശിക ഘടകങ്ങൾ പ്രകടനവും പെട്രോൾ പമ്പുകൾക്ക് മുന്നിൽ ധർണയും നടത്തും. രാജ്യം കണ്ടതിൽ വെച്ചേറ്റവും ജനവിരുദ്ധ സർക്കാരാണ് മോഡിയുടേത്. കോർപ്പറേറ്റുകളുടെ കൊള്ളക്കു ദല്ലാൾ പണിയെടുക്കുകയാണ് ബി.ജെ.പി സർക്കാർ. രാജ്യത്തെ മതനിരപേക്ഷ കക്ഷികളുടെ ഐക്യത്തിലൂടെയാണ് സംഘ്പരിവാർ ഭീഷണിയെ ചെറുക്കാനവുക. ഭാരത് ബന്ദ് അത്തരമൊരു കൂട്ടായ്മയുടെ തുടക്കമാകുമെന്നു വെൽഫെയർ പാർട്ടി പ്രത്യാശിക്കുന്നു. കേരളത്തിലെ മുഴുവൻ ജനങ്ങളും ഈ പ്രക്ഷോഭത്തിൽ അണിനിരക്കണം.