Sorry, you need to enable JavaScript to visit this website.

കോഴിക്കോടിൻ്റെ വികസനത്തിന് എൽഡിഎഫ് രൂപരേഖ തയാറാക്കുന്നു

  • പരിപൂർണ വികസിതമായ കോഴിക്കോട്  തൻ്റെ സ്വപ്നമെന്ന് എളമരം കരീം


കോഴിക്കോട് - കരിപ്പൂർ എയർപോർട്ടിൻ്റെ വികസനം,  മാവൂരിലെ ഗ്വാളിയോർ റയോൺസ് ഭൂമിയിലെ പുതിയ സംരംഭം എന്നിവയുടെ പ്രയോജനം കൊണ്ട് ഏറെ  വികസിതമായ ഒരു നഗരമെന്നതാണ് കോഴിക്കോടിനെക്കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാടെന്ന്  എൽ ഡി എഫ് സ്ഥാനാർഥി എളമരം കരീം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാന - കേന്ദ്ര സർക്കാരുകളുടെയും ഒന്നിച്ചുള്ള മുന്നേറ്റത്തിലൂടെ ഇതൊരു യാഥാർത്ഥ്യമാക്കി മാറ്റുകയെന്ന ഉത്തരവാദിത്വമാണ് തെരഞ്ഞെടുക്കപ്പെട്ടാൽ തൻ്റെ മുന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലത്തിലെ കോർപ്പറേഷൻ, മുനിസിപ്പൽ, പഞ്ചായത്ത് ജനപ്രതിനിധികളുമായി മണ്ഡലത്തിലെ വികസനകാര്യങ്ങൾ സംവദിക്കുവാനായി എൽ ഡി എഫ് സംഘടിപ്പിച്ച  - ബൈ ദി പീപ്പിൾ, ഫോർ ദി പീപ്പിൾ,ഓഫ് ദ പീപ്പിൾ  ചർച്ചയിൽ സംസാരിക്കുകയായിരുന്നു കരീം.
 
നമ്മുടെ നഗരത്തെ ഇത്ര വളർത്തിയതിൽ  ഗ്വാളിയോർ റയോൺസിന് ഏറെ പങ്കുണ്ടായിരുന്നു. എന്നാൽ കൊച്ചി എയർപോർട്ട് എറണാകുളത്തിൻ്റെ വികസനത്തിന് നല്കിയതുപോലുള്ള ഒരു പിൻതുണ കരിപ്പൂർ കൊണ്ട്  കോഴിക്കോടിൻ്റെ കാര്യത്തിലുണ്ടായിട്ടില്ലെന്നും കരീം പറഞ്ഞു.
അതുകൊണ്ട് തന്നെ നാഷണൽ ഹൈവേ പൂർത്തിയാകുന്നതോടുകൂടി കോഴിക്കോടിൻ്റെ കിഴക്കുഭാഗം കേന്ദ്രീകരിച്ച് നഗരം കൂടുതൽ വിപുലീകരിച്ച്, വികസനത്തിനായുള്ള സ്ഥലലഭ്യത കുറവ് തീർത്തുള്ള ഒരു മാസ്റ്റർ പ്ലാൻ രീതിയിലായിരിക്കണം നമ്മുടെ ഭാവി വികസനം. മറ്റു നഗരങ്ങളെയപേക്ഷിച്ച് നമ്മുടെ വലിയ സാധ്യതയായ മാലിന്യരഹിതമായ കനോലി കനാലിലൂടെ നഗരത്തിലങ്ങോളമിങ്ങോളം സഞ്ചരിക്കുവാൻ സാധിക്കുന്ന രീതിയിൽ വരെ അതെത്തണം.
എഡ്യൂക്കേഷൻ ഹബ്ബ്, ഹെൽത്ത് ഹബ്ബ്, ടൂറിസം തുടങ്ങിയ മേഖലകളിൽ ജില്ലയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്ന പദ്ധതികളുണ്ടാക്കുകയെന്നതും ഏറെ അനിവാര്യമായ കാര്യമാണ്. 
ദാരിദ്ര്യ നിർമാർജന മടക്കം അടിസ്ഥാന കാര്യങ്ങളിൽ 2004-ൽ  വന്ന യു.പി.എ സർക്കാർ സുപ്രധാന നിയമനിർമാണം നടത്തുവാൻ കാരണം. 61 ഇടത് എം.പിമാരുടെ പിന്തുണയോയായിരുന്നു. 

 ഇന്ത്യ ഇതേ പോലെ  നിലനില്ക്കുമോയെന്ന ഭീതിയുള്ള വർത്തമാനകാലത്തും കൂടുതൽ ഇടത് എം.പിമാരുണ്ടാകുകയെന്നതിൻ്റെ  പ്രസക്തിയെയാണ് ഇതെടുത്തുകാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചർച്ച മോഡറേറ്റ് ചെയ്തു കൊണ്ട്, വികസന കാര്യത്തിൽ സമഗ്രമായ കാഴ്ചപ്പാട് ഉണ്ടെന്നതിനപ്പുറം രാജ്യത്തെ ഭരണഘടനാ മൂല്യങ്ങളുമായി വിളക്കിചേർക്കുന്നതിന് നേതൃത്വം വഹിക്കുവാൻ പറ്റിയ സാരഥി കൂടിയാണ് എളമരം കരീം എന്നതുകൊണ്ടാണ് അദ്ദേഹത്തിൻ്റെ ലോക്‌സഭയിലെ സാന്നിധ്യം കോഴിക്കോട്ടുകാരുടെ ആവശ്യത്തിലപ്പുറം ജനാധിപത്യ കക്ഷികളുടെ ഒരാവശ്യമായി മാറുന്നതന്ന് ജോൺ ബ്രിട്ടാസ് എം.പി പറഞ്ഞു.

സംവാദത്തിൽ എം.എൽ എ മാരായ തോട്ടത്തിൽ രവീന്ദ്രൻ, പി.ടി.ഏ റഹീം, സച്ചിൻ ദേവ്, അഹമ്മദ് ദേവർകോവിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി, മേയർ ഡോ. ബീനാഫിലിപ്പ്, ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്  എന്നിവരും മറ്റു വിവിധ തദ്ദേശസ്വയംഭരണ സാരഥികളും അംഗങ്ങളും സംസാരിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ഏ പ്രദീപ് കുമാർ ആമുഖ പ്രസംഗം നടത്തി.

വികസന കാര്യത്തിൽ ജില്ലയിലെ ജനപ്രതിനിധികളുടെ നിർദേശങ്ങൾ ക്രോഡീകരിച്ച് ഇടതുപക്ഷ മുന്നണിയുടെ മണ്ഡലത്തിൻ്റെ പ്രകടന പത്രികയിൽ ഉൾക്കൊള്ളിക്കുവാൻ വേണ്ടി കൂടിയാണ് ഇത്തരമൊരു ചർച്ച സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.

Latest News