കോഴിക്കോട് - പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രവർത്തനങ്ങളിൽ പോലും ആത്മാർഥതയില്ലാത്ത സമീപനമാണ് കോൺഗ്രസ് പാർട്ടി കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ഭരണഘടന സംരക്ഷണ സമിതി കോഴിക്കോട്ട് സംഘടിപ്പിച്ച പൗരത്വ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമം നടപ്പിലാക്കുവാനുള്ള ചട്ടം കൊണ്ടുവരുമ്പോൾ കോൺഗ്രസിന് ദേശീയ തലത്തിൽ പോലും ഇക്കാര്യത്തിൽ നിലപാടില്ലാത്ത അവസ്ഥയാണ്. ദേശീയ അധ്യക്ഷൻ ഖാർഗെയും ഭാരത് ജോഡോ ന്യായ് യാത്രയിൽ രാഹുൽ ഗാന്ധിപോലും ഇതിനെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല. മാധ്യമങ്ങൾക്ക് മുന്നിൽ ദേശീയ വക്താവായ ജയറാം രമേശിന് പോലും ഒരു ശക്തമായ നിലപാട് വ്യക്തമാക്കുവാൻ സാധിക്കാതെ പോകുകയായിരുന്നു.
അപകടകരമായ ഒളിച്ചു കളിയാണ് കോൺഗ്രസ് ഇപ്പോഴും ഇക്കാര്യത്തിൽ സ്വീകരിക്കുന്നത്. എന്നാൽ ഇടതുപക്ഷത്തിന് ഇക്കാര്യത്തിൽ യാതാരു വിധ ചാഞ്ചാട്ടവുമില്ല. തുടക്കം മുതലെ ശക്തമായ നിലപാടാണ് ഇടതുമുന്നണി പൗരത്വ നിയമത്തിനെതിരെ എടുത്തത്. എന്നാൽ കേരളത്തിലടക്കം ആദ്യം ശക്തമായി ഈ നിയമത്തിനെതിരെ യോജിച്ച പോരാട്ടത്തിന് തയ്യാറായ ഇവിടത്തെ കോൺഗ്രസ് പിന്നീട് ചുവടു മാറ്റുകയായിരുന്നു. നിയമസഭയിൽ യോജിച്ച് പ്രഖ്യാപിച്ച പ്രമേയത്തെപോലും പരിഹസിച്ചു കൊണ്ട് ഇവർ രംഗത്തുവരികയായിരുന്നു.
പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതോടെ ഒരപരിഷ്കൃത രാജ്യമായി ലോകത്തിന് മുന്നിൽ ഇന്ത്യ മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുകൊണ്ടാണ് മോദിയുടെ ഏറ്റവും വലിയ സുഹൃത്തുക്കളായ അമേരിക്കയടക്കമുള്ള രാജ്യങ്ങളടക്കം ഇതിനെതിരെ ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയും ആംനസ്റ്റി ഇൻ്റർനാഷണൽ പോലും രംഗത്തു വന്നിരിക്കുകയാണ്.
സി.എ.എയും എൻ. ആർ. സി യും എൻ.പി എ യും ഇവിടെ നടപ്പിലാക്കില്ലെന്ന് എല്ലാവരെയും ഒരുമിച്ച് കൂട്ടി ആദ്യം പ്രഖ്യാപിച്ചത് കേരളമാണ് എന്നത് ഈ നാട് ഇപ്പോഴും പുലർത്തുന്ന പ്രത്യേകതയെയാണ്
എടുത്തു കാണിക്കുന്നത്. ഇതിൻ്റെ തുടർച്ചയായാണ് നിയമസഭ ഐക്യകണ്ഠേന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയതും.
