- വാടകവീട്ടിൽ ഒളിപ്പിച്ച 7.25 കോടിയുടെ കള്ളനോട്ട് പോലീസ് പിടികൂടി
അമ്പലത്തറ (കാസർകോട്) - വാടകക്കെടുത്ത വീട്ടിൽ അതീവ രഹസ്യമായി ഒളിപ്പിച്ചുവെച്ച 7.25 കോടിയുടെ കള്ളനോട്ടുകൾ പൊലീസ് സംഘം പിടിച്ചെടുത്തു. പിടിച്ചെടുത്തത് മുഴുവൻ പുതിയ 2000 രൂപയുടെ കള്ളനോട്ടുകളാണ്.
അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഗുരുപുരത്തെ വാടകവീട്ടിൽ ഇന്നലെ വൈകുന്നേരം മുതൽ പരിശോധന നടത്തിയ ബേക്കൽ ഡിവൈ.എസ്. പി ജയൻ ഡൊമിനിക്ക്, അമ്പലത്തറ ഇൻസ്പെക്ടർ പ്രജീഷ്, എസ് ഐ സുമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വൻ കള്ളനോട്ട് ശേഖരം പിടിച്ചെടുത്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്ത് തുടർന്ന് ബുധനാഴ്ച വൈകുന്നേരം വീട്ടിൽ പരിശോധന നടത്തി എട്ടര ലക്ഷം രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തിരുന്നു. ഈ നോട്ടുകളുമായി പൊലീസ് സ്റ്റേഷനിൽ തിരിച്ചെത്തിയ ശേഷം കൂടുതൽ കള്ളനോട്ടുകൾ ഉണ്ടെന്ന സംശയത്തെ തുടർന്ന് പോലീസ് സംഘം സന്ധ്യക്ക് വീണ്ടും വീട്ടിലെത്തി അടഞ്ഞുകിടന്നിരുന്ന പൂജാമുറി കുത്തി തുറന്ന് പരിശോധിച്ചപ്പോഴാണ് ബാക്കിയുള്ള കോടികളുടെ കള്ളനോട്ടുകളും കണ്ടെത്തിയത്.
ഗുരുപുരത്തെ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ളതാണ് കള്ളനോട്ട് പിടികൂടിയ വീട്. പാണത്തൂർ സ്വദേശിയായ അബ്ദുൾ റസാഖ് എന്ന ആൾക്ക് താമസിക്കാൻ ആണ് ഈ വീട് വാടകക്ക് കൊടുത്തിരുന്നത്. ഇയാളെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പൊലീസ് വീട്ടിലെത്തുമ്പോൾ അബ്ദുറസാഖ് മുങ്ങിയിരുന്നു. കള്ളനോട്ട് വിതരണത്തിനായിട്ടാണ് വീട് വാടകയ്ക്ക് എടുത്തത് എന്നാണ് പൊലീസ് നിഗമനം. ഇയാളുടെ കുടുംബം വീട്ടിൽ താമസമില്ലായിരുന്നു. അബ്ദുൽ റസാഖിനെ കണ്ടെത്താൻ പൊലീസ് വ്യാപകമായ തിരച്ചിൽ നടത്തുകയാണ്.