കണ്ണൂർ- കണ്ണൂരിൽ മുസ്‌ലിം ലീഗ് നേതാവിനെതിരെ വനിതാ പ്രവർത്തകയുടെ പീഡന പരാതി. ആരോപണ വിധേയനായ നേതാവിനെതിരെ നേതൃത്വം നടപടി കൈക്കൊള്ളാത്തത് വിവാദത്തിനിടയാക്കിയിട്ടുണ്ട്. മുസ്‌ലിം ലീഗ് അഴീക്കോട് മണ്ഡലം ജനറൽ സെക്രട്ടറിയും കോർപ്പറേഷൻ കൗൺസിലറുമായ കക്കാട് സ്വദേശി കെ.പി.എ സലിമിനെതിരെയാണ് വനിതാ ലീഗ് നേതാവും പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് അംഗവുമായ യുവതി പരാതി നൽകിയത്. മുസ്‌ലിം ലീഗ്, വനിതാ ലീഗ് എന്നിവയുടെ വിവിധ ഘടകങ്ങളിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം.
സഹപ്രവർത്തകയായ തന്നെ മറ്റൊരു കണ്ണിലൂടെ നോക്കിക്കാണുകയും, ദുരുദ്ദേശ്യത്തോടെ പല തവണ രാത്രി വീട്ടിൽ വരികയും ചെയ്തുവെന്നും ഉദ്ദേശ്യം നടക്കാതായതോടെ പ്രതികാര ബുദ്ധിയോടെ പെരുമാറുകയും ചെയ്യുന്നുവെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. യൂത്ത് ലീഗ് നേതാവിന്റെ പേരുമായി കൂട്ടിച്ചേർത്ത് തനിക്കെതിരെ പാർട്ടി ഘടകങ്ങളിലും പുറത്തും അപവാദ പ്രചാരണം നടത്തുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 29 നാണ് പരാതി നൽകിയത്. മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി, അഴീക്കോട് മണ്ഡലം കമ്മിറ്റി, പാപ്പിനിശ്ശേരി പഞ്ചായത്ത് കമ്മിറ്റി, വനിതാ ലീഗ് ജില്ലാ കമ്മിറ്റി, മണ്ഡലം കമ്മിറ്റി എന്നീ ഘടകങ്ങൾക്കു പല ഘട്ടങ്ങളിലായാണ് പരാതി നൽകിയത്. ഈ സംഭവത്തിൽ മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി അഞ്ചംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. പ്രസിഡന്റ് കെ.വി. ഹാരിസ്, ട്രഷറർ കെ.വി. ഖാദർ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മീഷൻ പരാതിക്കാരിയടക്കം 9 പേരുടെ മൊഴി രേഖപ്പെടുത്തുകയും പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ തുടർ നടപടിയുണ്ടായില്ല. നേരത്തെയുണ്ടായ സമാന പരാതികളിൽ നടപടിയെടുക്കാത്തതിനാൽ ഈ വിഷയത്തിൽ നടപടിയെടുക്കാനാവില്ലെന്നാണ് നേതൃത്വം വിലയിരുത്തിയതെന്നാണ് അറിവ്. എന്നാൽ സലിമിനെ, ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നടക്കം നീക്കം ചെയ്യണമെന്നാണ് പൊതുവിലുള്ള ആവശ്യം.
തന്നെ അപകീർത്തിപ്പെടുത്താനും പൊതുജന മധ്യത്തിൽ അപമാനിക്കാനും ശ്രമം നടത്തിയ നേതാവിനെതിരെ നടപടിയുണ്ടായില്ലെങ്കിൽ, നിയമ നടപടിയുമായി മുന്നോട്ടു പോകേണ്ടി വരുമെന്നും പരാതിക്കാരി നേതൃത്വത്തിനയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.