ജിദ്ദ - ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജിദ്ദ നവോദയയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു.
ഇന്ത്യ ഭരിച്ചുകൊണ്ടിരിക്കുന്ന മോഡി സര്‍ക്കാര്‍ ഭരണഘടനവരെ തിരുത്തി ഇന്ത്യയെ ഒരു മതരാഷ്ട്രമാകാനും, മത തീവ്രവാദികളെ കൊണ്ട് രാജ്യത്തെ ന്യുനപക്ഷങ്ങളെയും, അവര്‍ണ സമൂഹത്തെയും അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ ഇല്ലാതാക്കാന്‍ ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ഥികള്‍ വിജയിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഷിബു തിരുവനന്തപുരം ചൂണ്ടിക്കാട്ടി.
കണ്‍വെന്‍ഷനില്‍ നവോദയ പ്രസിഡന്റ് കിസ്മത് മമ്പാട് അദ്ധ്യക്ഷത വഹിച്ചു.
രാജ്യത്തേയും മതനിരപേക്ഷതയേയും, ജനാധിപത്യത്തേയും സംരക്ഷിക്കുക എന്നതാണ് പരമ പ്രധാനമെന്നും , ഭരണഘടന ഉറപ്പ് നല്‍കുന്ന നീതിയും സാമൂഹിക, സാമ്പത്തിക രാഷ്ട്രീയ തുല്യതയുമെല്ലാം ഇല്ലാതാക്കപെടുന്ന സാഹചര്യത്തില്‍ ആസന്നമായ പൊതു തിരഞ്ഞെടുപ്പിലൂടെ ഇടത് ജനാധിപത്യ മതനിരപേക്ഷ ശക്തികള്‍ക്ക് മുന്‍തൂക്കമുള്ള സംവിധാനത്തെ അധികാരത്തിലെത്തിക്കുവാന്‍ പ്രവാസി സമൂഹം ഒറ്റകെട്ടായി പ്രവര്‍ത്തിക്കണമെന്ന് കിസ്മത് മമ്പാട് പറഞ്ഞു.
നവോദയ ജനറല്‍സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര വടക്കന്‍ മേഖല, മധ്യ മേഖല, തെക്കന്‍ മേഖല എന്നിങ്ങനെ ഇരുപതു മണ്ഡലങ്ങളെ വിഭജിച്ചു കൊണ്ട് മൂന്നു കണ്‍വീനര്‍മാരെയും, ഇരുപതു മണ്ഡലങ്ങള്‍ക്കുള്ള ഇരുപതു കണ്‍വീനര്‍മാരെയും യോഗത്തില്‍ പ്രഖ്യാപിച്ചു.
കേന്ദ്ര ട്രഷറര്‍ സി എം അബ്ദുറഹ്മാന്‍ സ്വാഗതവും രക്ഷാധികാരി സമിതി അംഗം മുഹമ്മദ് മേലാറ്റൂര്‍ നന്ദിയും പറഞ്ഞു.