Sorry, you need to enable JavaScript to visit this website.

രാമകൃഷ്ണന് കാക്കയുടെ നിറം, മോഹിനിയാട്ടത്തിന് കൊള്ളില്ല: നര്‍ത്തകനെതിരെ അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ

തൃശൂര്‍ - പ്രശസ്ത നര്‍ത്തകനും കലാഭവന്‍ മണിയുടെ സഹോദരനുമായ ഡോ. ആര്‍ എല്‍ വി രാമകൃഷ്ണനുനേരെ ജാതി അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു പരാമര്‍ശം. യൂട്യൂബ് ചാനല്‍ അഭിമുഖത്തിലാണ് വിവാദ പരാമര്‍ശം. സംഭവത്തില്‍ ഡോ. ആര്‍ എല്‍ വി രാമകൃഷ്ണന് പിന്തുണയുമായി പ്രമുഖര്‍ ഫേയ്‌സ്ബുക്കില്‍ പോസ്റ്റുകളുമായി രംഗത്തെത്തി. പലവിധ അധിക്ഷേപങ്ങളെയും അതിജീവിച്ചാണ് മുന്നോട്ട് പോകുന്നതെന്നും വിഷയത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഡോ. ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു.
സാംസ്‌കരിക രംഗത്ത് ഇത്തരം സവര്‍ണ ചിന്തയുള്ളവര്‍ നിലയുറപ്പിച്ചാല്‍ വലിയ ഭീകര അവസ്ഥയാണുണ്ടാകുകയെന്നും കലാഭവന്‍ മണിയടക്കമുള്ള ആളുകള്‍ ഇത്തരം അധിക്ഷേപം നേരിട്ടിരുന്നുവെന്നും രാമകൃഷ്ണന്‍ പറഞ്ഞു.അതേസമയം, താന്‍ ആരുടെയും പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ലെന്നും ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും  കലാമണ്ഡലം സത്യഭാമ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. 

സത്യഭാമയുടെ വിവാദ പരാമര്‍ശം:

'മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷന്‍ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹിനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരോജകത്വം വെറെയില്ല. എന്റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല'- ഇതായിരുന്നു വീഡിയോയിലെ കലാമണ്ഡലം സത്യഭാമയുടെ വിവാദ പ്രസ്താവന. യൂട്യൂബ് ചാനലില്‍ നടത്തിയ അഭിമുഖത്തിലാണ് വിവാദ  പരാമര്‍ശം.

Latest News