Sorry, you need to enable JavaScript to visit this website.

ഏഴാം തവണയും തോമസ് ഐസക്കിന് ഇ.ഡി നോട്ടീസ്, രാഷ്ട്രീയപ്രേരിതമെന്ന് ഐസക്

കൊച്ചി- കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍ മന്ത്രി തോമസ് ഐസക്കിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വീണ്ടും നോട്ടീസയച്ചു. ഏപ്രില്‍ രണ്ടിന് ഹാജരാകാനാണ് നിര്‍ദേശം. മുന്‍പ് ആറ് തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഐസക്ക് ഹാജരായിരുന്നില്ല. കേസ് ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കവെ ഇ.ഡി കൗണ്ടര്‍ അഫിഡവിറ്റ് ഫയല്‍ ചെയ്തിരുന്നു. കിഫ്ബി മസാല ബോഡിന്റെ ഫണ്ട് വിനിയോഗ തീരുമാനങ്ങളില്‍ ഐസക്കിന് നിര്‍ണായക പങ്കുണ്ടെന്ന് ഇതില്‍ ഇ.ഡി വ്യക്തമാക്കി.

ഫണ്ട് ചെലവഴിക്കലില്‍ സ്ഥിരതയില്ലെന്ന കാര്യം ഐസക്കിന് ബോധ്യമുണ്ടായിരിക്കാമെന്നും ഇ.ഡി കോടതിയില്‍ പറഞ്ഞിരുന്നു. അന്വേഷണത്തോട് സഹകരിക്കാത്ത ഐസക്ക് എല്ലാറ്റിനെയും വെല്ലുവിളിക്കുകയാണെന്നും ഇ.ഡിയുടെ കൗണ്ടര്‍ അഫിഡവിറ്റിലുണ്ടായിരുന്നു. ആറ് തവണ സമന്‍സ് അയച്ചിട്ടും ഐസക്ക് ഹാജരാവാത്തതിനെ വിമര്‍ശിച്ച ഇഡി, നിലപാട് നിയമവിരുദ്ധമാണെന്നും കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് മെയ് 22ലേക്ക് കോടതി മാറ്റി. ഇതിനിടെയാണ് ഇ.ഡി ഏഴാമത്തെ സമന്‍സ് തോമസ് ഐസക്കിന് അയച്ചിരിക്കുന്നത്.

അതേസമയം, ഇ.ഡിയുടെ സമന്‍സിന് പിന്നാലെ തോമസ് ഐസക്ക് മാധ്യമങ്ങളോട് പ്രതികരിച്ചു. കേസ് കോടതി പരിഗണിക്കാനിരിക്കെ സമന്‍സ് അയച്ച ഇ.ഡി നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് തനിക്കെതിരെ ദുഷ്പ്രചാരണം നടത്താന്‍ വേണ്ടിയുള്ളതാണ് ഇഡിയുടെ നടപടി. രണ്ടുവര്‍ഷമായി ഇതെല്ലാം അന്വേഷിച്ചുനടക്കുന്നവര്‍ക്ക് ഇപ്പോള്‍ എന്തിനാണ് ഇത്ര ധൃതി? കോടതിയില്‍ പരാതി നല്‍കി പരിരക്ഷ ആവശ്യപ്പെടുമെന്നു പറഞ്ഞ അദ്ദേഹം, ഇ.ഡിക്കുമുന്നില്‍ ഹാജരായില്ലെങ്കില്‍ മൂക്കുപ്പൊടിയാക്കുമോ എന്നും ചോദിച്ചു.

 

Latest News