പത്തനംതിട്ട- ഇ.പി ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ചന്ദ്രശേഖറിന്റെ കമ്പനിയായ നിരാമയ റിട്രീറ്റ്‌സും ഇ.പിയുടെ കുടുംബാംഗങ്ങള്‍ക്ക് ബന്ധമുള്ള വൈദേകം റിസോര്‍ട്ടും തമ്മില്‍ ബിസിനസ് പങ്കാളിത്തമുണ്ട്. ഇരുവരും നേരില്‍ കണ്ടിട്ടില്ല എന്നത് അപ്രസക്തമാണ്. ഇ.പിയുടെ കുടുംബാംഗങ്ങള്‍ നിരാമയ ഉടമകളുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ അടക്കമുണ്ട്. ഇ.പി തനിക്കെതിരെ കേസ് കൊടുക്കുകയാണെങ്കില്‍ തെളിവുകള്‍ പുറത്തുവിടാമെന്നും വി.ഡി സതീശന്‍ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് ബി.ജെ.പിയെ ഭയമാണ്. അതുകൊണ്ടുതന്നെയാണ് എല്‍.ഡി.എഫ് കണ്‍വീനറെ ഉപയോഗിച്ച് ബി.ജെ.പി അനുകൂല പ്രസ്താവനകള്‍ നടത്തുന്നത്. ഇ.പി പിണറായിയുടെ ഉപകരണമാണ്. തിരുവനന്തപുരത്തെ ബി.ജെ.പി നേതാക്കള്‍ നല്ലവരാണെന്ന ഇ.പിയുടെ പ്രസ്താവന കെ.സുരേന്ദ്രന്‍ വരെ അഭിനന്ദിച്ചിരുന്നു. സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ പണ്ട് അന്തര്‍ധാര മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരുമിച്ച് ബിസിനസ് നടത്തുന്ന രീതിയിലേക്ക് ബന്ധങ്ങള്‍ വളര്‍ന്നു. മാസപ്പടി വിഷയത്തില്‍ അഞ്ച് ചോദ്യങ്ങള്‍ ഉന്നയിച്ചതില്‍ ഒന്നിലെങ്കിലും മുഖ്യമന്ത്രി മറുപടി പറയണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്ന് വിഡി സതീശന്‍ ആരോപിച്ചത്. രാജീവ് ചന്ദ്രശേഖറിനെ ഫോണില്‍ പോലും ഇതുവരെ ബന്ധപ്പെട്ടിട്ടില്ല എന്നായിരുന്നു ഇ.പിയുടെ വാദം. ഇ.പി ജയരാജനെ കണ്ടിട്ടില്ലെന്നും ബന്ധം ഉണ്ടെന്ന് പറഞ്ഞത് ഭാവന മാത്രമെന്നും രാജീവ് ചന്ദ്രശേഖറും പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വി.ഡി സതീശന്റെ മറുപടി.