മോദിയുടെ ഗ്യാരന്റികള്‍ ചത്തുമലച്ചു കിടക്കുകയാണെന്ന് ബിനോയ് വിശ്വം

തൃശൂര്‍- ഒരിക്കലും ജയിക്കാത്തയാളെ സ്ഥാനാര്‍ഥിയാക്കി കേന്ദ്രമന്ത്രിയാക്കുമെന്ന മോദിയുടെ ഗ്യാരന്റി പഴയ ചാക്കിനേക്കാള്‍  വിലകുറഞ്ഞതായെന്നു സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 

ഇത്തരത്തില്‍ ഒരിക്കലും നടക്കാത്ത മോദിയുടെ ഗ്യാരന്റികള്‍ ചത്തുമലച്ചു കിടക്കുകയാണ്. ഇന്ത്യയിലെ മുഴുവന്‍ കള്ളപ്പണവും പിടിച്ചെടുക്കുമെന്ന മോദി ഗ്യാരന്റിയുടെ ബാക്കിപത്രമാണ് ഇലക്ടറല്‍ ബോണ്ടുകള്‍. കള്ളപ്പണത്തെ എസ് ബി ഐ വഴി വെള്ളപൂശി ബി ജെ പിയുടെ അക്കൗണ്ടിലേക്കെത്തിക്കുന്ന ഏറ്റവും നാണംകെട്ട മന്ത്രവിദ്യയാണിത്.  

ബി ജെ പിക്കും കേരളത്തിലെ കോണ്‍ഗ്രസിനും നിരാശയുടെ ഹാലിളക്കമാണ്. ഇരു കൂട്ടരെയും നയിക്കുന്ന മൗലിക രാഷ്ട്രീയം ഇടതുപക്ഷ വിരോധമാണ്. ബി ജെ പിയും കോണ്‍ഗ്രസും സ്വാഭാവിക സഖ്യത്തിന് ശ്രമിക്കുകയാണ്. ബി ജെ പി ബന്ധം കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ത്തു. ഇന്ത്യാസഖ്യം രൂപം കൊണ്ടെങ്കിലും അതിന്റെ ആശയവും രാഷ്ട്രീയവും ഉള്‍ക്കൊണ്ടു മുന്നോട്ടുപോകുന്നതില്‍ വന്‍ വീഴ്ചയാണ് കോണ്‍ഗ്രസിനുണ്ടായത്. ദൂരക്കാഴ്ചയില്ലാത്ത കോണ്‍ഗ്രസിന്റെ പിടിവാശിയാണ് ഛത്തീസ്ഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ബി ജെ പിയെ വിജയിപ്പിച്ചത്. 

മോദി ഭരണത്തില്‍ ക്രിസ്ത്യന്‍, മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് ഒരിക്കലും നീതി കിട്ടില്ല. അതിനുദാഹരണമാണ് മണി
പ്പുര്‍ ഇപ്പോഴും യുദ്ധക്കളമായി തുടരുന്നത്. പിറന്ന നാട്ടില്‍ ജനങ്ങളെ അഭയാര്‍ഥികളാക്കുകയാണു മോദി. പാവപ്പെട്ടവരുടെ കൂടെയാണ് ഇടതുപക്ഷം. അതാണ് എല്‍ ഡി എഫ് നല്‍കുന്ന നൂറു ശതമാനം ഗ്യാരന്റിയെന്നും ബിനോയ് വിശ്വം പറഞ്ഞു. 

മന്ത്രി കെ. രാജന്‍, സി. പി. ഐ ജില്ലാ സെക്രട്ടറി കെ. കെ. വത്സരാജ് എന്നിവരും പങ്കെടുത്തു.

Latest News