പാലക്കാട് - പാലക്കാട് വിക്ടോറിയ കോളജ് പ്രിന്‍സിപ്പലായിരിക്കെ എസ്എഫ്‌ഐക്കാര്‍ ഇരുത്തിപ്പൊറുപ്പിക്കാത്ത അനുഭവത്തിന്റെ പ്രതികാരമാണ് ആലത്തൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി ഡോ. ഡോ. ടിഎന്‍ സരസുവിന് ഈ തെരഞ്ഞെടുപ്പ്. അന്ന് ജീവിതം തീച്ചൂളയിലൂടെയാണ് കടന്നുപോയത്. കോളജില്‍ നിന്നും പിരിയുന്നത് വരെ സമാധാനത്തോടെ ഉറങ്ങാന്‍ പോലും സാധിച്ചിരുന്നില്ലെന്ന് സരസു പറഞ്ഞു.
''2016 മാര്‍ച്ച് 31-നായിരുന്നു കോളജില്‍ നിന്നും വിരമിച്ചത്. വിരമിക്കുന്ന ദിവസം സംഭവിച്ചത് എങ്ങനെ മറക്കാന്‍ കഴിയും. ഭര്‍ത്താവുമൊത്ത് കാറില്‍ കോളജിന് മുന്നില്‍ ഇറങ്ങിയപ്പോള്‍ കണ്ടത് എസ്എഫ്‌ഐ എനിക്കായി തീര്‍ത്ത കുഴിമാടവും റീത്തുമാണ്. അത് പിന്നീട് വിവാദമായി. കേരള വിദ്യാഭ്യാസ ചരിത്രത്തിലെ തന്നെ കറുത്ത ഏടുമായി. വിരമിച്ച ശേഷവും അവര്‍ എന്നെ വെറുതെ വിട്ടില്ല. എസ്എഫ്‌ഐയും കോളജിലെ ഒരധ്യാപികയും പ്ലാന്‍ ചെയ്തത് നടന്നിരുന്നെങ്കില്‍ താന്‍ ഇന്ന് ജയിലിലായേനെ. ഇടത് അധ്യാപക സംഘടനയും എസ്എഫ്‌ഐയും സംയുക്തമായാണ് കോളജില്‍ എനിക്കെതിരെ നീങ്ങിയത്. ഞാന്‍ വിരമിച്ച ശേഷവും കുഴിമാട വിവാദം തുടരുകയായിരുന്നു.''
കുഴിമാട വിവാദത്തിലുള്‍പ്പെട്ട ഒരു കുട്ടിയെ വിളിച്ച് അധ്യാപിക പറഞ്ഞത് പ്രിന്‍സിപ്പലിനെതിരെ കത്തെഴുതി വെച്ച് കൈ ഞരമ്പ് മുറിക്കാനാണ്. ആശുപത്രിയില്‍ എത്തിച്ച് ഞങ്ങള്‍ രക്ഷിക്കും എന്നും അവനോട് പറഞ്ഞു. എസ്എഫ്‌ഐയുടെ രക്തസാക്ഷിയാക്കാനാണ് തീരുമാനമെന്ന് മനസിലാക്കി ആ കുട്ടി അതില്‍ നിന്നും പിന്മാറി. ഇതുമായി ബന്ധപ്പെട്ട് അനുഭവിക്കേണ്ടി വന്ന കാര്യങ്ങള്‍ പിന്നീട് വിദ്യാര്‍ത്ഥി തന്നെ തുറന്നു പറഞ്ഞു. അങ്ങനെ അന്ന് സംഭവിച്ചിരുന്നെങ്കില്‍ എന്റെ അവസ്ഥ എന്താകുമെന്ന് എനിക്ക് ആലോചിക്കാന്‍ കൂടി കഴിയുന്നില്ല. മുന്‍ വിദ്യാഭ്യാസമന്ത്രി എം.എ.ബേബിയാണ് കുഴിമാട വിവാദത്തില്‍ എസ്എഫ്‌ഐക്ക് അനുകൂല പ്രസ്താവന നടത്തി മുന്നോട്ടു വന്നത്. വിരമിച്ച പ്രിന്‍സിപ്പലിനു വിദ്യാര്‍ത്ഥികള്‍ ഒരുക്കിയത് പ്രതീകാത്മക കുഴിമാടമാണെന്ന് കരുതുന്നില്ലെന്നും ആര്‍ട് ഇന്‍സ്റ്റലേഷനാണെന്നുമാണ് അന്ന് ബേബി പറഞ്ഞത്. . മറ്റുള്ള സിപിഎം നേതാക്കള്‍ ഈ സംഭവത്തെ ന്യായീകരിക്കാന്‍ തയ്യാറായില്ല- സരസു പറഞ്ഞു.
വാര്‍ത്തകള്‍ തുടര്‍ന്നും വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ പുതിയ ഗ്രൂപ്പില്‍ ചേരുക
വാർത്തകളും വിശകലനങ്ങളും വാട്സ്ആപ്പിൽ