തിരുവനന്തപുരം- പീഡന പരാതി ലഭിച്ചിട്ടും ജലന്ദർ ബിഷപ്പിനെതിരെ ആരുടെ ഭാഗത്തുനിന്നും പ്രത്യക്ഷത്തിൽ നടപടിയുണ്ടാവാത്ത സാഹചര്യത്തിൽ നീതിക്കു വേണ്ടി സഭയിലെ കന്യാസ്ത്രീകൾക്ക് പരസ്യമായി പ്രക്ഷോഭ രംഗത്തിറങ്ങേണ്ടിവന്നത് അതീവ ഗൗരവത്തോടെ കാണണമെന്ന് വി.എസ് അച്യുതാനന്ദൻ പറഞ്ഞു.
സഭാംഗങ്ങൾക്കിടക്കുള്ള ക്രിമിനൽ സ്വഭാവമുള്ള കേസുകൾ സഭതന്നെ കൈകാര്യം ചെയ്യുന്ന രീതി നമ്മുടെ നീതിന്യായ സംവിധാനത്തിന് നിരക്കുന്നതല്ല. അതോടൊപ്പം, ഉന്നത സ്ഥാനത്തിരിക്കുന്ന, സ്വാധീനമുള്ള വ്യക്തിയാണ് കഴിഞ്ഞ രണ്ടര മാസമായി എല്ലാ അന്വേഷണ സംവിധാനങ്ങൾക്കും മേലെ സ്വതന്ത്രനായി വിഹരിക്കുന്നത്. എന്നതിനാൽ ഇരകൾ അനുഭവിക്കുന്നത് വലിയ സമ്മർദ്ദമാണ്. നമ്മുടെ അന്വേഷണ സംവിധാനങ്ങളിലേക്കും ഈ സമ്മർദ്ദം ചെന്നെത്തുന്നു എന്ന ധാരണ പരക്കാനിടയാക്കുംവിധം പ്രതിയുടെ അറസ്റ്റും ചോദ്യം ചെയ്യലും അനന്തമായി നീണ്ടുപോവുകയാണ്. ഇരകൾക്ക് നീതി ലഭ്യമാക്കാനും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും പോലീസ് ഇനിയും കാലതാമസം വരുത്തിക്കൂടെന്നും വിഎസ് പറഞ്ഞു.