കൊച്ചി- ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നിരന്തരം പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ട കന്യാസ്ത്രീക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങളുമായി പി.സി. ജോര്‍ജ് എം.എല്‍.എ രംഗത്തെത്തി. ബിഷപ്പ് തെറ്റുകാരനാണെന്നു കരുതുന്നില്ലെന്നും 12 തവണ പീഡനത്തിനിരയായിട്ട് 13ാം തവണ പരാതി നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നുമായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം. ഈ പരാമര്‍ശം വേദനിപ്പിക്കുകയും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു സാഹചര്യത്തില്‍ കന്യാസ്ത്രീ ഞായറാഴ്ച മാധ്യമങ്ങളെ കാണാനുള്ള തീരുമാനം പിന്‍വലിച്ചതായി ബന്ധുക്കള്‍ അറിയിച്ചു. അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ എം.എല്‍.എക്കെതിരെ നിയമസഭാ സ്പീക്കര്‍, പോലീസ്, ദേശീയ വനിതാ കമ്മീഷന്‍ എന്നിവര്‍ക്കു പരാതി നല്‍കുമെന്നും കന്യാസ്ത്രീയുടെ ബന്ധുക്കള്‍ അറിയിച്ചു.
നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കന്യാസ്ത്രീ ബിഷപ്പിനെതിരായ പരാതിയുമായി മുന്നോട്ടു പോകുന്നത്. ഇതിനിടെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശം എം.എല്‍.എ നടത്തിയത് കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ഞായറാഴ്ച മാധ്യമങ്ങളോട് സംസാരിക്കുന്നത് ഒഴിവാക്കിയത്. മാനസിക പ്രയാസം മാറിയാല്‍ മാധ്യമങ്ങളോട് കാര്യങ്ങള്‍ പറയുമെന്നും ബന്ധുക്കള്‍ അറിയിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന പരമാര്‍ശമാണ് ജോര്‍ജ് നടത്തിയത്. ഇരയെ മോശമായി ചിത്രീകരിക്കുന്ന പരാമര്‍ശം പാടില്ലെന്ന് നിയമം പോലും പറയുമ്പോള്‍ ഒരു എം.എല്‍.എയുടെ ഭാഗത്ത് നിന്ന് ഇത്തരം സമീപനം ഉണ്ടാകുന്നതെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി.