തിരുവനന്തപുരം- തീരസുരക്ഷക്കായി തീരദേശ പോലീസിന്റെ ഒരു മണിക്കൂര്‍ നീണ്ട ഹെലികോപ്റ്റര്‍ നിരീക്ഷണം. സ്വകാര്യ ഹെലികോപ്റ്ററില്‍ തിരുവനന്തപുരം പൂവാര്‍ മുതല്‍ ആലപ്പുഴ തോട്ടപ്പള്ളി വരെയാണ് ഒരു മണിക്കൂറിലെ ആകാശപ്പറക്കല്‍ നടന്നത്. എ.ഐ.ജി. പൂങ്കുഴലി, വിഴിഞ്ഞം സി.ഐ രാജ് കുമാര്‍, നീണ്ടകര സി. ഐ. രാജീഷ്, തോട്ടപ്പള്ളി സി.ഐ. റിയാസ് രാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഹെലികോപ്റ്റര്‍ പട്രോളിംഗ്.
കഴിഞ്ഞ ദിവസം രാവിലെ പത്തിന് കോവളം പാലസ് ജംഗ്ഷനിലെ ഹെലിപാഡില്‍ നിന്ന് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ ഒരു മണിക്കൂര്‍ ചുറ്റിയടിച്ചശേഷം പതിനൊന്ന് മണിയോടെ കോവളത്ത് തിരിച്ചിറങ്ങി. അതേസമയം സുരക്ഷിതമായ ബോട്ടുകളില്ലാതെ തീരദേശ സ്റ്റേഷനുകള്‍ നട്ടം തിരിയുമ്പോഴാണ് ബന്ധപ്പെട്ടവരുടെ ആകാശപ്പറക്കലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. തീരസുരക്ഷയുടെ പേരിലായതിനാല്‍ ഹെലികോപ്റ്റര്‍ ഉള്‍ക്കടലിലേക്ക് പറന്നില്ല.
തീരദേശ പൊലീസ് സ്റ്റേഷനുകളില്‍ എല്ലായിപ്പോഴും കടല്‍ പട്രോളിംഗിന് ഉള്‍ക്കടല്‍ വരെ പോകാന്‍ പാകത്തിലുള്ള ബോട്ട് വേണമെന്നുണ്ട്. തീരത്ത് നിന്ന് പന്ത്രണ്ട് നോട്ടിക്കല്‍ മൈല്‍ ഉള്‍ക്കടല്‍ വരെയാണ് തീരദേശ പോലീസിന്റെ അധികാര പരിധി. എന്നാല്‍ ഇത്രയും ദൂരം സുരക്ഷിതമായി ഓടിയെത്താന്‍ പാകത്തിലുള്ള ബോട്ടുകള്‍ സംസ്ഥാനത്തെ ഭൂരിഭാഗം തീരദേശ സ്റ്റേഷനുകളിലും ഇല്ലെന്നാണ് ആക്ഷേപം. തിരുവനന്തപരും ജില്ലയില്‍ ഉള്ള മൂന്ന് സ്റ്റേഷനുകളിലെയും ബോട്ടുകള്‍ കണ്ടം ചെയ്യേണ്ട കാലവും കഴിഞ്ഞു. പുതിയ ബോട്ടുകള്‍ വേണമെന്ന അധികൃതരുടെ നിരന്തര ആവശ്യങ്ങള്‍ക്കും പരിഹാരമുണ്ടായിട്ടില്ല. ഇതിനിടയിലാണ് ഒരു മണിക്കൂര്‍ മാത്രം നീണ്ട ആകാശ നിരീക്ഷണം നടത്തിയത്.