Sorry, you need to enable JavaScript to visit this website.

സത്യഭാമയുടെ വര്‍ണവെറി പരാമര്‍ശത്തില്‍ സംഘ്പരിവാര്‍ അജണ്ടയുണ്ട്-കെ.മുരളീധരന്‍

തൃശൂര്‍- ആര്‍.എല്‍.വി. രാമകൃഷ്ണനെതിരായ നൃത്താധ്യാപിക സത്യഭാമയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ സംഘ്പരിവാര്‍ അജണ്ടയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും തൃശൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ കെ. മുരളീധരന്‍. സത്യഭാമയെന്ന  കലാകാരിയുടെ മനസ്സ് ഇത്ര വികൃതമാണെന്ന് ഇപ്പോഴാണ് അറിയുന്നതെന്നും മുരളീധരന്‍ പറഞ്ഞു.
ഇത്തരം വികൃതമായിട്ടുള്ള മാനസികാവസ്ഥ കേരളത്തില്‍ ഒരിക്കലും വിലപ്പോവില്ലെന്ന് നമുക്ക് തെളിയിക്കാനാകണം. അതിന് എല്ലാവരും ഒറ്റക്കെട്ടായി ഇതുപോലെയുള്ള വംശീയ അധിക്ഷേപങ്ങളെ എതിര്‍ത്ത് തോല്‍പ്പിക്കണം. സംഘ്പരിവാറിന്റെ അജണ്ട ഇതിലൊക്കെയും കാണാന്‍ സാധിക്കുന്നുണ്ട്. കുടുംബക്ഷേത്രത്തിലെ നൃത്തത്തിന് ക്ഷണിച്ചതുകൊണ്ടൊന്നും ഈ പാപക്കറ കഴുകിക്കളയാനാവില്ല. ബി.ജെ.പി നേതാവ് സുരേഷ് ഗോപി ആര്‍.എല്‍.വി. രാമകൃഷ്ണനെ കുടുംബക്ഷേത്രത്തില്‍ നൃത്തത്തിന് ക്ഷണിച്ചതിനെ പരാമര്‍ശിച്ചുകൊണ്ട് മുരളീധരന്‍ പറഞ്ഞു.

ആര്‍.എല്‍.വി. രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ വര്‍ണവെറി നിറഞ്ഞ പരാമര്‍ശത്തിനെതിരെ പ്രതിഷേധം വ്യാപകമാണ്. കലാമണ്ഡലത്തില്‍ ഇന്ന് ആര്‍.എല്‍.വി. രാമകൃഷ്ണന്‍ മോഹിനിയാട്ടം അവതരിപ്പിക്കുന്നുണ്ട്. സത്യഭാമയുടെ പ്രസ്താവനയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് മോഹിനിയാട്ടം.

വാര്‍ത്തകളും വിശകലനങ്ങളും വാട്‌സാപ്പില്‍

വിവാദ പരാമര്‍ശത്തില്‍ സത്യഭാമക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്.  അധിക്ഷേപത്തെ നിയമപരമായി നേരിടുമെന്ന് ആര്‍.എല്‍.വി. രാമകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവന്‍ മാത്രമെ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളൂ എന്നായിരുന്നു സത്യഭാമയുടെ പരാമര്‍ശം. രാമകൃഷ്ണന്‍ കാക്ക പോലെ കറുത്തവനാണെന്നും സുന്ദരികളായ സ്ത്രീകള്‍ മാത്രമെ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളൂ എന്നുമാണ് അവര്‍ പറഞ്ഞത്.

 

Latest News