Sorry, you need to enable JavaScript to visit this website.

സൗദി വനിതയുടെ ലൈസന്‍സില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിയ ഇന്ത്യക്കാരന് ശിക്ഷ; നാടുകടത്തും

സകാക്ക - അല്‍ജൗഫില്‍ ബിനാമി ബിസിനസ് സ്ഥാപനം നടത്തിയ കേസില്‍ ഇന്ത്യക്കാരനെയും കൂട്ടുനിന്ന സൗദി പൗരനെയും സകാക്ക അഡ്മിനിസ്‌ട്രേറ്റീവ് കോടതി ശിക്ഷിച്ചതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു.
 
സ്വന്തം നിലയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിയ ഇന്ത്യക്കാരന്‍ മുഹമ്മദ് ഖാലിദ് അബ്ദുല്‍ അസീസ്, സൗദി പൗരന്‍ അബ്ദുസ്സലാം ബിന്‍ മഖ്ബൂല്‍ അല്‍അദ്‌വാന്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഇരുവര്‍ക്കും കോടതി പിഴ ചുമത്തി.

മലയാളം ന്യൂസ് അപ്‌ഡേറ്റുകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍
ഒഫീഷ്യല്‍ ഗ്രൂപ്പില്‍ ചേരാം


സ്ഥാപനം അടച്ചുപൂട്ടുന്നതിനും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനും കോടതി ഉത്തരവിട്ടു. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യക്കാരനെ നാടുകടത്താനും പുതിയ തൊഴില്‍ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍നിന്ന് വിലക്കേര്‍പ്പെടുത്തുന്നതിനും കോടതി നിര്‍ദേശിച്ചു. നിയമ ലംഘകരുടെ പേരുവിരങ്ങളും  നിയമ ലംഘനങ്ങളും ശിക്ഷയും കുറ്റക്കാരുടെ സ്വന്തം ചെലവില്‍ പ്രാദേശിക പത്രത്തില്‍ പരസ്യം ചെയ്യുന്നതിനും കോടതി വിധിച്ചു.


അല്‍ജൗഫില്‍ പ്രവര്‍ത്തിക്കുന്ന ബാര്‍ബര്‍ ഷോപ്പ് ബിനാമി സ്ഥാപനമാണെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് മന്ത്രാലയ ഉദ്യോഗസ്ഥര്‍ സ്ഥാപനത്തില്‍ പരിശോധന നടത്തി ഇന്ത്യക്കാരനെയും സൗദി പൗരനെയും ചോദ്യം ചെയ്തു. സൗദി പൗരന്റെ ഭാര്യയുടെ പേരിലാണ് ബാര്‍ബര്‍ ഷോപ്പിന് ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും നേടിയിരുന്നത്. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി കേസ്  പബ്ലിക് പ്രോസിക്യൂഷന്  കൈമാറുകയായിരുന്നു.

ബാര്‍ബര്‍ ഷോപ്പ് നടത്തുന്നതിലൂടെ പ്രതിമാസം അയ്യായിരം റിയാലായിരുന്നു ഇന്ത്യക്കാരന് വരുമാനം. ഇതില്‍നിന്ന് 800 റിയാല്‍ മുറിയുടെ വാടകയായി കെട്ടിട ഉടമക്കും 600 റിയാല്‍ സ്വന്തമായി സ്ഥാപനം നടത്തുന്നതിന് കൂട്ടുനിന്ന സൗദി പൗരനും നല്‍കുകയായിരുന്നു പതിവ്.
ബിനാമി ബിസിനസ് കേസ് പ്രതികള്‍ക്ക് പത്തു ലക്ഷം റിയാല്‍ വരെ പിഴയും രണ്ടു വര്‍ഷം വരെ തടവു ശിക്ഷയുമാണ് നിയമം അനുശാസിക്കുന്നത്. ബിനാമി സ്ഥാപനങ്ങള്‍ നടത്തുന്ന വിദേശികള്‍ക്കും അവര്‍ക്ക് ഒത്താശ ചെയ്യുന്ന സൗദികള്‍ക്കും ഒരുപോലെ ശിക്ഷ ലഭിക്കും. നിയമ ലംഘകരായ വിദേശികളെ നാടുകടത്തുകയും ചെയ്യും.

 വാണിജ്യ വഞ്ചനയും സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ വര്‍ധിക്കുന്നതിന് പ്രധാന കാരണമായി അധികൃതര്‍ കാണുന്നത് ബിനാമി ബിസിനസ് പ്രവണതയാണ്. ഇത് അവസാനിപ്പിക്കുന്നതിന് ദേശീയ പരിവര്‍ത്തന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാണിജ്യ മന്ത്രാലയ ആറിന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. 

സ്ഥാപനങ്ങളുടെ പേരില്‍ ബാങ്ക് അക്കൗണ്ട്, മുഴുവന്‍ ഇടപാടുകളും ബില്ലുകള്‍ വഴി, ഉപയോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുക, ബിനാമി വിരുദ്ധ മേഖലയില്‍ വ്യത്യസ്ത വകുപ്പുകള്‍ നടത്തുന്ന ശ്രമങ്ങള്‍ ഏകീകരിക്കുക, സ്വദേശിവല്‍ക്കരണം, വാണിജ്യ മേഖലയില്‍ നീതിപൂര്‍വമായ മത്സരം ഉറപ്പുവരുത്തുക, നിയമ വിരുദ്ധ ബിസിനസുകളെ കുറിച്ച കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കി ഓരോ മേഖലയിലെയും ബിനാമി പ്രവണതക്ക് പരിഹാരം കാണുന്നതിന് വെവ്വേറെ  നടപടിയെടുക്കുക എന്നിവയാണ് ബിനാമി പ്രവണത അവസാനിപ്പിക്കുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയം സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍.
ഘട്ടംഘട്ടമായി എല്ലാ മേഖലകളിലും ബിനാമി വിരുദ്ധ നടപടികള്‍ സ്വീകരിക്കും. 

Latest News