Sorry, you need to enable JavaScript to visit this website.

ഇഫ്താറും ജീവകാരുണ്യവും വേറിട്ടു കാണണം; ജിദ്ദയിലെ വിവാദത്തിൽ ഡോ.ഇന്ദുചന്ദ്ര

ജിദ്ദയിലെ ഇഫ്താർ സംഗമങ്ങൾ തെറ്റായ ഒരു പ്രവണത പ്രചരിപ്പിക്കുന്നുണ്ടോ? അങ്ങനെ ചോദിച്ചാൽ തീർച്ചയായും ഇല്ല എന്ന് തന്നെയാണ് എൻറെ അഭിപ്രായം. ജിദ്ദയിലെ സംഘടനകൾ തന്നെയാണ് എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മുന്നിൽ നിൽക്കുന്നത്. ഇത് ഒരു ഡോക്ടർ എന്ന നിലയിൽ പല കാര്യങ്ങളിൽ കൂടിയും ഞാൻ അടുത്തറിഞ്ഞിട്ടുള്ള കാര്യങ്ങളാണ്. കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കാനും രോഗങ്ങളിൽ വലയുന്നവരെ നാട്ടിലെത്തിക്കാനും ജയിലിൽ അകപ്പെട്ടവരെ പുറത്തിറക്കാനും എല്ലാം ജിദ്ദയിലെ സംഘടനകളാണ് കൊല്ലം മുഴുവനും ഓടിനടന്ന് കാര്യങ്ങൾ ശരിയാക്കിയിട്ടുള്ളത്. ഇഫ്താർ സംഗമങ്ങളെ ജീവകാരുണ്യവും ആയിട്ട് കൂട്ടിക്കലർത്താൻ ഒരിക്കലും കഴിയില്ല. ഇഫ്താർ സംഗമങ്ങൾ എന്നു പറയുന്നത് സ്നേഹത്തിൻറെയും ഐക്യത്തിന്റെയും കാരുണ്യത്തിന്റെയും സാഹോദര്യത്തിന്റെയും ആത്മസമർപ്പണത്തിന്റെയും കൂടിച്ചേരലാണ്. ഈ സംഗമങ്ങളിൽ പണ്ഡിതനെന്നോ പാമരൻ എന്നോ പൈസക്കാരൻ എന്നോ ഒരു വ്യത്യാസവും ഇല്ലാതെ പ്രവാചകൻ പറഞ്ഞിട്ടുള്ളതുപോലെ എല്ലാവരും ഒത്തൊരുമയോടെ കൂടി ഇരുന്നിട്ടാണ് നോമ്പ് തുറക്കാറുള്ളത്. ഈ നോമ്പുകാലം കൊണ്ട് ഈ സ്നേഹവും ഐക്യവും സാഹോദര്യവും ഊട്ടിയുറപ്പിക്കുക എന്നുള്ളതാണ് ലക്ഷ്യമാക്കുന്നത്. ജിദ്ദയിലെ ഇഫ്താർ സംഗമങ്ങളിൽ ചെന്നു കഴിഞ്ഞാൽ ഈ സാഹോദര്യത്തിന്റെ അംശമാണ് നമ്മൾക്ക് കാണാൻ കഴിയുക. ഈ കഴിഞ്ഞ ദിവസം ബലതീയ സ്ട്രീറ്റിന്റെ ഇഫ്താർ സംഗമത്തിൽ ഞാൻ പങ്കെടുത്തിരുന്നു. എത്ര ഐക്യത്തോടെയാണ് അവർ ആ പരിപാടി കടകളുടെ മുന്നിലെ റോഡിൽ വച്ച് നടത്തിയത്. ആ സംഗമത്തിൽ വലിയ ബിസിനസുകാരും, കടകളിലെ തൊഴിലാളികളും പുറത്തെ പണിക്കാരും എല്ലാവരും ഉണ്ടായിരുന്നു. നല്ല ഒരുമയോടെയാണ് അവർ കാര്യങ്ങൾ ചെയ്തത്. കാര്യങ്ങൾ ഓടിനടന്ന് ശരിയാക്കാൻ ഒരുപാട് ആളുകളെ ഞാൻ അവിടെ കണ്ടു. മുതലാളി തൊഴിലാളി വ്യത്യാസമൊന്നും ഞാൻ അവിടെ കണ്ടില്ല. ഭക്ഷണം കഴിഞ്ഞ് കുറച്ച് മിനിറ്റുകൾക്ക് ശേഷം തന്നെ അവിടെ അവർക്ക് ക്ലീൻ ആക്കാൻ കഴിഞ്ഞു. ഇത് ചെയ്യ് ,അത് ചെയ്യ് എന്ന് ആരും പറയുന്നത് കണ്ടില്ല. കുറച്ച് ആളുകൾ വെയിസ്റ്റ് ക്ലീൻ ചെയ്യുമ്പോൾ മറ്റുചിലർ കാർപെറ്റ് ചുരുട്ടി അടുക്കിവെച്ചു. അതുകഴിഞ്ഞ് ലോറി വന്നു നിന്നപ്പോൾ അതിലേക്ക് കസേരകളും കാർപെറ്റുകളും കുറച്ചുപേർ കയറ്റിവെച്ചു. അരമണിക്കൂർ കൊണ്ട് അവിടെ ക്ലീനായി. അതിമനോഹരമായ ഒരു ഒത്തൊരുമയുടെ ഒരു ഐക്യത്തിന്റെ ഒത്തുചേരലാണ് ഞാൻ അവിടെ കണ്ടത്. ഈ സ്നേഹവും സാഹോദര്യവും ഐക്യവും നമ്മൾക്ക് നാട്ടിൽ പോലും കാണാൻ കഴിയില്ല. ഈ കൂടിച്ചേരലുകൾ ലക്ഷ്യം വയ്ക്കുന്നത് മുന്നോട്ടുള്ള പ്രയത്നങ്ങൾക്കുള്ള ഊർജ്ജവും ആവേശവും ആണ്. ജിദ്ദയിലെ നോമ്പുകാലത്ത് ഭക്ഷണമില്ലാതെ ഒരു മനുഷ്യൻ പോലും ബുദ്ധിമുട്ടുമെന്ന് എനിക്ക് തോന്നുന്നില്ല. മുൻപ് പാലത്തിൻറെ അടിയിൽ പോയി നോമ്പുകാലത്ത് ഞാനും ഭർത്താവും കൂടി ഭക്ഷണം ആളുകൾക്ക് കൊടുത്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ നമ്മൾ ആളുകൾക്ക് ഭക്ഷണം കൊടുക്കുകയാണെങ്കിൽ അവർ പറയും ഭക്ഷണം വേണ്ട കാശു മതി എന്ന്. ഇത് എൻറെ അനുഭവമാണ്. സൗദികൾ വിദേശി ആയാലും മറ്റു പലരും ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഭക്ഷണം നോമ്പുകാലത്ത് കൊടുക്കുന്നുണ്ട്. അവശത അനുഭവിക്കുന്നവർക്ക് കൈത്താങ്ങ് വേണ്ടത് നോമ്പുകാലത്ത് മാത്രമല്ല കൊല്ലം മുഴുവനും ആണ്. അത് ജിദ്ദയിലെ സംഘടനകൾ ഭംഗിയായി നിർവഹിക്കുന്നുണ്ട് എന്ന് തന്നെയാണ് എൻറെ അഭിപ്രായം. ഇഫ്താർ സംഗമങ്ങളിൽ പോകാൻ എന്നെ പ്രേരിപ്പിക്കുന്ന വസ്തുത എല്ലാവരും കൂടിയുള്ള ആ സ്നേഹത്തിൻറെ ഒത്തുചേരലുകളാണ്, ആളുകളെ അടുത്തറിയാനുള്ള അവസരങ്ങളാണ്. വീട്ടിലെ ഭക്ഷണം മാത്രം ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയെന്ന നിലയിൽ ഈ ഇഫ്താർ സംഗമങ്ങളെ സ്നേഹസംഗമം എന്നു വിളിക്കാനാണ് എനിക്കിഷ്ടം. കൊല്ലം മുഴുവൻ ജീവകാരുണ്യത്തിനുവേണ്ടി പ്രവർത്തിക്കുന്ന ജിദ്ദയിലെ എല്ലാ സംഘടനകൾക്കുമാണ് എൻറെ ബിഗ് സല്യൂട്ട്.

(ഫേസ് ബുക്കിൽ എഴുതിയ കുറിപ്പ്)

Latest News