കൊച്ചി-വിവാദങ്ങള്‍ക്ക് പിന്നാലെ നടനും തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയെ വീട്ടിലേക്ക് സ്വാഗതം ചെയ്ത് കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കലാമണ്ഡലം ഗോപിയുടെ പ്രതികരണം. സുരേഷ് ഗോപിക്ക് തന്റെ വീട്ടിലേക്ക് വരാനോ കാണാനോ ആരുടെയും അനുവാദം നോക്കേണ്ട എന്നാണ് കലാമണ്ഡലം ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്.
കലാമണ്ഡലം ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്
'സുരേഷ് ഗോപിയും കലാമണ്ഡലം ഗോപിയായ ഞാനും വളരെക്കാലമായി സ്നേഹബന്ധം പുലര്‍ത്തി പോരുന്നവരാണ്. സുരേഷ് ഗോപിക്ക് എന്നെ കാണാനോ എന്റെ വീട്ടിലേക്കു വരാനോ ആരുടെയും അനുവാദം നോക്കേണ്ടതില്ല. എന്നും എപ്പോഴും സ്വാഗതം. അതുപോലെ എന്നെ സ്നേഹിക്കുന്നവര്‍ക്ക് എന്നെ കാണാന്‍ എപ്പോഴും വരാം' കലാമണ്ഡലം ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.
തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് മകന്‍ രഘുവിന്റെ ആരോപണം നേരത്തെ വിവാദമായിരുന്നു. സുരേഷ് ഗോപി കാണാനെത്തുമെന്നും അനുഗ്രഹിക്കണമെന്നും ഒരു ഡോക്ടര്‍ നിര്‍ബന്ധിച്ചെന്ന് കലാമണ്ഡലം ഗോപിയുടെ മകന്‍ രഘുഗുരുകൃപ ഫേസ്ബുക്കില്‍ വെളിപ്പെടുത്തിയതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ആശാന് പത്മ വിഭൂഷണ്‍ വേണ്ടേ എന്ന് ചോദിച്ചതായും മകന്‍ ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ കലാമണ്ഡലം ഗോപിയെ വിളിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
ഇതിന് പിന്നാലെ ആലത്തൂരിലെ ഇടത് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണനായി കലാമണ്ഡലം ഗോപി വോട്ടഭ്യര്‍ത്ഥിച്ചതും ചര്‍ച്ചയായിരുന്നു. വീഡിയോ സന്ദേശത്തിലൂടെയാണ് കലാമണ്ഡലം ഗോപിയുടെ വോട്ടഭ്യര്‍ത്ഥന. മന്ത്രിയായ കെ രാധാകൃഷ്ണനെ വിജയിപ്പിക്കണമെന്ന് കലാമണ്ഡലം ഗോപി വീഡിയോയില്‍ പറഞ്ഞിരുന്നു. കെ രാധാകൃഷ്ണന്റെ പ്രവൃത്തിയെപ്പറ്റിയും സ്വഭാവത്തെപ്പറ്റിയും തനിക്ക് നല്ലതുപോലെ ബോധ്യമുണ്ടെന്നും ആ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് വോട്ടഭ്യര്‍ത്ഥിക്കുന്നതെന്നും കലാമണ്ഡലം ഗോപി പറഞ്ഞിരുന്നു.