ദോഹ - ഒരു വർഷം നീളുന്ന 40-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലൻ്റ് ഫോറം (ഐ.സി. ബി.എഫ്), ഹമദ് മെഡിക്കൽ കോർപ്പറേഷൻ്റെയും, സഫാരി ഗ്രൂപ്പിൻ്റെയും സഹകരണത്തോടെ അബുഹമൂർ സഫാരി മാളിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. ഏതാണ്ട് 120 ഓളം പേർ രക്തം ദാനം ചെയ്യുവാൻ എത്തിയിരുന്നു.
ക്യാമ്പ് ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ഓരോ ദാതാവും മൂന്ന് പേരുടെ ജീവനാണ് രക്ഷിക്കുന്നതെന്ന് സൂചിപ്പിച്ച അദ്ദേഹം, ഖത്തറിലെ ഇന്ത്യൻ സമൂഹത്തിൻ്റെ പരോപകാര മനോഭാവത്തെപ്രശംസിച്ചു.
റമദാനിൽ രക്തം ദാനം ചെയ്യുന്നതിൻ്റെ പ്രാധാന്യം എടുത്തുപറഞ്ഞ ഐ.സി. ബി.എഫ് പ്രസിഡൻ്റ് ഷാനവാസ് ബാവ, ഐ.സി. ബി.എഫിൻ്റെ നാല് പതിറ്റാണ്ട് നീണ്ട മാനുഷിക പ്രവർത്തനങ്ങളോടുള്ള പ്രതിബന്ധത ഒരിക്കൽക്കൂടി തെളിയിക്കുന്നതാണ് ഈ രക്തദാന ക്യാമ്പ് എന്ന് സൂചിപ്പിച്ചു.
ഐ.സി.സി പ്രസിഡൻ്റ് എ പി മണികണ്ഠൻ, ഐ.എസ്.സി പ്രസിഡൻ്റ് ഇ പി അബ്ദുൾറഹ്മാൻ, സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഷഹീൻ ബക്കർ, ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ, എന്നിവർ സംസാരിച്ചു. .
ഐ.സി.ബിഎഫ് സെക്രട്ടറിയും രക്തദാന ക്യാമ്പുകളുടെ ചുമതലക്കാരനുമായ മുഹമ്മദ് കുഞ്ഞി സ്വാഗതവും വൈസ് പ്രസിഡൻ്റ് ദീപക് ഷെട്ടി നന്ദി രേഖപ്പെടുത്തി.
ഐ.സി.സി ജനറൽ സെക്രട്ടറി മോഹൻകുമാർ, സെക്രട്ടറി എബ്രഹാം ജോസഫ്, ഐ.എസ്.സി സെക്രട്ടറി പ്രദീപ് പിള്ള, തുടങ്ങി മറ്റ് നിരവധി മുതിർന്ന കമ്മ്യൂണിറ്റി നേതാക്കളും സന്നിഹിതരായിരുന്നു.