2.50 ഏക്കര്‍ ഭൂമിയുടെ പട്ടയം ഉപയോഗിച്ച് 3.46 ഏക്കര്‍ ഭൂമിക്ക് പ്രമാണമുണ്ടാക്കി; വന്‍ രജിസ്‌ട്രേഷന്‍ തട്ടിപ്പ് പുറത്ത് വന്നേക്കും

കാസര്‍കോട്- അഡൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ കാറഡുക്ക നെച്ചിപ്പടപ്പിലെ ടി. മാധവയെ ഭൂമി കച്ചവടത്തിന് പിന്നാലെ കബളിപ്പിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നാല്‍ വ്യാജ ഭൂമി രജിസ്‌ട്രേഷന്‍ തട്ടിപ്പ് കഥകള്‍ പുറത്തുവന്നേക്കും. ഇതിനുമുമ്പ് നടന്ന അന്വേഷണങ്ങള്‍ മുഴുവന്‍ ബാഹ്യ ഇടപെടലുകളും സമ്മര്‍ദ്ദങ്ങളും ഉണ്ടായതിനെ തുടര്‍ന്ന് നിലച്ചു പോയത് ഇതിലേക്കാണ് വെളിച്ചം വീശുന്നത്. 

ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ സ്ഥലം വില്ലേജ് ഓഫീസര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുകയും വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് രജിസ്‌ട്രേഷന് നല്‍കിയ പരാതിയില്‍ കാസര്‍കോട് ജില്ലാ രജിസ്ട്രാര്‍ അന്വേഷണം നടത്തി സത്യാവസ്ഥ ബോധ്യപ്പെടുകയും ചെയ്തിട്ടും പട്ടയത്തില്‍പെടാത്ത ഭൂമിക്ക് ആധാരം ഉണ്ടാക്കാന്‍ കൂട്ടുനിന്ന അധികാരികള്‍ക്കെതിരെയോ ഒരുതവണ വിറ്റ സ്ഥലത്തിന് അഞ്ച് സെന്റ് കൂട്ടി വീണ്ടും പ്രമാണം രജിസ്റ്റര്‍ ചെയ്ത സ്ത്രീയുടെ പേരിലോ ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. 

സ്ഥലത്തെ ഭൂമി രജിസ്‌ട്രേഷനുകള്‍ നിയന്ത്രിക്കുന്ന ഭൂമാഫിയ, റിയല്‍ എസ്റ്റേറ്റ് സംഘത്തിന്റെ വലിയ സമ്മര്‍ദ്ദം ഇതിന് പിന്നിലുണ്ട്. പോലീസ് ഉദ്യോഗസ്ഥരിലും കുറ്റക്കാരെ രക്ഷിക്കാന്‍ ഈ ലോബി ഇടപെട്ടിട്ടുണ്ടെന്ന് തെളിയുകയാണ്. 2.50 ഏക്കര്‍ ഭൂമി ഉണ്ടായിരുന്ന സ്ത്രീയും മകളും അതിന്റെ പട്ടയം ഉപയോഗിച്ച് 1.16 ഏക്കര്‍ ഭൂമി കൂടി പ്രമാണം ചെയ്തിട്ടുണ്ട്. ഇതില്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയും ദേവസ്വം ഭൂമിയും ഉള്‍പ്പെടുമെന്ന് പറയുന്നു. പട്ടയത്തില്‍ ഇല്ലാത്ത 25 സെന്റ്  സ്ഥലം രജിസ്റ്റര്‍ ചെയ്ത് നല്‍കി മാധവയില്‍ നിന്ന് 12.5 ലക്ഷം വാങ്ങിയത് 2016ല്‍ ആയിരുന്നു. ഇതിലെ ചതി വെളിപ്പെട്ടതൊടെ അധ്യാപകനെ കള്ളക്കേസില്‍ കൊടുക്കാനുള്ള ശ്രമമുണ്ടായി.

സ്ഥലം അധ്യാപകന്‍ കയ്യേറി എന്ന് ആരോപിച്ചാണ് പോലീസില്‍ പരാതി നല്‍കിയത്. സത്യാവസ്ഥ ബോധ്യപ്പെട്ടതോടെ ആ നീക്കം ചീറ്റിപ്പോയി. എന്റെ വീടും സ്ഥലവും കയ്യേറാന്‍ ശ്രമിക്കുന്നു എന്നായിരുന്നു പിന്നീട് പരാതി. വനിതാ സെല്ലിലും ഡിവൈ. എസ്. പിക്കും കാസര്‍കോട് ഡി. ഡി. ഇക്കും വരെ പരാതി നല്‍കി തന്നെയും കുടുംബത്തെയും ബുദ്ധിമുട്ടിക്കാന്‍ ശ്രമിച്ചുവെന്ന് അദ്ധ്യാപകന്‍ ടി. മാധവ പറയുന്നു.

Latest News