സംഘ്പരിവാർ അജണ്ട യുടെ ഭാഗമായാണ് പൗരത്വത്തെ മതാഷ്ഠിതമാക്കുവാനുള്ള ഈ ശ്രമം. മൗലികവകാശത്തെ ഹനിക്കുന്ന രീതിയിലുള്ള നിയമം കൊണ്ടുവരുവാൻ ഒരു സർക്കാരിനും സാധിക്കുകയില്ല. കാരണം നിയമത്തിൻ്റെ തുല്യത പൗരന്മാരല്ലാത്തവർക്ക് കൂടി നമ്മുടെ ഭരണഘടന ഉറപ്പു നല്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ നിയമം ഭരണഘടനാവിരുദ്ധമാണ് അതുകൊണ്ടാണിതിനെതിരെ
കേരളം സുപ്രീം കോടതിയിൽ പോയിരിക്കുന്നത്. സംഘ്പരിവാർ അജണ്ട നടപ്പിലാക്കുവാനാണ് കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയത്.
നമ്മുടെ രാജ്യം ഏതു മതത്തിലും വിശ്വസിക്കുവാനും വിശ്വസിക്കാതിരിക്കുവാനും സ്വാതന്ത്ര്യമുള്ള മതനിരപേക്ഷ രാഷ്ട്രത്തിൽ നിന്ന് മതാതിഷ്ഠിതരാഷ്ട്രമാക്കി മാറ്റുവാനുള്ള നടപടികളുടെ തുടർച്ചയാണ് പൗരത്വനിയമം നടപ്പാക്കൽ.
നമ്മുടെ ഭരണഘടന രാജ്യത്തിന് ചേരില്ലെന്ന് പറഞ്ഞവരായിരുന്നു ആദ്യം മുതലെ ആർ. എസ്. എസുകാർ. രാജ്യത്ത് മനുസ്മൃതിയിലധിഷ്ഠിതമായ ഒരു ഭരണഘടനയാണ് അവർ നിർദ്ദേശിച്ചത്.
എന്നാൽ അന്ന് മുതൽ മതനിരപേക്ഷതയെ തകർക്കുവാനുള്ള എല്ലാ ശ്രമങ്ങൾക്കും ആർ. എസ്. എസ് തുടക്കം കുറിച്ചിരുന്നു.
ഇതിൻ്റെ തുടർച്ചയാണ് അവരുടെ രാഷ്ട്രീയ രൂപമായ ബി.ജെ.പി പൗരത്വ നിയമത്തിലൂടെ തുടക്കം കുറിച്ചിരിക്കുന്നത്.
വിദേശങ്ങളിൽ നിന്ന് കുടിയേറിയവരിൽ ഒരു വിഭാഗത്തെ പുറത്തിരുത്തിയതോടെ പൗരത്വനിയമം വിവേചനത്തോടെയുള്ളതാണെന്ന് തെളിഞ്ഞിരിക്കയാണ്. അഭയാർഥികളെ മതാതിഷ്ഠിതമായി കണ്ടതുകൊണ്ടാണ് ഐക്യരാഷ്ട്രസഭയും ആംനസ്റ്റി ഇൻ്റർ നാഷണലടക്കം പൗരത്വ നിയമത്തിനെതിരെ രംഗത്തുവന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ചടങ്ങിൽ എളമരം കരീം എം.പി അധ്യക്ഷത വഹിച്ചു. സമസ്ത ഏ.പി വിഭാഗം നേതാവും ഹജ്ജ് കമ്മിറ്റി ചെയർമാനുമായ സി.മുഹമ്മദ് ഫൈസി, സമസ്ത ഇ കെ വിഭാഗം നേതാവ് മുസ്തഫ മുണ്ടുപാറ, എം.ഇ. എസ് പ്രസിഡൻ്റ് ഡോ. ഫസൽ ഗഫൂർ, കെ.എൻ. എം മർക്കസുദ്ദഅവ സംസ്ഥാന സെക്രട്ടറി ഡോ. ഐ.പി. അബ്ദുസ്സലാം, കെ.ഡി. എഫ്. പ്രസിഡൻ്റ്റ് പി.രാമഭദ്രൻ, വിസ്ഡം ഇസ്ലാമിക്ക് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ കെ.സജ്ജാദ് , സാഹിത്യകാരൻ കെ.പി. രാമനുണ്ണി, കെ.കെ. ശൈലജടീച്ചർ , മുക്കം മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. കെ. ടി. കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു.