Sorry, you need to enable JavaScript to visit this website.

ഫലസ്തീനികളുടെ 8,000 ഏക്കര്‍ സ്ഥലം പിടിച്ചെടുക്കല്‍: ശക്തമായി അപലപിച്ച് സൗദി അറേബ്യ

ജിദ്ദ-വെസ്റ്റ് ബാങ്കില്‍ ജോര്‍ദാന്‍ നദിക്കരയില്‍ ഫലസ്തീനികളുടെ 8,000 ഏക്കര്‍ പിടിച്ചെടുത്ത് ജൂത കുടിയേറ്റ കോളനികള്‍ നിര്‍മിക്കാനുള്ള ഇസ്രായില്‍ ഗവണ്‍മെന്റ് തീരുമാനത്തെ അതിരൂക്ഷമായ ഭാഷയില്‍ അപലപിച്ച് സൗദി വിദേശ മന്ത്രാലയം. ഇസ്രായിലിന്റെ തീരുമാനം അന്താരാഷ്ട്ര നിയമങ്ങളുടെയും ബന്ധപ്പെട്ട പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണ്. ഇസ്രായിലിന്റെ ബലംപ്രയോഗിച്ചുള്ള കുടിയേറ്റ കോളനി നിര്‍മാണങ്ങളുടെ തുടര്‍ച്ചയാണിത്.
അന്താരാഷ്ട്ര നിയമങ്ങളും യു.എന്‍ പ്രമേയങ്ങളും തുടര്‍ച്ചയായി ഇസ്രായില്‍ ലംഘിക്കുന്നത് അന്താരാഷ്ട്ര വ്യവസ്ഥയുടെ വിശ്വാസ്യത ദുര്‍ബലപ്പെടുത്തുകയും ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ള ന്യായവും സുസ്ഥിരവുമായ സമാധാനത്തിന്റെ സാധ്യതകളെ തുരങ്കം വെക്കുകയും ചെയ്യുന്നുവെന്ന് വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായിലി കുടിയേറ്റക്കാരുടെ ആസൂത്രിതമായ നിയമ ലംഘനങ്ങള്‍ ഉടനടി അവസാനിപ്പിക്കാനും പിടിച്ചെടുത്ത ഫലസ്തീന്‍ ഭൂമി തിരികെ നല്‍കാനും അന്താരാഷ്ട്ര സമൂഹം ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.
അതിനിടെ, ഗാസയില്‍ സത്വര വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയം യു.എന്‍ രക്ഷാ സമിതി അംഗീകരിച്ചതിനെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗം സ്വാഗതം ചെയ്തു. ഗാസയില്‍ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ മേഖലയിലെയും ആഗോള തലത്തിലെയും പങ്കാളികളുമായി സഹകരിച്ച് സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളും മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും മന്ത്രിസഭാ യോഗം വിലയിരുത്തി.

Tags

Latest News