Sorry, you need to enable JavaScript to visit this website.

അടുപ്പം വര്‍ധിപ്പിക്കുക, സാമൂഹിക വിഭജനത്തെ ചെറുക്കുക -പ്രവാസി ഇഫ്താർ

പ്രവാസി വെൽഫെയർ പ്രൊവിൻസ് കമ്മറ്റി റിയാദിൽ നടത്തിയ ഇഫ്താർ സംഗമം.

റിയാദ് - ആഘോഷങ്ങളും സമാഗമ വേളകളും സാമൂഹിക അടുപ്പം വർധിപ്പിക്കുവാനും രാജ്യത്തിന്റെ കരുത്തും ശക്തിയും കാത്ത് സൂക്ഷിക്കുവാനും ഉപയോഗപ്പെടുത്തണമെന്ന് പ്രവാസി വെൽഫെയർ ഇഫ്താർ സംഗമം ആഹ്വാനം ചെയ്തു. റിയാദിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകർ പങ്കെടുത്ത നോമ്പ് തുറയിൽ പ്രവാസി വെൽഫെയർ നാഷണൽ പ്രസിഡന്റ് സാജു ജോർജ് റമദാൻ സന്ദേശം നൽകി. കാരുണ്യത്തിന്റെയും പ്രാർത്ഥനയുടെയും മാസമായ റമദാൻ നിർമ്മലമായ മനസ്സുകളെയും മൂല്യമുള്ള മനുഷ്യരെയുമാണ് സംഭാവന ചെയ്യുന്നത്. ജാതി മത പ്രശ്നങ്ങളിൽ ഉഴറുന്ന ഈ ലോകം കഴിഞ്ഞ കോവിഡ് കാലത്തെ അനുസ്മരിക്കണമെന്നും സ്നേഹവും സാഹോദര്യവും ഉത്തേജിപ്പിക്കുവാൻ ഈ ഉപവാസ കാലത്തെ അവസരമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രൊവിൻസ് പ്രസിഡന്റ് ഖലീൽ പാലോട് അധ്യക്ഷത വഹിച്ചു. 'അകറ്റാൻ ശ്രമിക്കുമ്പോൾ അടുക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുക എന്നതാണ്  വിഘടിതപ്രവർത്തനങ്ങൾ നടക്കുന്ന ലോകത്തിന് നൽകുന്ന ഏറ്റവും വലിയ രാഷ്ട്രീയ സന്ദേശമെന്നും അതിലും മഹത്തായ ഒരു റമദാൻ സന്ദേശമില്ലെന്നും' അദ്ദേഹം പറഞ്ഞു. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരായ ഡോ. ജയചന്ദ്രൻ, ജോസഫ് അതിരുങ്കൽ, ശിഹാബ് കൊട്ടുകാട്, ജയൻ കൊടുങ്ങല്ലൂർ, സുധീർ കുമ്മിൾ, നസീബ് കലാഭവൻ, സലീം മാഹി, ഹരികൃഷ്ണൻ, ഷാറൂൺ ഷരീഫ്, മുസ്തഫ (റോയൽ) തുടങ്ങി നിരവധി പേർ പരിപാടിയിൽ സംബന്ധിച്ചു. പ്രവാസി ജനറൽ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി, സിസി അംഗങ്ങളായ അസ്‌ലം കെ.കെ, റിഷാദ് എളമരം, ഷഹനാസ് സാഹിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. 

Tags

Latest News