കല്‍പറ്റ- ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വീണ്ടും ജനവിധി തേടുന്ന വയനാട് മണ്ഡലത്തില്‍ യു. ഡി. എഫ് നേരിടുന്നത് വലിയ വെല്ലുവിളി. 2019ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ച ഭൂരിപക്ഷം നിലനിര്‍ത്തുക എന്നതാണ് മണ്ഡലത്തില്‍ മുന്നണി അഭിമുഖീകരിക്കുന്ന മുഖ്യ വെല്ലുവിളിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 4,31,063 വോട്ടിന്റെ ഭൂരിപക്ഷമാണ് വയനാട് മണ്ഡലം രാഹുല്‍ ഗാന്ധിക്കു സമ്മാനിച്ചത്. പോള്‍ ചെയ്തതില്‍ സാധുവായ 10,87,783 വോട്ടില്‍ 7,05,034 എണ്ണം കൈപ്പത്തി അടയാളത്തില്‍ വീണു. 64.8 ശതമാനം വോട്ട് വിഹിതമാണ് രാഹുല്‍ ഗാന്ധി സ്വന്തമാക്കിയത്. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി സി. പി. ഐയിലെ പി. പി. സുനീറിനു 2,73,971 വോട്ടാണ് നേടാനായത്. 25.2 ശതമാനമായിരുന്നു എല്‍. ഡി. എഫിന്റെ വോട്ട് വിഹിതം. എന്‍. ഡി. എയ്ക്കുവേണ്ടി കളത്തിലിറങ്ങിയ ബി. ഡി. ജെ. എസിലെ തുഷാര്‍ വെള്ളാപ്പള്ളിക്കു 78,590 വോട്ടാണ് ലഭിച്ചത്. 7.2 ശതമാനമായിരുന്നു എന്‍.ഡി.എ വോട്ട് വിഹിതം.
ഇത്തവണ മണ്ഡലത്തില്‍ കരുത്തയായ വനിതാ നേതാവിനെയാണ് രാഹുല്‍ഗാന്ധി നേരിടേണ്ടത്. സി. പി. ഐ ദേശീയ നിര്‍വാഹക സമിതിയംഗവും നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍ ജനറല്‍ സെക്രട്ടറിയുമായ ആനി രാജയാണ് എല്‍. ഡി. എഫിനുവേണ്ടി അങ്കത്തട്ടില്‍. സ്ത്രീ സമൂഹം നേരിടുന്ന അനീതികള്‍ക്കും അരുതായ്മകള്‍ക്കുമെതിരെ ശബ്ദിച്ചും പ്രവര്‍ത്തിച്ചും ദേശീയതലത്തില്‍ ശ്രദ്ധനേടിയ വനിതയാണ് കണ്ണൂരിന്റെ മണ്ണില്‍ രാഷ്ടീയം പഠിച്ച ആനി രാജ. സി. പി .ഐ ദേശീയ സെക്രട്ടറി ഡി. രാജയുടെ ഭാര്യയുമാണ് അവര്‍.
ദേശീയതലത്തില്‍ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ സി. പി. ഐയുടെ മുതിര്‍ന്ന നേതാവ് വയനാട് മണ്ഡലത്തില്‍ രാഹുല്‍ഗാന്ധിയെ നേരിടുന്ന സാഹചര്യം കോണ്‍ഗ്രസും മുസ്ലിംലീഗും ഉള്‍പ്പെടെ യു. ഡി. എഫ് ഘടക കക്ഷികള്‍ ഗൗരവത്തോടെയാണ് കാണുന്നത്. 2019ലെ അതേ പകിട്ടോടെ രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ വീണ്ടും എത്തിക്കാന്‍ ക്ലേശിക്കേണ്ടിവരുമെന്ന് അവര്‍ കരുതുന്നു.
വയനാട്ടിലെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് നിയോജകമണ്ഡലങ്ങള്‍ ചേരുന്നതാണ് വയനാട് പാര്‍ലമെന്റ് മണ്ഡലം. ഏഴ് നിയോജക മണ്ഡലങ്ങളിലും 2019 തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥികളേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു രാഹുല്‍ഗാന്ധി.
മാനന്തവാടിയില്‍ യു. ഡി. എഫ് 93,237 വോട്ട് നേടിയപ്പോള്‍ എല്‍. ഡി. എഫിനു 38,606 ഉം എന്‍. ഡി. എയ്ക്കു 17,602 ഉം വോട്ടാണ് ലഭിച്ചത്. കല്‍പറ്റയില്‍ രാഹുല്‍ഗാന്ധി- 1,01,229, പി. പി. സുനീര്‍- 37,475, തുഷാര്‍ വെള്ളാപ്പള്ളി- 14,122 എന്നിങ്ങനെയാണ് വോട്ട് വീണത്. സുല്‍ത്താന്‍ ബത്തേരിയില്‍ യു. ഡി. എഫ് 1,10,697 വോട്ട് പിടിച്ചപ്പോള്‍ എല്‍. ഡി. എഫിനു 40,232 ഉം എന്‍. ഡി. എയ്ക്കു 17,602 ഉം വോട്ടാണ് കിട്ടിയത്.
