പത്തനംതിട്ട - തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘന പരാതിയില്‍ പത്തനംതിട്ടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസകിനോട് ജില്ലാ കളക്ടര്‍ വിശദീകരണം തേടി. ചൊവ്വാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം. തോമസ് ഐസക് സര്‍ക്കാര്‍ സംവിധാനങ്ങളെ പ്രചരണത്തിന് ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് യു ഡി എഫ് ആണ് പരാതി നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെ- ഡിസ്‌കിന്റെ ജീവനക്കാരേയും ഹരിതസേന, കുടുംബശ്രീ തുടങ്ങിയ സംവിധാനങ്ങളേയും പ്രചാരണത്തിന് ഐസക്ക് ഉപയോഗിക്കുന്നുവെന്ന് കാണിച്ചാണ് യു ഡി എഫ് കണ്‍വീനര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. കെ- ഡിസ്‌കിലെ കണ്‍സള്‍ട്ടന്റുകള്‍, കുടുംബശ്രീ സംവിധാനം എന്നിവ ഉപയോഗപ്പെടുത്തി വീടുകള്‍ കയറി യുവാക്കള്‍ക്ക് ജോലി വാഗ്ദാനം നല്‍കുന്നുവെന്നും പരാതിയില്‍ ആരോപിക്കുന്നു. തോമസ് ഐസക് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് അടക്കം ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. 50,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ തോമസ് ഐസക് അവകാശപ്പെട്ടിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇതുകൂടാതെ സര്‍ക്കാര്‍ ഔദ്യോഗിക പരിപാടികളുടെ സ്ഥിരം സാന്നിധ്യമാകുകയും ചെയ്യുന്നുണ്ടെന്നും പരാതിയില്‍ ഉണ്ട്. 40 കെ- ഡിസ്‌ക് ജീവനക്കാരെ തൊഴില്‍ സ്‌കില്‍ വികസനം എന്ന വ്യാജേന പ്രചാരണത്തിന് ഉപയോഗിക്കുന്നതായും ഈ ജീവനക്കാര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിലിരുന്ന് പ്രവര്‍ത്തിക്കുന്നതായും പരാതിയില്‍ പറയുന്നു. അതേസമയം തന്റെ ഭാഗത്ത് നിന്ന് യാതൊരു ചട്ടലംഘനവും ഉണ്ടായിട്ടില്ലെന്നാണ് തോമസ് ഐസകിന്റെ വിശദീകരണം. എന്നാല്‍ ജില്ലാ കളക്ടര്‍ വിശദീകരണം തേടിയതിലൂടെ തന്നെ ചട്ടലംഘനം വ്യക്തമായെന്ന് യു ഡി എഫ് പ്രതികരിച്ചു.