തിരുവനന്തപുരം- ജമ്മു കശ്മീരില്‍ സേവനം ചെയ്യുന്ന മലയാളി സൈനികന്‍ വി. അനീഷ് കുമാറിന്റെ മൃതദേഹം മധ്യപ്രദേശിലെ ബെതുളില്‍ റെയില്‍വെ ട്രാക്കില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കരസേനയുടെ മദ്രാസ് റെജിമെന്റില്‍ നായിക് ആയ അനീഷ് കുമാര്‍ സെപതംബര്‍ മൂന്നിനാണ് ശ്രീനഗറില്‍ നിന്ന് അവധിയെടുത്ത് നാട്ടിലേക്ക് തിരിച്ചത്. വരുന്ന വഴിയാണ് കാണാതായത്. സെപ്തംബര്‍ നാലിന് ദല്‍ഹിയില്‍ നിന്ന് കേരള എക്‌സ്പ്രസില്‍ കയറി. ഈ ദിവസം വൈകിട്ട് 7.43നാണ് അവസാനമായി വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെട്ടത്. പിന്നീട് മൊബൈലില്‍ കിട്ടാതാകുകയായിരുന്നു. തുടര്‍ന്ന് അനീഷിന്റെ സഹയാത്രികരുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോള്‍ യാത്രയ്ക്കിടെ കാണാതായെന്ന വിവരമാണ് ലഭിച്ചത്. സെപ്്തംബര്‍ അഞ്ചിന് വൈകീട്ട് 6.30ന് അനീഷിന്റെ ബാഗുകള്‍ സീറ്റിലിരിക്കുന്നതായി വീട്ടീലേക്ക് ഒരാള്‍ വിളിച്ചറിയിച്ചതായും ബന്ധുക്കള്‍ പറയുന്നു.
റെയില്‍വെ അധികൃതരുമായി ബന്ധപ്പെട്ട് മറ്റൊരു യാത്രക്കാരന്റെ സഹായത്തോടെ അനീഷിന്റെ ലഗേജുകള്‍ ചെങ്ങന്നൂര്‍ സ്റ്റേഷനിലെത്തിക്കുകയും ബന്ധുക്കള്‍ കൈപ്പറ്റുകയും ചെയ്തിരുന്നു. മടക്ക യാത്രാ ടിക്കറ്റും മറ്റെല്ലാ രേഖകളും അനീഷിന്റെ പക്കലുണ്ടായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. 18 വര്‍ഷം മുമ്പ് സൈന്യത്തില്‍ ചേര്‍ന്ന അനീഷ് രണ്ടു വര്‍ഷം മുമ്പാണ് കശ്മീരീലേക്ക് സ്ഥലംമാറ്റം ലഭിച്ചത്.