തിരുവമ്പാടിയില്‍ രാഹുല്‍ഗാന്ധി- 91,152, പി. പി. സുനീര്‍- 36,681, തുഷാര്‍ വെള്ളാപ്പള്ളി- 7,767 എന്നിങ്ങനെയായിരുന്നു വോട്ടുനില. ഏറനാടില്‍ യു. ഡി. എഫ്-92,909, എല്‍. ഡി. എഫ്-36,382, എന്‍. ഡി. എ- 6,133 എന്നിങ്ങനെയാണ് മുന്നണികള്‍ വോട്ട് പിടിച്ചത്. നിലമ്പൂരില്‍ യു. ഡി. എഫ് 1,03,862 വോട്ട് നേടിയപ്പോള്‍ എല്‍. ഡി. എഫിന് 42,393 വോട്ടാണ് പിടിക്കാനായത്. എന്‍. ഡി. എ 10,749 വോട്ട് നേടി. വണ്ടൂരില്‍ രാഹുല്‍ഗാന്ധി- 1,11,948, സുനീര്‍- 42,393, തുഷാര്‍-8,301 എന്നിങ്ങനെയാണ് വോട്ട് ലഭിച്ചത്.
2019ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളില്‍ മൂന്ന് എണ്ണം യു. ഡി. എഫിനെ കൈവിട്ടു. മാനന്തവാടിയില്‍ സി. പി. എമ്മിലെ ഒ. ആര്‍. കേളവും തിരുവമ്പാടിയില്‍ ഇതേ പാര്‍ട്ടിയിലെ ലിന്റോ ജോസഫും ജയിച്ചുകയറി. നിലമ്പൂര്‍ മണ്ഡലത്തില്‍നിന്നു എല്‍. ഡി. എഫ് സ്വതന്ത്രന്‍ പി. വി. അന്‍വറിനെയാണ് വോട്ടര്‍മാര്‍ നിയമസഭയില്‍ എത്തിച്ചത്.
സുല്‍ത്താന്‍ ബത്തേിയില്‍ കോണ്‍ഗ്രസിലെ ഐ. സി. ബാലകൃഷ്ണനും കല്‍പറ്റയില്‍ കോണ്‍ഗ്രസിലെ അഡ്വ. ടി. സിദ്ദീഖിനും ഏറനാടില്‍ മുസ്ലിം ലീഗിലെ പി. കെ. ബഷീറിനും വണ്ടൂരില്‍ കോണ്‍ഗ്രസിലെ എ. പി. അനില്‍കുമാറിനും ഒപ്പമായിരുന്നു വിജയം.
മാനന്തവാടി (എല്‍. ഡി. എഫ്-72,536, യു. ഡി. എഫ്- 63,254 എന്‍. ഡി. എ-13,142), സുല്‍ത്താന്‍ ബത്തേരി (യു. ഡി. എഫ്-81,077, എല്‍. ഡി. എഫ്- 69,255, എന്‍. ഡി. എ-15,198), കല്‍പറ്റ (യു. ഡി. എഫ്- 70,252, എല്‍. ഡി. എഫ്- 64,782, എന്‍. ഡി. എ- 14,113), തിരുവമ്പാടി (എല്‍. ഡി. എഫ്- 67,867, യു. ഡി. എഫ്- 63,224, എന്‍. ഡി. എ-7,794), എറനാട് (യു. ഡി. എഫ്- 78,076, എല്‍. ഡി. എഫ്-55,530, എന്‍.ഡി.എ- 6,683), നിലമ്പൂര്‍ (എല്‍. ഡി. എഫ്- 81,227, യു. ഡി. എഫ്- 78,527, എന്‍. ഡി. എ-8,595), വണ്ടൂര്‍ (യു. ഡി. എഫ്- 87,415, എല്‍. ഡി. എഫ്- 71,852, എന്‍. ഡി. എ-7,057) എന്നിങ്ങനെയായിരുന്നു വോട്ടുനില.
വണ്ടൂരില്‍ 15,563ഉം ഏറനാട് 22,456ഉം കല്‍പറ്റയില്‍ 5470ഉം സുല്‍ത്താന്‍ബത്തേരിയില്‍ 11,822ഉം വോട്ട് ഭൂരിപക്ഷമാണ് യു. ഡി. എഫിന് ലഭിച്ചത്. മാനന്തവാടിയില്‍ 9282ഉം തിരുവമ്പാടിയില്‍ 4643ഉം നിലമ്പൂരില്‍ 2,700ഉം വോട്ടായിരുന്നു എല്‍. ഡി. എഫിനു ഭൂരിപക്ഷം.
ഏഴ് നിയോജക മണ്ഡലങ്ങളിലും രാഹുല്‍ഗാന്ധിക്കു ലഭിക്കുന്ന വോട്ട് ശതമാനം 2019ല്‍നിന്ന് ഒട്ടും കുറയാതിരിക്കുന്നതിനുള്ള തന്ത്രങ്ങളാണ് യു. ഡി. എഫ് മെനയുന്നത്. എതിരാളി ആരായാലും രാഹുല്‍ഗാന്ധിയുടെ വിജയം ഉറപ്പാണെന്ന വിചാരം മാറ്റിവച്ച് എല്ലാ മണ്ഡലങ്ങളിലും ബൂത്തുതലത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ യു ഡി എഫ് നേതൃത്വം അണികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.