കാസര്‍കോട്-കഴുതപ്പുലിയെന്ന് സംശയിക്കുന്ന ജീവി ഇരിയണ്ണിയിലും പരിസരങ്ങളിലും ഭീതി പരത്തുന്നു. ഇരിയണ്ണി വനമേഖലയില്‍ നിന്നാണ് ഈ ജീവി ജനവാസ കേന്ദ്രങ്ങളിലിറങ്ങി പരിഭ്രാന്തി സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം കുണിയേരിയിലെ ഗോപാലകൃഷ്ണന്റെ വളര്‍ത്തുനായയെ വീട്ടുകാരുടെ മുന്നില്‍ വെച്ച് കടിച്ചുകൊണ്ടുപോയി. അപ്രതീക്ഷിതമായി വീട്ടുമുറ്റത്തെത്തിയ ജീവി വലിയ നായയെയും കടിച്ചെടുത്ത് കാട്ടിലേക്ക് മറയുകയായിരുന്നു. നായയെ രക്ഷിക്കാനുള്ള വീട്ടുകാരുടെ ശ്രമം വിജയിച്ചില്ല. ഇതിന് പുറമെ മറ്റ് ചില വളര്‍ത്തുമൃഗങ്ങളെയും ജീവി ഉപദ്രവിച്ചിട്ടുണ്ട്. അജ്ഞാതജീവിയുടെ വിളയാട്ടം കാരണം നാട്ടുകാര്‍ ആശങ്കയിലാണ്. ഇരിയണ്ണി ടൗണില്‍ നിന്ന് നാട്ടിലേക്ക് പോകുന്നവര്‍ ജീവി ഉപദ്രവിക്കുമോയെന്ന ഭയത്തിലാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ദിവസവും നടന്നുപോകുന്ന വഴിയുടെ സമീപത്തുള്ള വനത്തില്‍ നിന്നാണ് വന്യമൃഗങ്ങള്‍ നാട്ടിലെത്തുന്നത്. ഈ ഭാഗത്ത് കാട്ടാനകളുടെയും കാട്ടുപന്നികളുടെയും ശല്യം രൂക്ഷമാണ്. കാട്ടുപോത്തുകളും ഇറങ്ങുന്നുണ്ട്. ഇതിനിടയിലാണ് കഴുതപ്പുലിയെന്ന് സംശയിക്കുന്ന ജീവിയും പരാക്രമം നടത്തുന്നത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ തിരച്ചില്‍ നടത്തിയെങ്കിലും ജീവിയെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. കാറഡുക്ക സെക്ഷന്‍ ഫോറസ്റ്റ് ഓഫീസില്‍ ഇതേക്കുറിച്ച് അന്വേഷിച്ച് വരുന്നവര്‍ക്ക് വ്യക്തമായ മറുപടിയും ലഭിക്കുന്നില്ല. വന്യമൃഗങ്ങള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്കുണ്ടായ ഭീതിയകറ്റാന്‍ അധികൃതര്‍ അടിയന്തിരമായി ഇടപെടണമെന്നും മേഖലയില്‍ സി.സി.ടി.വി സ്ഥാപിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.