കോഴിക്കോട്- പ്രളയക്കെടുതിയിൽ വീട് ഭാഗികമായി നഷ്ടപ്പെട്ട 1000 കുടുംബങ്ങൾക്ക് വീടുകൾ അറ്റകുറ്റപ്പണികൾ തീർത്ത് വാസയോഗ്യമാക്കിക്കൊടുക്കുമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.
സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, കേരള മുസ്‌ലിം ജമാഅത്ത് എന്നീ സംഘടനകളുടെ കീഴിൽ എസ്.എസ്.എഫ്, എസ്.എം.എ, എസ്.ജെ.എം എന്നീ ഘടകങ്ങളുടെ സഹകരണത്തോടെയാണ് വീട് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടാം ഘട്ടം 50 ലക്ഷം രൂപ കൂടി മുഖ്യമന്ത്രിയെ ഏൽപ്പിക്കുമെന്നും കാന്തപുരം കോഴിക്കോട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മൂന്ന് ഘട്ടങ്ങളിലായാണ് ദുരിത ബാധിത മേഖലകളിൽ എസ്.വൈ.എസ് സാന്ത്വന പ്രവർത്തനങ്ങൾ നടത്തുന്നത്.
കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകൾ, ആശുപത്രികൾ, സാന്ത്വന കേന്ദ്രങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എസ്.വൈ.എസ് സാന്ത്വനം വളണ്ടിയർമാരാണ് പ്രതിസന്ധി നിറഞ്ഞ ഓരോ ഘട്ടത്തിലും നിർണായക സേവനങ്ങളിൽ ഏർപ്പെട്ടത്.
ഈ പ്രതിസന്ധി ഘട്ടത്തിൽ എല്ലാ ഭിന്നതകളും മറന്ന് കേരള ജനതയും ലോകത്തുള്ള മുഴുവൻ മലയാളികളും കേരളത്തിന്റെ പുനർനിർമാണ പ്രക്രിയയിൽ ഒന്നിച്ച് നിൽക്കണമെന്നും കാന്തപുരം പറഞ്ഞു.
മൂന്നാം ഘട്ടത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾക്കാണ് പ്രസ്ഥാനം ഊന്നൽ നൽകുന്നത്. സർക്കാരുമായി സഹകരിച്ച് ഏറ്റവും പിന്നോക്കം നിൽക്കുന്ന 1000 കുടുംബങ്ങളുടെ വീടുകൾ അറ്റകുറ്റപ്പണികൾ തീർത്ത് വാസയോഗ്യമാക്കും. ഇതിനുള്ള പ്രാഥമിക സർവേ പൂർത്തിയായിട്ടുണ്ട്. ജില്ലാ ഭരണകൂടങ്ങളുടെ നിർദേശങ്ങൾ കൂടി കണക്കിലെടുത്തായിരിക്കും നവീകരണ പ്രവർത്തനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്താ സമ്മേളനത്തിൽ സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി, എൻ.അലി അബ്ദുല്ല, എസ്.ശറഫുദ്ദീൻ എന്നിവരും പങ്കെടുത്തു.