ദോഹ - ഖത്തറിലെ ജീവകാരുണ്യ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖനും ജമാ അത്തെ ഇസ്ലാമി മുൻ അമീർ കെ.സി അബ്ദുല്ല മൗലവിയുടെ മകനുമായ കെ.സി അബ്ദുറഹ്മാൻ (69) ഖത്തറിൽ മരണപ്പെട്ടു . ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഖത്തർ ചാരിറ്റി മുൻ ഉദ്യോഗസ്ഥനായിരുന്നു.
ഖത്തർ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്, മലയാളി അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർ, സി ഐ സി ഖത്തർ യൂണിറ്റ് ഭാരവാഹി, പ്രവാസി വെൽഫെയർ ജില്ല കൌൺസിൽ അംഗം തുടങ്ങി സാമൂഹ്യ പ്രവർത്തന മേഖലയിലും സജീവമായിരുന്നു. കോഴിക്കോട് ചേന്ദമംഗല്ലൂർ സ്വദേശിയായ അബ്ദുറഹ്മാൻ 40 വർഷത്തിലേറെയായി ഖത്തറിൽ പ്രവാസിയാണ്. ഖത്തർ ചാരിറ്റിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്.
ഭാര്യ: സഫൂറ ചെറുവാടി.മക്കൾ: നഫ്‌ല, നബീൽ, നഈം, നൂറ,നസീഫ്, ഫാത്തിമ. മരുക്കൾ: ശിഹാബ്, ഫിദ, ഫഹമി, സുഹൈൽ, റോസ്‌ന
സഹോദരങ്ങൾ: മൊയ്തീൻ കോയ, ഹുസൈൻ,സി ഐ സി ഖത്തർ മുൻപ്രസിഡന്റ് അബ്ദുല്ലത്തീഫ്, മുഹമ്മദ് അലി അതിയ്യ, സുഹറ, സി ഐ സി വനിത വിഭാഗം മുൻപ്രസിഡന്റ് മെഹർബാൻ, മിന്നത്ത്.
വക്ര ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പ്രവാസി വെല്‍ഫെയര്‍ റിപാട്രിയേഷന്‍ ടീമിൻെറ നേതൃത്വത്തില്‍ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും. ഇന്ന് അസർ നമസ്കാരത്തോടനുബന്ധിച്ച് അബു ഹമൂർ പള്ളിയിൽ മയ്യത്ത് നമസ്ക്കാരം നടക്കുമെന്നും നമസ്കാരത്തിന് മുൻപ് മയ്യത്ത് കാണാൻ അവസരം ഉണ്ടാകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.