ജിദ്ദ: ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പാരന്റ്സ് ഫോറം (ഇസ്പാഫ്) പുതിയതായി ചുമതലയേറ്റ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. ഹേമലതക്ക് സ്വീകരണവും ഇഫ്താറും സംഘടിപ്പിച്ചു. സൗദിയിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഒരു വനിത ചെയര്‍പേഴ്‌സണാകുന്നത് ഇതാദ്യമാണ്. കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിയില്‍ ജോലി ചെയ്യുന്ന ഡോ. ഹേമലത തമിഴ്‌നാട് സ്വദേശിനിയാണ്.
സ്‌കൂളുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങള്‍ ചെയര്‍മാനുമായി ഇസ്പാഫ് ഭാരവാഹികള്‍ ചര്‍ച്ച ചെയ്തു. സ്‌കൂളിന്റെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ക്കായിരിക്കും മുന്‍തൂക്കം നല്‍കുകയെന്ന് സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് ഡോ. ഹേമലത പറഞ്ഞു. ഇതിന്റെ ഭാഗമായി പരിചയസമ്പന്നരായ അധ്യാപകരെ നിലനിര്‍ത്തുന്നതോടൊപ്പം പുതിയതായി മികവുറ്റ അധ്യാപകരെ നിയമിക്കുന്നതിനും നടപടി സ്വീകരിക്കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ചു ക്ലാസ് നടത്തുന്നതുമായി ബന്ധപ്പെട്ട് സ്‌കൂള്‍ എടുത്ത തീരുമാനം രക്ഷിതാക്കളുടെ ആശങ്ക കണക്കിലെടുത്ത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് ചെയര്‍മാന്‍ അറിയിച്ചു. ഇത്തരം നടപടികള്‍ സ്വീകരിക്കുമ്പോള്‍ രക്ഷിതാക്കളുമായി കൂടിയാലോചന നടത്തുകയും അവരുടെ സംശയങ്ങള്‍ ദൂരീകരിക്കുകയും വേണമെന്ന് ഇസ്പാഫ് ഭാരവാഹികള്‍ ചെയര്‍മാനോട് ആവശ്യപ്പെട്ടു.
കോ എജുക്കേഷന്‍ നടപ്പാക്കുമ്പോള്‍ അതു ഘട്ടം ഘട്ടായിരിക്കണമെന്ന നിര്‍ദേശവും ഇസ്പാഫ് മുന്നോട്ടു വെച്ചു. രക്ഷിതാക്കളില്‍ അധികപേര്‍ക്കും ഇപ്പോള്‍ ശംബളം വൈകിയാണ് ലഭിക്കുന്നത്. ഇതു കണക്കിലെടുത്ത് പിഴ കൂടാതെ ഫീസ് അടക്കുന്നതിനുള്ള സമയപരിധി പത്താം തീയതി ആക്കി മാറ്റണം. ഇക്കാര്യവും അനുഭാവപൂര്‍പം പരിഗണിക്കാമെന്ന് ചെയര്‍മാന്‍ പറഞ്ഞു. രക്ഷിതാക്കളുമായി കൂടിയാലോചനകള്‍ക്ക് അവസരമുണ്ടാക്കി സ്‌കൂളുമായി ബന്ധപ്പെട്ട ഭാവി നടപടികള്‍ സ്വീകരിക്കുന്നത് കൂടുതല്‍ ആരോഗ്യകരമായിരിക്കുമെന്നും ഇസ്പാഫ് ഭാരവാഹികള്‍ ചെയര്‍മാനെ ധരിപ്പിച്ചു. മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഡോ ഫര്‍ഹീന്‍ താഹ, ഡോ. മുഹമ്മദ് സലീം എന്നിവരും വൈസ് പ്രിന്‍സിപ്പല്‍ ഫര്‍ഹത്തുന്നിസയും സ്വീകരണത്തില്‍ പങ്കെടുത്തു.
ഇസ്പാഫ് പ്രസിഡന്റ് ഡോ. മുഹമ്മദ് ഫൈസല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ജിനീയര്‍ മുഹമ്മദ് കുഞ്ഞി സ്വാഗതവും ട്രഷറര്‍ റിയാസ് നന്ദിയും പറഞ്ഞു. പറഞ്ഞു. എംആര്‍എ റസ്റ്റോറന്റില്‍ നടന്ന പരിപാടിയില്‍ ഉപദശക സമിതി അംഗങ്ങളായ സലാഹ് കാരാടന്‍, മുഹമ്മദ് ബൈജു, നാസര്‍ ചാവക്കാട് എന്നിവരും മറ്റു ഭാരവാഹികള്‍ അടക്കമുള്ള ഇസ്പാഫ് അംഗങ്ങളും പങ്കെടുത്തു.
വാര്‍ത്തകള്‍ തുടര്‍ന്നും വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ പുതിയ ഗ്രൂപ്പില്‍ ചേരുക